വിഡി സതീശന്റെ ആദര്‍ശ രാഷ്ട്രീയം കോണ്‍ഗ്രസില്‍ ക്ലച്ചു പിടിക്കുമോ?
സതീശന്റെ വരവ് കോണ്‍ഗ്രസ് ചരിത്രത്തില്‍ പുതുമ തന്നെയാണ്. 1960 ല്‍ കെ പി സി അധ്യക്ഷനായിരുന്ന സി കെ ഗോവിന്ദന്‍ നായര്‍ക്ക് (1897 -1964) ശേഷം മത-സാമുദായിക സംഘടനകളെ പരസ്യമായി തന്നെ എതിര്‍ക്കാന്‍ ധൈര്യം കാണിച്ച ആദ്യത്തെ കോണ്‍ഗ്രസ്സ് നേതാവാണ് സതീശന്‍
'ഭരണപക്ഷത്തെ എതിര്‍ക്കുക എന്ന നിഷേധപ്രവര്‍ത്തനം മാത്രമല്ല ഒരു ബദല്‍ പരിപാടി മുന്നോട്ടുവെക്കുക എന്ന ധനാത്മകപദ്ധതി കൂടി ഉണ്ടെങ്കില്‍ മാത്രമേ ഇനി ജനസമ്മതി നേടാനാവൂ' എന്ന തിരിച്ചറിവാണ് സതീശന്റെ ഏറ്റവും വലിയ പുതുമ. പ്രത്യേകിച്ച് സമൂഹം മുഴുവന്‍ എവിടെനിന്നെങ്കിലും പ്രത്യാശയുടെ കിരണം കാത്തിരിക്കുന്ന മഹാമാരിയുടെയും പ്രളയത്തിന്റെയും ഒക്കെ ഘട്ടങ്ങളില്‍.
കോണ്‍ഗ്രസ് ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിക്കുകയാണ് വി ഡി സതീശന്റെ പ്രതിപക്ഷനേതാവായുള്ള നിയമനം. രാഷ്ട്രീയമായും മൂല്യപരമായും ഒക്കെ ഇതൊരു വഴിത്തിരിവിനെ കുറിക്കുന്നതായാണ് ഇപ്പോള്‍ തോന്നുന്നത്. മതേതരത്വം, സോഷ്യലിസം എന്നിങ്ങനെ കോണ്‍ഗ്രസ് ദേശീയതലത്തില്‍ തന്നെ ഏറെക്കുറെ ഉപേക്ഷിച്ച മൂല്യങ്ങള്‍ വീണ്ടും ഉയര്‍ത്തിപ്പിടിക്കുന്നത് പണ്ടാണെങ്കില്‍ വെറും പൊള്ളയായ വാചകക്കസര്‍ത്ത് ആയിരുന്നു. എന്നാല്‍, ഇന്ന് അതുപോലും പ്രധാനമാണ്. 'ഭരണപക്ഷത്തെ എതിര്‍ക്കുക എന്ന നിഷേധപ്രവര്‍ത്തനം മാത്രമല്ല ഒരു ബദല്‍ പരിപാടി മുന്നോട്ടുവെക്കുക എന്ന ധനാത്മകപദ്ധതി കൂടി ഉണ്ടെങ്കില്‍ മാത്രമേ ഇനി ജനസമ്മതി നേടാനാവൂ' എന്ന തിരിച്ചറിവാണ് സതീശന്റെ ഏറ്റവും വലിയ പുതുമ. പ്രത്യേകിച്ച് സമൂഹം മുഴുവന്‍ എവിടെനിന്നെങ്കിലും പ്രത്യാശയുടെ കിരണം കാത്തിരിക്കുന്ന മഹാമാരിയുടെയും പ്രളയത്തിന്റെയും ഒക്കെ ഘട്ടങ്ങളില്‍.
പക്ഷെ പാര്‍ട്ടിയില്‍ വലിയ ഗ്രൂപ്പുകളുടെയും വലിയ നേതാക്കളുടെയും എതിര്‍പ്പ് ഉയര്‍ത്തിയ വലിയ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് ഈ സ്ഥാനലബ്ധി എന്നതും തന്റെ പ്രഖ്യാപിത നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് എത്ര ദൂരം മുന്നോട്ട് പോകാമെന്നതും സതീശന് നിര്‍ണ്ണായകം. മറുപക്ഷത്ത്, ഒരിക്കലും മുമ്പില്ലാത്ത വിധം എല്‍ ഡി എഫും പിണറായി വിജയനും ശക്തരായി നില്‍ക്കുകയും ബി ജെ പിയുടെ ആവിര്‍ഭാവത്തോടെ കേരളം രാഷ്ട്രീയം പുതുവഴികളിലെത്തുകയും കോണ്‍ഗ്രസിന്റെ പരമ്പരാഗത കോട്ടകളില്‍ വിള്ളല്‍ വീഴുകയും ഒക്കെ ചെയ്ത വെല്ലുവിളികള്‍ വേറെ.
പഴയതുപോലെ ഗ്രൂപ്പ് യുദ്ധങ്ങള്‍ക്ക് ഇനി കോണ്‍ഗ്രസില്‍ വലിയ ഇടമില്ല. ഗ്രൂപ്പ് സമവാക്യങ്ങള്‍ തന്നെ മാറിക്കഴിഞ്ഞു. ഇടയ്ക്ക് തിരുത്തല്‍വാദി ആയെങ്കിലും ഐ വിഭാഗക്കാരനായ രമേശിനെ മാറ്റി പ്രതിപക്ഷനേതാവ് ആയ സതീശനും ഐ ഗ്രൂപ്പാണ്. പഴയ ഐ വിഭാഗക്കാരനാണ് രമേശിനെ മാറ്റിയതില്‍ പങ്ക് വഹിച്ച കെ സി വേണുഗോപാല്‍. ഐ ഗ്രൂപ്പുകാരായ കെ മുരളിധരനും കെ സുധാകരനും ഇന്ന് സ്വന്തമായ നിലപാടുകളിലാണ്. അതെ സമയം സതീശനെതിരെ രമേശനെ നിലനിര്‍ത്താന്‍ ഏറ്റവും ശ്രമിച്ചത് ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിനൊപ്പമുള്ള എ പക്ഷത്തെ മുതിര്‍ന്ന നേതാക്കളും. സതീശനെതിരെ അവര്‍ ഇനിയും രമേശിനൊപ്പം നിന്നേക്കാമെങ്കിലും ഹൈക്കമാന്‍ഡ് നേരിട്ട് തന്നെ നടത്തിയ നിയമനമായതിനാല്‍ തുറന്ന യുദ്ധം അസാധ്യം.
2014 -ല്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും എതിര്‍പ്പ് അവഗണിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി വി എം സുധീരനെ കെ പി സി സി അധ്യക്ഷനാക്കിയതിനു സമാനമാണ് സതീശന്റെ നിയമനം. അന്ന്, പഴയ ശൗര്യമൊക്കെ ചോര്‍ന്നുകഴിഞ്ഞ ഹൈക്കമാന്‍ഡിനെ അവഗണിച്ചുകൊണ്ട് സുധീരനോട് രണ്ടു ഗ്രുപ്പും കാര്യമായി സഹകരിച്ചില്ല. മദ്യനയത്തില്‍ സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി വലിയ തോതില്‍ തന്നെ ഏറ്റുമുട്ടി. അവസാനം മൂന്ന് വര്‍ഷവും ഒരു മാസവും കഴിഞ്ഞപ്പോള്‍ സുധീരന് ആരോഗ്യകാരണം പറഞ്ഞ് രാജി വെച്ചുപോരേണ്ടിവന്നു.
കനത്ത തെരഞ്ഞടുപ്പ് പരാജയത്തിന്റെ പശ്ചാത്തലവും ഗ്രൂപ്പ് വ്യത്യാസമില്ലാതെ സംഘടന തകര്‍ന്ന അവസ്ഥയും അധികാരങ്ങളില്ലാത്ത പ്രതിപക്ഷത്താണ് നില്‍പ്പ് എന്നതിനാലും സതീശനെതിരെ വലിയ പടയൊരുക്കം ഒന്നും തല്‍ക്കാലമുണ്ടാകില്ല. ഹൈക്കമാന്റിലെ സ്വാധീനശക്തി കാരണം കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ അധികാരകേന്ദ്രമായിമാറിയ കെ സി വേണുഗോപാലിന്റെയും സതീശന്റെയും നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാകുമോ എന്ന കണ്ടറിയണം. സതീശന്‍ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും സ്ഥാനര്‍ത്ഥി നിര്‍ണയസമയത്ത് വേണുഗോപാലിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വലിയ പങ്ക് ഉണ്ടായിരുന്നു. മുരളീധരനെയും സുധാകരനെയും സ്വപക്ഷത്ത് ഉറപ്പിക്കാന്‍ ആര്‍ക്കും ആകുകയുമില്ല.
