കാതടപ്പിക്കുന്ന ശബ്ദം, ഉറങ്ങാന്‍ കഴിയുന്നില്ല; ശബ്ദത്തിന്‍റെ ഉറവിടം കണ്ടെത്താനാകാതെ കുഴങ്ങി ജില്ലാ ഭരണകൂടം !
മിഡ്‌ഷിപ്പ്മാൻ ആൺ മത്സ്യങ്ങൾ ഇണയെ ആകര്‍ഷിക്കുന്നതാണ് ശബ്ദമെന്നാണ് ഒരു പക്ഷം, അപ്പോഴും ശബ്ദത്തിന്‍റെ മുഴക്കത്തില്‍ ഉറക്ക നഷ്ടപ്പെടുന്നെന്ന് നഗരവാസികള്‍ പരാതിപ്പെടുന്നു.
പെട്ടെന്ന് ഒരു ദിവസം രാത്രി ഉറക്കില്‍ ഒരു അജ്ഞാത ശബ്ദം നിങ്ങളെ തേടിയെത്തിയാൽ എന്തായിരിക്കും അവസ്ഥ? ഞെട്ടിവിറയ്ക്കും അല്ലേ? പിന്നീടുള്ള എല്ലാ രാത്രികളിലും അതേ അജ്ഞാത ശബ്ദം അതേസമയത്ത് കേൾക്കാൻ തുടങ്ങിയാലോ? അത്തരം ഒരു അവസ്ഥയിലാണ് നോർത്തേൺ അയർലണ്ടിലെ ഒരു നഗരം മുഴുവൻ. ഏതാനും നാളുകളായി ഇവിടത്തെ പ്രദേശവാസികളെ ഒരു അജ്ഞാത ശബ്ദം വേട്ടയാടുകയാണ്. അത് എന്താണെന്ന് കണ്ടെത്താൻ പ്രദേശവാസികളും പോലീസ് ഉദ്യോഗസ്ഥരും എന്തിനേറെ പറയുന്നു, സകല ഭരണ സംവിധാനങ്ങളും കിണഞ്ഞു പരിശ്രമിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും ഇതുവരെയും ശബ്ദത്തിന്‍റെ ഉറവിടം മാത്രം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
നോർത്തേൺ അയർലണ്ടിലുള്ള കൗണ്ടി ടൈറോണിലെ ഒമാഗ് നഗരവാസികളെയാണ് വിചിത്രമായ ശബ്ദം രാത്രികാലങ്ങളിൽ തുടർച്ചയായി വേട്ടയാടുന്നത്. ഒക്ടോബർ മാസത്തിന്‍റെ അവസാനത്തോടെയാണ് മുഴക്കത്തോട് കൂടിയ ഒരു ശബ്ദം ഇവിടുത്തെ പ്രദേശവാസികൾ കേട്ട് തുടങ്ങിയത്. 'മിസ്റ്ററി ഹം' (mystery hum) എന്നാണ് ഇപ്പോൾ ഇവിടുത്തുകാർ ഈ ശബ്ദത്തെ വിശേഷിപ്പിക്കുന്നത്. തുടർച്ചയായി അസഹനീയമായ ഉച്ചത്തിലുള്ള ഈ ശബ്ദം കേട്ട് തുടങ്ങിയതോടെ രാത്രികാലങ്ങളിൽ ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഒമാഗിലെ ജനങ്ങൾ.
സിനിമാ റിവ്യൂ ചെയ്യാന്‍ ലക്ഷം പ്രതിഫലം; സ്വപ്ന ജോലിയില്‍ കണ്ട് തീര്‍ക്കേണ്ടത് വെറും 12 സിനിമകള്‍ !
ആദ്യ ദിവസങ്ങളിൽ പ്രാദേശികമായിട്ടായിരുന്നു ശബ്ദത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയത്. എന്നാൽ അത് ഫലം കാണാതെ വന്നതോടെ വിദഗ്ദ സംഘങ്ങളെ തന്നെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തുകയാണ് ഇപ്പോൾ ഫെർമനാഗ്, ഒമാഗ് ജില്ലാ കൗൺസിലുകള്‍. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എന്തെങ്കിലും ശബ്ദമാകാം ഇതെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിരീക്ഷണം. മാത്രമല്ല ശബ്ദത്തിന്‍റെ ഉറവിടം പലതാകാമെന്നും ഇവർ അനുമാനിക്കുന്നു. വിശാലമായ ഒരു പ്രദേശം മുഴുവൻ ഈ ശബ്ദം കേൾക്കുന്നതിനാലാണ് ശബ്ദത്തിന്‍റെ ഉറവിടങ്ങൾ പലതാകാമെന്ന് അധികൃതർ അനുമാനിക്കുന്നത്. യുകെയിലുടനീളമുള്ള മറ്റ് ചില പട്ടണങ്ങളെയും ഗ്രാമങ്ങളെയും മുമ്പ് നിഗൂഢമായ ശബ്ദങ്ങൾ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ, വെസ്റ്റ് യോർക്ക്ഷെയറിലെ ഹോംഫീൽഡിൽ ഇത്തരത്തിൽ ഒരു അജ്ഞാത ശബ്ദം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് അവിടുത്തെ പ്രദേശവാസികൾ ആ ശബ്ദത്തെ വിശേഷിപ്പിച്ചത് "ഒരിക്കലും അവസാനിക്കാത്ത പീഡന ചക്രം" പോലെയാണെന്നാണ്.
30,000 അടി ഉയരത്തില്‍ വച്ച് കുതിര കൂടിന് പുറത്ത് ചാടി; വിമാനം അടിയന്തരമായി തിരിച്ചിറക്കി !
2013-ൽ, ഹാംഷെയർ നിവാസികളിൽ ചിലർ രാത്രിയിൽ ഉറക്കം കെടുത്തുന്ന രീതിയിലുള്ള ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൗതാംപ്ടണിനടുത്തുള്ള ഹൈഥിലെ താമസക്കാരും സമാനമായ അനുഭവം തങ്ങൾക്കും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു. അന്നും ഈ ശബ്ദങ്ങളുടെ ഉറവിടത്തെക്കുറിച്ച് കണ്ടെത്താൻ ശ്രമം നടത്തിയിരുന്നെങ്കിലും കൃത്യമായ ഒരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, സ്കോട്ടിഷ് അസോസിയേഷൻ ഫോർ മറൈൻ സയൻസ് അവകാശപ്പെടുന്നത് വിചിത്രമായ മുഴക്കമുള്ള ശബ്ദത്തിന് മത്സ്യം കാരണമാകുമെന്നാണ്. മിഡ്‌ഷിപ്പ്മാൻ ആൺ മത്സ്യങ്ങൾ ഇണയെ തിരയുകയാണെന്ന് അറിയിക്കാനായി ഇത്തരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുമെന്നും സ്കോട്ടിഷ് അസോസിയേഷൻ വ്യക്തമാക്കുന്നു. പക്ഷേ, ആ ശബ്ദം തന്നെയാണോ കേള്‍ക്കുന്നത് എന്ന കാര്യത്തില്‍ കൃത്യമായ ഉറപ്പുകളുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.