ആറ്റിക്കുറുക്കിയ കവിതകളുടെ ആറ്റൂര്‍...
ഇരുകരമുട്ടിയൊഴുകിയിരുന്ന ഭാരതപ്പുഴയുടെ അക്കരെയായിരുന്നു രവിവർമ്മയുടെ അച്ഛന്റെ ഇല്ലം. നടന്നു തന്നെ വേണം പോവാൻ നാഴികകൾ ദൂരം. കുഞ്ഞുങ്ങൾക്ക് സവാരി ആരുടെയെങ്കിലും തോളത്തൊക്കെ സൗജന്യമാണ്. അങ്ങനെ പുഴ കാര്യമായി സ്വാധീനിച്ച ഒരു ബാല്യം.
"കൊച്ചിശ്ശീമയിൽ തലപ്പിള്ളി താലൂക്കിന്റെ വക്കത്താണ് ആറ്റൂർ. മൂന്നു നാഴിക നടന്നാൽ ഭാരതപ്പുഴ. പിന്നെ, ബ്രിട്ടീഷ് മലബാർ ആയി. അന്തിമാളന്റെ നാട്ടിലാണ് ദൈവികമാപ്പിൽ. അഞ്ചലാപ്പീസ്, പള്ളിക്കൂടം, കള്ളുഷാപ്പ്, ഇറച്ചിക്കട ഒന്നും ഞങ്ങളുടെ നാട്ടിലില്ല. ആലുകളാണ് ദേശത്തെ വലിയ മരങ്ങൾ. നാലുദിക്കിലുമുണ്ട്. ഒരു വലിയ ആലായിരുന്നു എന്റെ വീട്ടിന്റെ വഴിയടയാളം. വെട്ടുവഴിക്കുവേണ്ടി അതുവെട്ടി. പദത്തിന്റെ വക്കത്താണ് എന്റെ വീട്. മുകളിലെ മുറിയിലിരുന്ന് നോക്കിയാൽ വേലിക്കപ്പുറത്ത് ഇളംപച്ചപ്പാടം. അതിനു നടുക്ക് ഒലിച്ചുകൊണ്ടിരിക്കുന്ന തോട്. വെള്ളത്തിന്റെ നേർത്ത ഒലി. പിന്നിൽ പച്ചമല, പവിഴമല..."
- ആറ്റൂർ കവിതകളുടെ സമാഹാരത്തിൽ അദ്ദേഹം ഇങ്ങനെ തന്റെ നാടിനെ വർണ്ണിക്കുന്നുണ്ട്. അദ്ദേഹത്തിന് ലോകത്തിലേറ്റവും ഇഷ്ടപ്പെട്ട ഇടവും ആറ്റൂർ തന്നെയാണ്. അലരി പൂക്കുന്ന കാവുകളുള്ള ഒരുൾനാടൻ ഗ്രാമമാണ് അത്. ആ ഒരു ഭൂമികയുടെ ഓർമയെ തന്റെ കവിതകളോട് ബന്ധിപ്പിച്ചു നിർത്തിയ ആറ്റൂർ രവിവർമ്മ ഇനിയില്ല. നമുക്ക് ഓർത്തു ചൊല്ലാൻ ഇനി അദ്ദേഹത്തിന്റെ ഒരുപിടി നല്ല കവിതകളും, അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളും മാത്രം.
ആധുനിക ഇന്ത്യൻ ഭാഷാകവികളിൽ പ്രമുഖനായിരുന്നു ആറ്റൂർ രവിവർമ്മ. 1930 -ൽ തെക്കൻ മലബാറിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ മടങ്ങർളി കൃഷ്ണൻ നമ്പൂതിരിയുടെയും ആലുക്കൽ മഠത്തിൽ അമ്മിണിയമ്മയുടെയും മകനായി ജനിച്ച രവിവർമ, ജന്മനാട്ടിലെയും അയല്‍ ഗ്രാമങ്ങളിലെ സ്‌കൂളുകളിൽ പഠിച്ചുവളർന്നു. താർക്കികനായിരുന്ന ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ സഹപാഠിയായിരുന്നു രവിവർമ്മയുടെ മുത്തശ്ശൻ. ആശാൻ, വള്ളത്തോൾ തുടങ്ങിയവരെപ്പറ്റിയും മലയാളസാഹിത്യത്തിലെ പുതുരീതികളെപ്പറ്റിയും ഒക്കെ തറവാട്ടിൽ അവർ ചർച്ചചെയ്യുന്നതും തർക്കിക്കുന്നതും മറ്റും കണ്ടുകൊണ്ടാണ് രവിവർമ്മയുടെ ബാല്യം പിന്നിടുന്നത്. അച്ഛൻ ശില്പത്തിലും വാദ്യത്തിലും ഒക്കെ തികഞ്ഞ അഭിരുചി പ്രകടിപ്പിച്ച ആളായിരുന്നു. ഒരു മൃദംഗ വിദ്വാൻ. ഒക്കെയും രവിവർമ്മയെ അറിയാതെ സ്വാധീനിച്ചിട്ടുണ്ടത്രെ.
ഇരുകരമുട്ടിയൊഴുകിയിരുന്ന ഭാരതപ്പുഴയുടെ അക്കരെയായിരുന്നു രവിവർമ്മയുടെ അച്ഛന്റെ ഇല്ലം. നടന്നു തന്നെ വേണം പോവാൻ നാഴികകൾ ദൂരം. കുഞ്ഞുങ്ങൾക്ക് സവാരി ആരുടെയെങ്കിലും തോളത്തൊക്കെ സൗജന്യമാണ്. അങ്ങനെ പുഴ കാര്യമായി സ്വാധീനിച്ച ഒരു ബാല്യം. സ്‌കൂളിലേക്കുള്ള നടത്തങ്ങൾക്കിടയിൽ കൈവന്നതാണ് ആദ്യത്തെ സാഹിത്യബന്ധം. പിൽക്കാലത്ത് നാടകകൃത്തും കാർട്ടൂണിസ്റ്റുമായിരുന്ന തുപ്പേട്ടൻ എന്ന സുബ്രഹ്മണ്യൻ നമ്പൂതിരിയെ പരിചയപ്പെടുന്നതും നാടകങ്ങളുമായി സഹകരിക്കുന്നതും. അക്കാലത്താണ് കൽക്കത്ത തിസീസ് വരുന്നതും കമ്യൂണിസത്തിന്റെ വഴിയിലൂടെയും നടന്നു കുറച്ചുകാലം. അക്കാലത്തതൊന്നും കവിയല്ല, ആറ്റൂർ. ജീവിതത്തിൽ ചെയ്യാൻ കൊതിച്ച പലതിലൊന്നുമാത്രം കവിത.
അമ്പതുകളുടെ തുടക്കത്തിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ മലയാളം ബിഎ ഓണേഴ്‌സിന് ചേർന്നു പഠിക്കാനെത്തുന്നതാണ് ആറ്റൂരിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ്. 1952 -ൽ അന്നത്തെ 'ദ മാതൃഭൂമി ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലി'യിൽ ആറ്റൂർ രവി എന്നപേരിൽ അച്ചടിച്ചുവന്നു ആദ്യകവിതകളിലൊന്നായ 'കേരളത്തിന്റെ മകൻ'.
"വന്നു നിൽക്കുന്നു തീവണ്ടി, വീണ്ടും
മുന്നിലേക്കേ കുതിക്കാനായി
എഞ്ചിനുള്ളിൽ ചുകന്ന നാളങ്ങൾ
വൻചിത പോൽ എരിഞ്ഞുമറിഞ്ഞു.
നിൽക്കയാണയാൾ,
ചൂളം വിളിച്ചു നിൽപ്പുവണ്ടി വിളിക്കുന്നു തന്നെ.."
ഈ കവിതയിൽ നിന്നും ആറ്റൂർ രവി എന്ന കവി ഏറെ മുന്നോട്ടുപോയി. പിൽക്കാലത്ത് ഈ കവിത വായിച്ച് സുഹൃത്തുക്കൾ പലരും പറഞ്ഞു, "ഇത് രവിയുടെ കവിതയല്ല. രവി ഇങ്ങനെയൊന്നും എഴുതില്ലല്ലോ..." അത്രയ്ക്ക് മാറി അദ്ദേഹത്തിന്റെ കവിത അവിടെ നിന്നും.
കവികളിൽ ആർ രാമചന്ദ്രൻ ആയിരുന്നു പ്രകൃതത്താൽ ആറ്റൂരിന്റെ ഗുരുസ്ഥാനീയൻ. "എന്നിരുട്ടുകൾ വീഴ്ത്തും മിന്നൽക്കാമ്പുപോലെ താങ്കൾ" എന്ന് ആറ്റൂർ എഴുതിയത് അദ്ദേഹത്തെപ്പറ്റിയാവും എന്ന് കവി രാമൻ പറയുകയുണ്ടായി ഒരിക്കൽ. പി കുഞ്ഞിരാമൻ നായർ തകർത്തെഴുതിയിരുന്ന കാലമായിരുന്നതിനാൽ ആ കവിതകളിൽ അഭിരമിച്ചു ആറ്റൂർ തന്‍റെ എഴുത്തിലെ ശൈശവത്തിൽ. ഒരുതരി സ്നേഹം കൂടുതൽ അതിനോടുതന്നെ ആയിരുന്നു. ''മേഘരൂപന്റെ ഗോത്രത്തില്‍ ബാക്കിയായവന്‍. കേമന്‍മാരോമനിച്ചാലും ചെവിവട്ടം പിടിക്കുന്നവന്‍'' എന്നദ്ദേഹം പി -യെപ്പറ്റി എഴുതി.