സി കെ ജിക്ക് പിന്‍ഗാമി
സതീശന്റെ വരവ് കോണ്‍ഗ്രസ് ചരിത്രത്തില്‍ പുതുമ തന്നെയാണ്. 1960 ല്‍ കെ പി സി അധ്യക്ഷനായിരുന്ന സി കെ ഗോവിന്ദന്‍ നായര്‍ക്ക് (1897 -1964) ശേഷം മത-സാമുദായിക സംഘടനകളെ പരസ്യമായി തന്നെ എതിര്‍ക്കാന്‍ ധൈര്യം കാണിച്ച സമീപകാലത്തെ ആദ്യ കോണ്‍ഗ്രസ് നേതാവാണ് സതീശന്‍. മത-സാമുദായികരാഷ്ട്രീയത്തെ മതേതരപ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് താത്വികമായി തന്നെ എതിര്‍ക്കാന്‍ തയ്യാറായതാണ് സതീശന്റെ വ്യത്യസ്തത. സി കെ ജിയെപ്പോലെ ലീഗിനെ എതിര്‍ക്കാന്‍ ഇന്നത്തെ കോണ്‍ഗ്രസിന് ശക്തിയില്ലെങ്കിലും ന്യൂനപക്ഷതീവ്രവാദവും അപായകരമാണെന്ന് സതീശന്‍ പറയുന്നുണ്ട്.
പക്ഷെ ദേശീയതലത്തില്‍ തന്നെ സതീശന്റേത് കോണ്‍ഗ്രസിലെ ഒറ്റപ്പെട്ട ശബ്ദങ്ങളില്‍ ഒന്നാണ് . അതുകൊണ്ട് തന്നെ സതീശന് എത്രത്തോളം മുന്നോട്ട് പോകാമെന്നത് വലിയ ചോദ്യമാണ്. മതേതരത്വത്തിനും സോഷ്യലിസത്തിനും ഒന്നും കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വത്തില്‍ വലിയ പിന്തുണയില്ല. ബി ജെ പിയുടെ ഹൈന്ദവ തീവ്രവാദത്തിനെതിരാണ് കോണ്‍ഗ്രസിന്റെ ദേശീയരാഷ്ട്രീയമെങ്കിലും സമീപകാലത്ത് മൃദുഹിന്ദുത്വമെന്ന തന്ത്രത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങിയിട്ടുണ്ട്. നരേന്ദ്ര മോദിയുടെ സര്‍വാധിപത്യകാലത്ത് ഹിന്ദുത്വരാഷ്ട്രീയം പൂര്‍ണമായും തള്ളിക്കളയുന്നത് അപകടമാണെന്നാണ് അവരുടെ ധാരണ. ദേശീയതലത്തില്‍ ഹിന്ദുത്വക്കെതിരെ ഉറച്ചുനിന്നിരുന്ന ദിഗ്വിജയ് സിങ്ങിനെപ്പോലെയുള്ളവര്‍ പോലും നിലപാട് മൃദുലമാക്കി. രാഹുലിന്റെയും പ്രിയങ്കയുടെയും നിരന്തരമായ ക്ഷേത്രസന്ദര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സതീശന്റെ ശക്തമായ മതേതരനിലപാട് വ്യത്യസ്തമാകുന്നത്. മാത്രമല്ല ശബരിമല വിവാദത്തില്‍ സ്ത്രീപ്രവേശനത്തിനു അനുകൂലമായ നിലപാട് മാറ്റാന്‍ കൂട്ടാക്കാതിരുന്ന ഏക നേതാവ് (ഒന്നാം നിര നേതാവല്ലെങ്കിലും വി ടി ബല്‍റാമും) അദ്ദേഹമാണ് എന്നത് വര്‍ത്തമാനകാലത്ത് സുപ്രധാനമാണ്. പ്രതിപക്ഷനേതൃപദവി ഏറ്റെടുത്ത ശേഷം ശബരിമലയില്‍ സ്ത്രീപ്രവേശം വേണമെന്ന നിലപാട് ആവര്‍ത്തിക്കുന്നില്ലെങ്കിലും നിരോധനത്തിനനുകൂലമായി യു ഡി എഫ് കൊണ്ടുവന്ന നിയമനിര്‍ദ്ദേശത്തോട് അദ്ദേഹം പരസ്യമായി അകലം പാലിച്ചത് നിസ്സാരമല്ല.
