ആഗോളതാപനം: ആര്‍ട്ടിക് സമുദ്രത്തില്‍  2050 ഓടെ മഞ്ഞുപാളികള്‍ ഇല്ലാതാവുമെന്ന് പഠനം

ആഗോളതാപനം ഈ നിലയ്ക്ക് തുടര്‍ന്നാല്‍,  2050 -ഓട് കൂടി ആര്‍ട്ടിക് സമുദ്രത്തില്‍ ഹിമകണങ്ങള്‍ അവശേഷിക്കില്ലെന്ന് നാഷണല്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് നടത്തിയ പഠനം.

Arctic Sea ice may vanish by 2050 says study

ആഗോളതാപനം ഈ നിലയ്ക്ക് തുടര്‍ന്നാല്‍,  2050 -ഓട് കൂടി ആര്‍ട്ടിക് സമുദ്രത്തില്‍ ഹിമകണങ്ങള്‍ അവശേഷിക്കില്ലെന്ന് നാഷണല്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് നടത്തിയ പഠനം. ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ അതിവേഗം കുറയുന്നതായാണ് നാഷണല്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചിലെ (NCPOR)  ജൂഹി യാദവിന്റെയും ഡോ. അവിനാഷ് കുമാറിന്റെയും നേതൃത്വത്തില്‍ നടന്ന പഠനം വ്യക്തമാക്കുന്നത്. നാച്ചുറല്‍ ഹസാര്‍ഡ്‌സ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

ആര്‍ട്ടിക് സമുദ്രത്തിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു 2019 ജൂലൈ മാസം. കഴിഞ്ഞ 41 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശമായ അവസ്ഥയാണിത്. ഇതു മൂലം ഗണ്യമായ ഹിമ നഷ്ടമാണ് ഉണ്ടാവുന്നത്. 

ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി അതിവേഗം  ഒരു ദശകത്തില്‍ 4.7% എന്ന തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നത് സമുദ്രത്തിലെ താപപ്രവാഹത്തിന്റെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയാണ്. 2019 സെപ്റ്റംബറില്‍,  കടല്‍ ഹിമകണങ്ങള്‍ കുറയുന്ന  പ്രവണത 13 ശതമാനത്തിലേക്ക് എത്തി. ഇത് റെക്കോര്‍ഡായിരുന്നു. 2012ല്‍  5.32 മില്യന്‍ ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു റെക്കോര്‍ഡെങ്കില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് 5.65 മില്യന്‍ ചതുരശ്ര കിലോമീറ്റര്‍  കുറവാണ് ആര്‍ട്ടിക് സമുദ്രത്തിലെ ഹിമത്തില്‍ വന്നിരിക്കുന്നത്.

ഈ നിരക്കില്‍ സമുദ്ര ഹിമം കുറഞ്ഞാല്‍ ഭാവിയില്‍ ആഗോള താപനില വര്‍ദ്ധിക്കുന്നതനുസരിച്ചു ഭൂമിയിലെ എല്ലാ ജീവജാലങ്ങളും വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടതായി വരുമെന്ന് പഠനം നയിച്ച ഡോ. അവിനാഷ് കുമാര്‍ തുറന്നുകാട്ടുന്നു. 

ആഗോളതാപനത്തിന്റെ ഫലമായി ഉണ്ടാകുന്ന കര-സമുദ്ര താപനില പ്രക്രിയകള്‍ സമുദ്ര ഹിമം കുറയുന്ന അവസ്ഥയ്ക്കാണ് വഴിതെളിയിക്കുന്നത്. ഇതു ആഗോള സമുദ്രചംക്രമണത്തില്‍ വലിയരീതിയിലുള്ള വ്യതിയാനങ്ങളിലേക്ക് നയിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios