കടന്നലുകള്‍ തിരിഞ്ഞുകുത്തുമ്പോള്‍; 'പിണറായി റിപ്പബ്ലിക്കി'ല്‍ അന്‍വര്‍ സഖാവിന്റെ വിപ്ലവങ്ങള്‍!
ബംഗാളില്‍ 33 കൊല്ലത്തെ തുടര്‍ഭരണത്തിനു ശേഷം നിയമസഭയില്‍ ഒരംഗം പോലുമില്ലാത്ത കക്ഷിയാണ് സി പി ഐ (എം). അതിന്റെ നേതൃത്വം കേരളത്തിലിപ്പോഴും അണികളോട് പറയുന്നത് എല്ലാം വലതുപക്ഷ മാധ്യമങ്ങളുടെ ആക്രമണമാണെന്നാണ്-പ്രമോദ് പുഴങ്കര എഴുതുന്നു
ഇടതുപക്ഷ രാഷ്ട്രീയം ചോര്‍ന്നുപോയൊരു സംഘടനാശരീരത്തിന് വന്നുചേരുന്ന അനിവാര്യമായ പതനമാണ് സി പി ഐ (എം) ഇപ്പോള്‍ നേരിടുന്നത്. ഇടതുപക്ഷ രാഷ്ട്രീയ വിമര്‍ശനങ്ങളെ കുലംകുത്തികളെന്ന് വിളിച്ച് തങ്ങളുടെ രാഷ്ട്രീയഗുണ്ടകളെക്കൊണ്ട് ശാരീരികമായി ഇല്ലാതാക്കുന്നത് രാഷ്ട്രീയ നിലനില്‍പ്പിനുള്ള ഒരു ദീര്‍ഘകാലപദ്ധതിയായി മാറ്റാനാകില്ല എന്നതിന്റെ നിസ്സഹായതയും സി പി എം അനുഭവിക്കുകയാണ്.
ഫോട്ടോ: രാഗേഷ് തിരുമല/ഏഷ്യാനെറ്റ് ന്യൂസ്
കേരളത്തിന്റെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടമായിരുന്നു 2021-ലെ തിരഞ്ഞെടുപ്പില്‍ നേടിയ വിജയവും അതുവഴിയുണ്ടായ തുടര്‍ഭരണവും. എന്നാല്‍ അതേ തുടര്‍ഭരണം ഇന്നിപ്പോള്‍ സി പി ഐ (എം)നെ അതിന്റെ അവസാന കേരള ഭരണത്തിലേക്ക് തള്ളിയിടുമോയെന്ന സ്ഥിതിയാണ്. സമ്പൂര്‍ണ്ണമായും പിണറായി വിജയനെന്ന നേതാവില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള സംഘടനയും സര്‍ക്കാരുമാണ് നിലവില്‍. സര്‍വ്വശക്തനായ നേതാവിനു ചുറ്റുമുള്ള വാഴ്ത്തുപാട്ട് സംഘങ്ങളും ചാവേറുകളും സൈബര്‍ സംഘങ്ങളുമൊക്കെയായി ഒരു സമാന്തര പിണറായി റിപ്പബ്‌ളിക്ക് തന്നെ രൂപപ്പെടുത്തിയെടുക്കുന്ന തിരക്കായിരുന്നു.