മറ്റ് സാമൂഹ്യ- സാമ്പത്തികകാര്യങ്ങളിലും കോണ്‍ഗ്രസില്‍ തന്നെ വംശനാശം നേരിട്ട നെഹ്രുവിയന്‍ ഇടതുപക്ഷ നിലപാടുകള്‍ക്കൊപ്പമാണ് താന്‍ എന്ന തുറന്നു പ്രഖ്യാപിക്കുന്നതും സതീശനെ അനന്യനാക്കുന്നു. വാസ്തവത്തില്‍ കോണ്‍ഗ്രസ് ഹിന്ദുത്വക്കാര്യത്തിലെന്നപോലെ പഴയ നെഹ്രുവിയന്‍ നിലപാട് ഉപേക്ഷിച്ച മേഖലയാണ് സാമ്പത്തികരംഗവും. 1990 -കളില്‍ നരസിംഹ റാവുവും മന്‍മോഹന്‍ സിങ്ങും ഉദ്ഘാടനം ചെയ്ത വലതുപക്ഷ സാമ്പത്തികനയങ്ങള്‍ കൂടുതല്‍ ശക്തമായി തുടരുകയാണ് ബി ജെ പി. ബി ജെ പിയുടെ നയങ്ങള്‍ക്ക് ബദല്‍ അവതരിപ്പിക്കാനാകാത്തതാണ് കോണ്‍ഗ്രസ് കരകയറാത്തതിന്റെ മുഖ്യ കാരണമെന്ന് തിരിച്ചറിയുന്നവര്‍ വിരളം.
1970 -കളില്‍ ഇന്ദിരാ ഗാന്ധി മാത്രമല്ല 2004 -ല്‍ മന്‍ മോഹന്‍ സിങ്ങ് പോലും (മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി) തെരഞ്ഞടുപ്പ് വിജയം നേടിയത് സാമൂഹ്യജനാധിപത്യത്തില്‍ അടിസ്ഥാനമാക്കിയ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതി മൂലമായിരുന്നു. പക്ഷെ രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലത്തും രാഹുല്‍ ഗാന്ധിയുടെ ഇക്കാലത്തും ഇക്കാര്യം കോണ്‍ഗ്രസ ഓര്‍ത്തിട്ടില്ല. ഫലം കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ സാമ്പത്തികനയത്തില്‍ ഇരട്ടക്കുട്ടികളായി തുടരുന്നു. വര്‍ഗ്ഗീയത ആയുധമാക്കിയ ബി ജെ പിക്ക് ബദല്‍ ഇല്ലാതെയുമായി. ഇവിടെയാണ് എ ഐ സി സി യുടെ സാമ്പത്തികനയരൂപീകരണത്തില്‍ പങ്കാളിയായിരുന്നു സതീശനെപ്പോലെയുള്ള ന്യൂനപക്ഷം പേരുടെ ബദല്‍ വീക്ഷണത്തിന്റെ പ്രസക്തി. ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് ആ ശബ്ദമെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ മാറിവരാവുന്ന ചിന്താധാരയുടെ പ്രതീകമാണ് ഇന്ന് സതീശന്‍.