1954 -ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ അധ്യാപകനായി ചേരുന്നു. അവിടെ ആറ്റൂർ രവിവർമ എന്ന യുവകവിയിലേക്കുള്ള പരിണാമവും തുടങ്ങുന്നു. മദിരാശിക്കാലത്താണ് ആറ്റൂർ രവിവർമ എം ഗോവിന്ദനുമായി സമ്പർക്കം പുലർത്തുന്നത്. അത് അദ്ദേഹത്തിനുമുന്നിൽ അറിവിന്റെ മറ്റൊരു വിശാലലോകം തന്നെ തുറന്നിട്ടുകൊടുത്തു. അന്ന് ഗോവിന്ദൻ സമീക്ഷ എന്നൊരു മാസിക നടത്തിയിരുന്നു. പിന്നീടായിരുന്നു കെജി ശങ്കരപ്പിള്ളയും കെ സച്ചിദാനന്ദനും ഒത്തുള്ള പട്ടാമ്പിക്കോളേജ് കാലം. സജീവമായ വിവിധഭാഷകളിലെ കവിതകളുടെ പരസ്പര്യങ്ങൾ മിഴിവേകിയ ശില്പശാലകളുടെയും സാഹിത്യ ക്യാമ്പുകളുടെയും മറ്റും കാലം കോളേജിനേകിയത് അവിടെ അധ്യാപകനായിരുന്ന രവി വർമ്മയായിരുന്നു.
താമസിയാതെ അടിയന്തരാവസ്ഥ കടന്നുവരുന്നു. കവികൾ വീട്ടുതടങ്കലിൽ ആകുന്നു. കവിതകളിൽ അതൊക്കെ പ്രതിഫലിക്കുന്നു. ബി രാജീവൻ നടത്തിപ്പോന്നിരുന്ന പ്രേരണ മാസികയിൽ ആറ്റൂരിന്റെ മുഖചിത്രത്തോടെ ഒരു ലക്കം ഇറങ്ങി. അതിൽ ആറ്റൂരുമായി ഉദയകുമാർ അഭിമുഖം നടത്തി. സുദീർഘമായ സംഭാഷണം.
ഏതാണ്ട് അക്കാലത്താണ് ആറ്റൂർ രവിവർമ്മ 'സംക്രമണം' എഴുതുന്നത്,
" പുറപ്പെട്ടേടത്താണ്,
ഒരായിരം കാതം അവൾ നടന്നിട്ടും..
കുനിഞ്ഞു വീഴുന്നുണ്ട്,
ഒരായിരം വട്ടം നിവർന്നു നിന്നിട്ടും...
ഉണർന്നിട്ടില്ലവൾ,
ഒരായിരം നെഞ്ചിൽ ചവിട്ടുകൊണ്ടിട്ടും..
ഒരു കുറ്റിച്ചൂല്, ഒരു നാറത്തേപ്പ്,
ഞണുങ്ങിയ വക്കാർന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടിമണ്ണവൾ..!" -എന്ന് ആറ്റൂർ എഴുതി.
ആധുനിക തമിഴ് സാഹിത്യത്തെ മലയാളത്തിലേക്ക് പ്രവേശിപ്പിക്കണം എന്ന ആഗ്രഹവും അദ്ദേഹം പിൽക്കാലത്ത് പുതുനാനൂറ് എന്ന പേരിൽ തമിഴിലെ പ്രധാനകവികളെയെല്ലാം വിവർത്തനം ചെയ്തുകൊണ്ട് നിറവേറ്റുകയുണ്ടായി. സുന്ദര രാമസ്വാമിയുടെ ഒരു പുളിമരത്തിന്റെ കഥ എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് അദ്ദേഹം. മികച്ചൊരു അധ്യാപകനായിരുന്ന അദ്ദേഹം 1976 മുതൽ 1981 വരെ കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റ് മെമ്പറായിരുന്നു. സാഹിത്യഅക്കാദമിയുടെ ജനറൽ കൗൺസിലിലും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിയ്ക്ക് 1996 -ൽ കേരളസാഹിത്യ അക്കാദമി അവാർഡ് കിട്ടിയിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്കാരവും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. എഴുതുന്നതെന്തായാലും അതിൽ തികഞ്ഞ നിഷ്ഠയും ശ്രദ്ധയും പുലർത്തിയ, എന്നും ഒരു കവി എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിച്ച, എഴുതിയതൊക്കെയും ഓർത്തുവെച്ച, ആറ്റൂർ രവിവർമ്മയെ ഇഷ്ടപ്പെട്ടിരുന്ന ഒരു കൂട്ടം വായനക്കാർ എക്കാലത്തും മലയാളത്തിൽ ഉണ്ടായിരുന്നു.
(കടപ്പാട്: അന്‍വര്‍ അലി സംവിധാനം ചെയ്ത ആറ്റൂര്‍ രവി വര്‍മ്മയെ കുറിച്ചുള്ള മറുവിളി എന്ന ഡോക്യുമെന്‍ററി)