ഇങ്ങനെയുണ്ടാക്കിയ പിണറായിക്കാല സി പി എം രാഷ്ട്രീയത്തിലെ പുത്തന്‍കൂറ്റുകാരില്‍ മുമ്പനായിരുന്ന പി.വി. അന്‍വര്‍ എന്ന ഭരണപക്ഷ സ്വതന്ത്ര എം എല്‍ എ പിണറായി വിജയനെതിരെയും അദ്ദേഹം ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ചെറിയ കാര്യമല്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയും എന്തുതരത്തിലുള്ള ആരോപണവുമുന്നയിക്കാനും സൈബര്‍ കടന്നലുകള്‍ക്ക് ചെല്ലും ചെലവും കൊടുത്ത് അതിനെ സൈബര്‍ ആക്രമണമാക്കാനുമൊക്കെ മുന്നില്‍നിന്ന അന്‍വറാണ് ഇപ്പോള്‍ പിണറായിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന്റെ അന്ന് രാത്രി മുതല്‍ കടന്നലുകളിലെ ഒരു സംഘം അന്‍വറിനെ അയാള്‍ക്ക് പരിചയമുള്ള അതേ ഭാഷയില്‍ നേരിടുന്നു എന്നത് കൗതുകകരമാണ്.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് അന്‍വര്‍ മാത്രമല്ല പൊതുസമൂഹവും നിരന്തരമായി ഉയര്‍ത്തുന്ന പ്രശ്‌നമാണ്. തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നൊരു സമാന്തര സംവിധാനമായി പോലീസ് വകുപ്പ് മാറിയെന്നത് വാസ്തവമാണ്. പൗരന്മാര്‍ക്ക് നേരെയുള്ള എല്ലാ അതിക്രമങ്ങളേയും 'ഒറ്റപ്പെട്ട സംഭവമാക്കി' നിസ്സാരവത്ക്കരിക്കുന്ന മുഖ്യമന്ത്രി പൊലീസിന് ആവശ്യമായ മനോവീര്യം കൂടി നല്‍കുന്നതോടെ യാതൊരുവിധ തിരുത്തലിനും സാധ്യതയുമില്ലാതായി. എന്നാല്‍ അതിനുമപ്പുറമുള്ള പ്രശ്‌നങ്ങളാണ് അന്‍വര്‍ വിവാദത്തിലൂടെ പുറത്തുവരുന്നത്.
സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി കൊലപാതകങ്ങള്‍ വരെ നടത്തിയ ആളാണെന്നും കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കുന്നതിന് കൂട്ടുനില്‍ക്കുന്നുവെന്നുമൊക്കെയാണ് അന്‍വറിന്റെ ആക്ഷേപം. ജില്ലാ പോലീസ് മേധാവിമാരടക്കമുള്ള പൊലീസ് സംവിധാനവും ആരോപണമുനിയില്‍ പെടുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് ഇതിലെല്ലാം പങ്കുണ്ടെന്നും അന്‍വര്‍ ആരോപിക്കുന്നു. ഇതിനുള്ള തെളിവുകളെല്ലാം മുഖ്യമന്ത്രിക്കും പാര്‍ടി സെക്രട്ടറിക്കും കൈമാറിയെന്നു കൂടി അന്‍വര്‍ വെളിപ്പെടുത്തി.
ഇതിനെയെല്ലാം വെറുംവാക്കില്‍ നിഷേധിക്കുകയല്ലാതെ എന്തെങ്കിലും രീതിയില്‍ പ്രതിരോധിക്കാന്‍ ഇതുവരെയും സര്‍ക്കാരിനോ സി പി എമ്മിനോ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമൊക്കെ ഒരു മാഫിയ സംഘത്തിന്റെ ഭാഗമാണെന്ന ആരോപണം ശരിവെക്കും മട്ടില്‍ കാര്യങ്ങള്‍ നീങ്ങുമ്പോള്‍ ഒരു ജനാധിപത്യ സമൂഹമെന്ന നിലയില്‍ കേരളീയര്‍ക്ക് ലഭിക്കേണ്ട ഉത്തരങ്ങള്‍ നല്‍കാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും സി പി ഐ (എം)-ഉം ബാധ്യസ്ഥരാണ്. പകരം എതിരായി പറയുന്നത് വലതുപക്ഷ മാധ്യമങ്ങളാണ് എന്നുപറഞ്ഞ് സര്‍ക്കാര്‍ ശരിയാണെന്ന് സ്ഥാപിക്കുകയാണ് സി പി എമ്മിന്റെ യുവനേതാക്കള്‍ അടക്കം. പരിതാപകരമായ രാഷ്ട്രീയബോധം മാത്രമല്ല ദുരന്തസമാനമായ ജനാധിപത്യശൂന്യത കൂടിയാണ് അതിന്റെ കാരണം.