മതസാമുദായികസമ്മര്‍ദ്ദങ്ങള്‍ക്കെതിരെ സതീശന്റെ ആദ്യത്തെ അഭിപ്രായപ്രകടനത്തോട് എന്‍ എസ് എസ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ചന്ദ്രഹാസം ഇളക്കിക്കഴിഞ്ഞു. തല്‍ക്കാലം മറുപടി ഇല്ലെന്നാണ് സതീശന്റെ മറുപടി. പക്ഷെ കോണ്‍ഗ്രസിനുള്ളിലെ അസംതൃപ്തികളും സംഘര്‍ഷങ്ങളും വളരുമ്പോള്‍ മത സാമുദായിക നേതാക്കള്‍ കൈക്കൊള്ളുന്ന നിലപാട് നിര്‍ണായകമാകും. അപ്പോള്‍ പിടിച്ചുനില്‍ക്കാനാകുമോ എന്നതാകും സതീശന്റെ അഗ്‌നിപരീക്ഷ. വാസ്തവത്തില്‍ സതീശന് എത്ര ദൂരം പോകാനാകുമെന്നതാണ് മുഖ്യപ്രശ്‌നമാകുക. ആദര്‍ശധീരന്മാരൊക്കെ ക്രമേണ ക്രമേണയായി മുട്ടുകുത്തുന്നതാണ് കോണ്‍ഗ്രസിന്റെ ചരിത്രം.
പൊലിഞ്ഞുപോയ ആദര്‍ശയുദ്ധങ്ങള്‍
ഐക്യകേരളം പിറന്ന ശേഷം സി കെ ഗോവിന്ദന്‍ നായരെപ്പോലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദര്‍ശനിഷ്O, മതേതരത്വം, സോഷ്യലിസം എന്നിവയില്‍ ഇത്രയും ഉറച്ചുനിന്ന മറ്റൊരു നേതാവ് ഉണ്ടായിട്ടില്ല. മുസ്ലിം ലീഗിനെയും എന്‍ എസ എസിനെയും ഒരു പോലെ വിറപ്പിച്ചു ഈ തലശ്ശേരിക്കാരന്‍. കോണ്‍ഗ്രസ് ഭാരവാഹിയായി എന്‍ എസ എസ്സുകാരനായ മാലേത്ത് ഗോപിനാഥന്‍ നായരെ നിയോഗിക്കണമെന്ന മന്നത്ത് പദ്മനാഭന്റെ ആവശ്യം തിരസ്‌കരിച്ച സി കെ ജി 'അടുപ്പം വേറെ, രാഷ്ടീയം വേറെ' എന്നാണത്രെ പറഞ്ഞത്. വിമോചനസമരകാലത്തെ മത-സാമുദായിക ബന്ധം കോണ്‍ഗ്രസിന് ഭാവിയില്‍ വലിയ ദോഷം ചെയ്യുമെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. വിമോചനസമരം മുതല്‍ കോണ്‍ഗ്രസ്സ് മുസ്ലിം ലീഗുമായി ബന്ധപ്പെടുന്നതിന് അദ്ദേഹം ശക്തമായി എതിര്‍ത്തു. അക്കാലത്ത് കോഴിക്കോട് നടന്ന തെരഞ്ഞടുപ്പ് സമ്മേളനത്തില്‍ 'മുസ്ലിം ലീഗ് ചത്ത കുതിരയാണെന്ന' പണ്ഡിറ്റ് നെഹ്രുവിന്റെ ഒപ്പമായിരുന്നു അദ്ദേഹം.
1960 -ലെ കോണ്‍ഗ്രസ്- പി എസ് പി മന്ത്രിസഭക്കാലത്ത് മുന്നണിയില്‍ ഇല്ലെങ്കിലും വിമോചനസമരക്കാലത്തെ സഖ്യകക്ഷിയായതിനാല്‍ ലീഗിന് സ്പീക്കര്‍ പദവി നല്‍കി. അധികം വൈകാതെ സ്പീക്കര്‍ സീതി സാഹിബ് മരിച്ചപ്പോള്‍ അടുത്ത സ്ഥാനാര്‍ത്ഥി സി എച്ച് മുഹമ്മദ് കോയയായിരുന്നു. എന്നാല്‍ ലീഗില്‍ നിന്നും രാജി വെക്കാതെ സി എച്ചിന് സ്ഥാനം നല്‍കാനാവില്ലെന്ന് വാശി പിടിച്ചത് സി കെ ജി ആണ്. കേരള രാഷ്ട്രീയത്തില്‍ ആദ്യം ലഭിച്ച അധികാര സ്ഥാനം നഷ്ടപ്പെടുത്താന്‍ തയ്യാറില്ലാതിരുന്ന ലീഗും സി എച്ചും ഗത്യന്തരമില്ലാതെ ഈ അപമാനകരമായ വ്യവസ്ഥ അംഗീകരിച്ചു. ലീഗിനെ അന്ന് 'തൊപ്പി ഊരിച്ചു' എന്ന പരാമര്‍ശം ഉയര്‍ന്നത് അങ്ങിനെയാണ്.
അതിനു ശേഷം 1970 -കളില്‍ ഭരണ മുന്നണി ലൈസന്‍ കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ആണ് കോണ്‍ഗ്രസ് ആദര്‍ശധീരരാഷ്ട്രീയത്തിന് തിരി കൊളുത്തുന്നത്. ഫീസ് ഏകീകരണം, സ്വകാര്യ കോളേജിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ടു ശമ്പളം നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍, സ്വകാര്യ കോളേജ് മാനേജ്മെന്റുകള്‍ക്കും മത-സാമുദായിക ശക്തികള്‍ക്കുമൊക്കെ എതിരെ രംഗത്ത് വന്നുകൊണ്ട് വീണ്ടും ഇടതുപക്ഷരാഷ്ട്രീയം കോണ്‍ഗ്രസ്സില്‍ ശക്തി നേടി. കോണ്‍ഗ്രസ്- സി പി ഐ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയ ക്രിസ്തീയ സഭാധ്യക്ഷര്‍ക്കെതിരെ കെ എസ യു പ്രസിഡന്റ് വി എം സുധീരനും യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി സി ചാക്കോയ്ക്കും നേതൃത്വം നല്‍കി ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയും മറ്റും ഉറച്ചുനിന്നു.
സഭാധ്യക്ഷരെയും എന്‍ എസ് എസിനെയും ഒക്കെ വെല്ലുവിളിച്ച അക്കാലത്താണ് ആന്റണിക്ക് ആദര്‍ശധീരനെന്ന വലിയ പ്രതിച്ഛായ കൈവരുന്നത്. കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗവും കേരളം കോണ്‍ഗ്രസും മറുപക്ഷത്തായിരുന്നു. ഈ സമരത്തില്‍ പ്രതിപക്ഷത്തായിട്ടും സി പി എമ്മിനാകട്ടെ ഫലപ്രദമായി ഒന്നും ചെയ്യാനായില്ല. ദിര്‍ഘകാലം തുടര്‍ന്ന കോളേജ് സമര ശേഷം ആന്റണി ഒരു ലേഖനത്തില്‍ എഴുതി: 'പണ്ടൊക്കെയാണെങ്കില്‍ പള്ളിയും എന്‍ എസ എസ്സും ചേര്‍ന്ന് എതിര്‍ത്താല്‍ പിന്നെ കോണ്‍ഗ്രസിന്റെ പൊടി കാണുകയില്ല. നാട്ടിന്റെ ചരിത്രത്തില്‍ അത്യാപത്തുകള്‍ ഉണ്ടായപ്പോള്‍ പോലും പുറത്തിറങ്ങാത്ത തിരുമേനിമാര്‍ കൂട്ടം കൂട്ടമായി തെരുവിലിറങ്ങി ജാഥ നടത്തി. തിരുമേനിമാരുടെ മുഖം ചുവന്നാല്‍ പണ്ടൊക്കെ കോണ്‍ഗ്രസുകാര്‍ അവരുടെ കാല്‍ക്കല്‍ അഭയം തേടുമായിരുന്നു. രണ്ടുമാസമായി മതത്തിന്റെ പല സ്വാധീനങ്ങളും സമ്മര്‍ദ്ദങ്ങളും പ്രയോഗിച്ചിട്ടും കോണ്‍ഗ്രസിന്റെ ശരീരത്തില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല...സമുദായ പ്രമാണിമാര്‍ക്ക് അടിയറവ് പറയാത്ത വിപ്ലവപ്രസ്ഥാനമായി കോണ്‍ഗ്രസ്സ് രൂപാന്തരപ്പെട്ടതിനു സമരക്കാരോട് കടപ്പെട്ടിരിക്കുന്നു...'