സി പി ഐ (എം) കൂടെക്കൂട്ടുകയും വളര്‍ത്തുകയും ചെയ്ത പുത്തന്‍ വര്‍ഗ ധനികരുടെ കൂട്ടത്തിലാണ് പി.വി.അന്‍വറും അവര്‍ക്കൊപ്പമെത്തിയത്. പരിസ്ഥിതി രാഷ്ട്രീയത്തെയും മാധ്യമങ്ങളെയുമെല്ലാം എന്തുതരം ഹീനമായ ആക്ഷേപവും വിളിച്ചുപറഞ്ഞാക്രമിക്കാന്‍ ഒരു സൈബര്‍ സംഘം തന്നെ അന്‍വറിനുണ്ടായി. ഇന്നിപ്പോള്‍ അന്‍വറിന്റെ വിശ്വാസ്യതയെക്കുറിച്ച് സി പി എം രോഷം കൊള്ളുമ്പോള്‍ ഒരു കോമാളിനാടകമാണ് പൂര്‍ത്തിയാകുന്നത്.
മന്ത്രിമാരുടെയടക്കം ഫോണുകള്‍ ചോര്‍ത്തുന്നു എന്ന ആരോപണങ്ങളിലടക്കം തൃപ്തികരമായ ഒരുത്തരവും നല്‍കാന്‍ മുഖ്യമന്ത്രിക്കായിട്ടില്ല. ഇടതുപക്ഷ സര്‍ക്കാരിന് കീഴില്‍ ക്രമസമാധാന പാലന മേധാവിയായൊരു എഡിജിപി ആര്‍എസ്എസ് ദേശീയ നേതാക്കളെ അടുപ്പിച്ചു സന്ദര്‍ശനം നടത്തിയത് എന്തിനാണെന്ന് ഇത്രയും കാലം അന്വേഷിക്കാന്‍ പോലും തോന്നാത്ത രാഷ്ട്രീയശൂന്യത സി പി ഐ (എം)നെ ബാധിക്കുമെന്നതില്‍ സംശയം വേണ്ട. ഇടതുപക്ഷ രാഷ്ട്രീയം ചോര്‍ന്നുപോയൊരു സംഘടനാശരീരത്തിന് വന്നുചേരുന്ന അനിവാര്യമായ പതനമാണ് സി പി ഐ (എം) ഇപ്പോള്‍ നേരിടുന്നത്. ഇടതുപക്ഷ രാഷ്ട്രീയ വിമര്‍ശനങ്ങളെ കുലംകുത്തികളെന്ന് വിളിച്ച് തങ്ങളുടെ രാഷ്ട്രീയഗുണ്ടകളെക്കൊണ്ട് ശാരീരികമായി ഇല്ലാതാക്കുന്നത് രാഷ്ട്രീയ നിലനില്‍പ്പിനുള്ള ഒരു ദീര്‍ഘകാലപദ്ധതിയായി മാറ്റാനാകില്ല എന്നതിന്റെ നിസ്സഹായതയും സി പി എം അനുഭവിക്കുകയാണ്.
എന്തെങ്കിലും തരത്തിലുള്ള സ്വയംവിമര്‍ശനമോ തിരുത്തലോ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ സി പി ഐ(എം) നേതൃത്വത്തിനോ സാധ്യമാകുമെന്നതിന് അതിന്റെ സമീപകാലചരിത്രം പ്രതീക്ഷ നല്‍കുന്നില്ല. ബംഗാളില്‍ 33 കൊല്ലത്തെ തുടര്‍ഭരണത്തിനു ശേഷം നിയമസഭയില്‍ ഒരംഗം പോലുമില്ലാത്ത കക്ഷിയാണ് സി പി ഐ (എം). അതിന്റെ നേതൃത്വം കേരളത്തിലിപ്പോഴും അണികളോട് പറയുന്നത് എല്ലാം വലതുപക്ഷ മാധ്യമങ്ങളുടെ ആക്രമണമാണെന്നാണ്. ചരിത്രാന്ധത എല്ലാ ദുരധികാരത്തിന്റെയും തകര്‍ച്ചയ്ക്ക് വേണ്ട അനിവാര്യഗുണമാണ്. കേരളത്തിലെ സി പി ഐ(എം) അതാവോളം പ്രദര്‍ശിപ്പിക്കുന്നു.