ഈ യുദ്ധം സമ്മാനിച്ച ധീരപ്രതിച്ഛായയുമായാണ് 1973 -ല്‍ കെ പി സി സിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി 32 -കാരനായ ആന്റണിയുടെ ആരോഹണം. ആന്റണി കെ പി സി അധ്യക്ഷപദം ഏറ്റെടുത്ത ശേഷം അദ്ദേഹത്തെ അറിയിക്കാതെ സഭാധ്യക്ഷരുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ കെ കരുണാകരനും മറ്റും ശ്രമിച്ചു. ഇതിനായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കോഴിക്കോട്ട് എത്തിക്കുക പോലും ചെയ്തു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് അതിശക്തയായ ഇന്ദിരയെ കാണാന്‍ പോലും ആന്റണി തയ്യാറായില്ല. കോണ്‍ഗ്രസ്സില്‍ എ -ഐ പരസ്പരമത്സരത്തിന്റെ ആരംഭകാലമായിരുന്നു അത്. അടിയന്തിരാവസ്ഥയുടെ മൂര്‍ദ്ധന്യത്തില്‍ ഗൗഹതിയില്‍ നടന്ന എ ഐ സി സി സമ്മേളനത്തില്‍ ആന്റണിയുടെ ചരിത്രപ്രസിദ്ധമായ വിമര്‍ശനം വരെ നീണ്ടു, ഈ പോരാട്ടം. (അടിയന്തിരാവസ്ഥക്ക് ശേഷം ഇന്ദിരയെ വിട്ട് ഇടതുപക്ഷം വരെയെത്തി ആന്റണിയുടെ ഈ ധീരയാത്ര. അധികം വൈകാതെ കോണ്‍ഗ്രസില്‍ തിരിച്ചെത്തി ആന്റണി മറ്റൊരാളായിത്തീരുകയും ചെയ്തു. കോണ്‍ഗ്രസിലെ ആദര്‍ശരാഷ്ട്രീയ അധ്യായവും അതോടെ അടഞ്ഞു ).
അടിയന്തിരാവസ്ഥയില്‍ കരുണാകരന്റെ സര്‍വാധിപത്യം ആയതോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. എല്ലാ മത-സാമുദായിക സംഘടനകളെയും ഒരുപോലെ പ്രീണിപ്പിക്കുന്നതായി നയം. അതുകൊണ്ടുണ്ടായ ഒരു ഗുണം സാമുദായശക്തികള്‍ പരസ്പരം പോരാടിയില്ല എന്നതാണ്. മുസ്ലിം-ക്രിസ്ത്യന്‍ സംഘടനകളും എന്‍ എസ് എസിന്റെയും എസ് എന്‍ ഡി പിയുടെയും പുതിയ രാഷ്ട്രീയപ്പാര്‍ട്ടികളും ഒക്കെ നോഹയുടെ പെട്ടകം പോലെ ഒന്നിച്ച് കരുണാകരന്റെ നേതൃത്വത്തില്‍ അണിനിരന്ന കാലം. ബി ജെ പിയും ലീഗും കോണ്‍ഗ്രസും ചേര്‍ന്ന കോ ലി ബി സഖ്യം വരെ ആ കാലം കണ്ടു. ഇടയ്ക്ക് ആന്റണി ന്യൂനപക്ഷങ്ങളുടെ സമ്മര്‍ദ്ദ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തിയെങ്കിലും കരുണാകരനും ഉമ്മന്‍ ചാണ്ടിയും മത-സാമുദായികപ്രീണനത്തിന്റെ രാഷ്ട്രീയം തന്നെ പിന്തുടര്‍ന്നു. ആന്റണി ഇക്കാര്യങ്ങളില്‍ കണ്ണടച്ചു.
2014 -ല്‍ കെ പി സി സി അധ്യക്ഷനായ സുധീരന്‍ മാത്രമാണ് പിന്നീട് ചില മൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കാന്‍ ധൈര്യം കാണിച്ച കോണ്‍ഗ്രസ് നേതാവ്. പക്ഷെ കോണ്‍ഗ്രസില്‍ ഒരു പക്ഷത്തിന്റെയും പിന്തുണ കിട്ടാതെ മൂന്ന് വര്‍ഷം കൊണ്ട് കെ പി സി അധ്യക്ഷപദമൊഴിഞ്ഞ് ഏറെക്കുറെ വിശ്രമജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ വിധി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona