ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ടിവിയുമില്ലാത്തവരുടെ വിദ്യാഭ്യാസം ഇനിയെന്താവും?
നിത എസ് വി എഴുതുന്നു: ടെലിവിഷന്‍ വഴിയും സ്മാര്‍ട്ട് ഫോണ്‍ വഴിയുമൊക്കെ എങ്ങനെ പഠനം സാധ്യമാകുമെന്ന് അധ്യാപകരും വിദ്യാര്‍ഥികളും ചര്‍ച്ച ചെയ്യുന്ന സമയത്ത് ഇത്തരമൊരു ദുരന്തം വേദനാജനകമാണ്. ഇത്ര പെട്ടെന്ന് ഈ പെണ്‍കുട്ടി ഇങ്ങനെ ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ലെന്ന് പറയാതെ പറയുകയാണ് ഭൂരിഭാഗം ആളുകളും.
വിദ്യാധനം സര്‍വധനാല്‍ പ്രധാനം തന്നെ. പക്ഷേ പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന ചിന്തയിലേക്കാണ് ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പണമില്ലാതെ പഠനം മുടങ്ങിയെന്ന കാരണത്താല്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത ദേവികയുടെ ചിത്രം കൊണ്ടുപോകുന്നത്. ടെലിവിഷന്‍ വഴിയും സ്മാര്‍ട്ട് ഫോണ്‍ വഴിയുമൊക്കെ എങ്ങനെ പഠനം സാധ്യമാകുമെന്ന് അധ്യാപകരും വിദ്യാര്‍ഥികളും ചര്‍ച്ച ചെയ്യുന്ന സമയത്ത് ഇത്തരമൊരു ദുരന്തം വേദനാജനകമാണ്. ഇത്ര പെട്ടെന്ന് ഈ പെണ്‍കുട്ടി ഇങ്ങനെ ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ലെന്ന് പറയാതെ പറയുകയാണ് ഭൂരിഭാഗം ആളുകളും. പണം ഇല്ലാത്തതിനാല്‍ സ്മാര്‍ട് ഫോണ്‍ വാങ്ങാനും പഠിക്കാനും കഴിയാത്ത ഒരു കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും? ഒരു പക്ഷേ, നമുക്ക് ഊഹിക്കാന്‍ കഴിയാവുന്നതിനുമപ്പുറമുള്ള നിസ്സഹായതയില്‍ വലയുന്ന വിദ്യാര്‍ഥികള്‍ ഇനിയുമുണ്ടാകാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്ന അധ്യാപകരും പല അമ്മമാരും പങ്കുവെച്ച ആശങ്കകളിലൂടെയുള്ള ഒരു നേര്‍ക്കാഴ്ചയാണിത്.
കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും വാട്സ്ആപ്പ് വഴി ക്ലാസുകള്‍ രണ്ടാഴ്ച മുമ്പേ തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈനില്‍ പാഠഭാഗങ്ങള്‍ പറഞ്ഞുകൊണ്ട് വോയ്സ് ക്ലിപ് ഇടുകയാണ് ചെയ്യുന്നത്. എന്തെങ്കിലും ചെയ്യാനായി വാട്സ്ആപ്പില്‍ മെസേജ് അയച്ചാല്‍ കുട്ടികള്‍ ശ്രദ്ധിക്കാറില്ലെന്ന് പല അധ്യാപകരും ചൂണ്ടിക്കാട്ടുന്നു. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പഠിപ്പിക്കുന്ന അധ്യാപകര്‍, വിദ്യാര്‍ഥികളെ വിളിച്ച് ശ്രദ്ധയില്‍പ്പെടുത്തേണ്ട അവസ്ഥയാണെന്ന് പറയുന്നു. ഇന്റര്‍നെറ്റ് ഓണാക്കിയില്ല, നെറ്റ് തീര്‍ന്നുപോയി എന്നൊക്കെയാണ് പലരും മറുപടി പറയുന്നതെന്ന് അധ്യാപകരില്‍ ചിലര്‍ പറയുന്നു. ഇത്തരമൊരു പഠനരീതി ആദ്യമായി ഏറ്റെടുക്കുന്നതുകൊണ്ടുതന്നെ അധ്യാപകര്‍ക്കും പലവിധ പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നു.
'വി.എച്ച്.എസ്.സി അഗ്രിക്കള്‍ച്ചര്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് പ്രായോഗികമാണെന്ന് തോന്നുന്നില്ല. കൈ കൊണ്ടും കണ്ണ് കൊണ്ടും അനുഭവിച്ച് അറിയേണ്ടതാണ് കൃഷി. ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ് എന്നിവയെല്ലാം കുട്ടികള്‍ ചെയ്തുനോക്കി മനസിലാക്കേണ്ടതാണ്. കൃഷി ചെയ്യുന്ന രീതികളൊക്കെ ഓണ്‍ലൈനായി എങ്ങനെ പഠിക്കും? പ്ലസ്ടുവിലെ വിദ്യാര്‍ഥികളെ സംബന്ധിച്ച് കെമിസ്ട്രി,ഫിസിക്സ്,ബയോളജി എന്നിവയെല്ലാം പുതിയ വിഷയങ്ങളല്ലേ .കണ്ടറിഞ്ഞ് ആശയവിനിമയം നടത്തി പഠിക്കേണ്ടതല്ലേ. പി.എച്ച്.ഡി പോലെ സ്വന്തം പ്രയത്നത്താല്‍ പഠിക്കുന്ന ഉപരിപഠനകോഴ്സുകള്‍ക്ക് ഓണ്‍ലൈന്‍ കോച്ചിങ്ങ് പ്രായോഗികമായിരിക്കും' - വി.എച്ച്.എസ്.സിയില്‍ മുന്‍ അധ്യാപികയായ ഡാന വിശദമാക്കുന്നു.
'ഓണ്‍ലൈന്‍ ക്ലാസിന് ഗുണവും ദോഷവുമുണ്ട്. സാധാരണ പ്ലസ്ടുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ക്ലാസ്മുറിയില്‍ വെറും എട്ടുമിനിറ്റ് മാത്രമേ ശ്രദ്ധയോടെ പിടിച്ചിരുത്താന്‍ പറ്റുകയുള്ളു. ശ്രദ്ധ മാറുമ്പോള്‍ ക്ലാസ്റൂമില്‍ അധ്യാപകര്‍ക്ക് മനസിലാക്കാനും ഉപദേശിച്ച് മാറ്റിയെടുക്കാന്‍ കഴിയുകയും ചെയ്യും. അതുപോലെ ഇന്റര്‍നെറ്റ് വേഗത ഇല്ലാത്തവര്‍ ഉണ്ട്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരും വിദ്യാസമ്പന്നരുമായ മാതാപിതാക്കളാണെങ്കില്‍ കുട്ടികള്‍ പഠിക്കുകയാണോ അതോ കളിക്കുകയാണോ എന്ന് മനസിലാക്കാം. അല്ലാത്തവര്‍ക്ക് എങ്ങനെ കുട്ടികളെ കൈകാര്യം ചെയ്യാന്‍ കഴിയും?' -വി.എച്ച്.എസ്.സി അധ്യാപികയായ ദീപ
അഭിപ്രായം പങ്കുവെക്കുന്നു.
വിക്ടേഴ്സ് ചാനലിലെ ക്ലാസ് കണ്ട ശേഷം വളരെ മോശം പെര്‍ഫോമന്‍സ് ആണ് അധ്യാപകര്‍ക്കെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ഉണ്ടായിരുന്നു. പക്ഷേ ലോകം മുഴുവന്‍ തങ്ങളെ ശ്രദ്ധിക്കുമ്പോള്‍ അധ്യാപകര്‍ക്ക് എത്രത്തോളം മനസമാധാനമുണ്ടാകുമെന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആലോചിക്കണം. മാനസികമായി ഒട്ടും സുരക്ഷിതത്വം അനുഭവിക്കാതെ ക്ലാസ് എടുക്കുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന അങ്കലാപ്പ് മാത്രമാണിതെന്ന് ആലോചിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളു.
'ഈ സമയത്ത് ഓണ്‍ലൈന്‍ ക്ലാസ് മാത്രമേ നടക്കുകയുള്ളു. എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ വിലപ്പെട്ട സമയമല്ലേ നഷ്ടപ്പെടുന്നത്. എന്റെ മകള്‍ പറയുന്നത് കുറഞ്ഞ സമയം മാത്രം ക്ലാസുള്ളതുകൊണ്ട് ഓണ്‍ലൈന്‍ ക്ലാസ് നല്ലതാണെന്നാണ്. പക്ഷേ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഗുണത്തേക്കാളേറെ ദോഷങ്ങളാണ്. ഞങ്ങളുടെ ഗ്രാമങ്ങളിലൊക്കെ ഒരു വീഡിയോ ഡൗണ്‍ലോഡ് ആകാന്‍ അര മണിക്കൂറൊക്കെ എടുക്കും. കറന്റ് പോയാല്‍ വൈഫൈ സൗകര്യവും ഉണ്ടാകില്ല. പ്രത്യേകിച്ച് മഴക്കാലത്ത് ഞങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഒരേ സമയത്ത് വീട്ടിലിരുന്ന് എല്ലാ കുട്ടികളും ക്ലാസ് കേള്‍ക്കണമെന്നില്ലല്ലോ. നാട്ടിന്‍പുറങ്ങളില്‍ അനുഭവിക്കുന്ന പ്രശ്നം വേഗതയില്ലാത്ത ഇന്റര്‍നെറ്റ് കണക്ഷന്‍ തന്നെയാണ്.' -പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ അമ്മയായ ലിഷ പറയുന്നു.
ബി.ടെക് മൂന്നാം വര്‍ഷം പഠിക്കുന്ന കുട്ടി മുറി അടച്ച് ഓണ്‍ലൈന്‍ ക്ലാസ് എന്നും പറഞ്ഞ് ഇരിക്കുന്ന അനുഭവം പങ്കുവെച്ചതും മറ്റൊരു വീട്ടമ്മ. ക്ലാസിലിരുന്ന് പഠിക്കുന്ന ഗൗരവം കാണിക്കാതെ എന്തെങ്കിലും പുസ്തകം വായിച്ചിരിക്കുന്ന കാഴ്ചയാണ് കതക് തുറന്ന് നോക്കിയാല്‍ കാണുന്നതെന്നാണ് ഇവര്‍ പറഞ്ഞത്.
'കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നേരത്തേ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ വൈദ്യുതി ലഭ്യത, ഡാറ്റ റീചാര്‍ജ് എന്നിവ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സാധിക്കണമെന്നില്ല. പലര്‍ക്കും അച്ഛന്റെ കൈയിലായിരിക്കും മൊബൈല്‍ ഫോണ്‍. അച്ഛന് പുറത്ത് പോകണമെങ്കില്‍ മക്കളുടെ ഓണ്‍ലൈന്‍ ക്ലാസ് നോക്കി മൊബൈല്‍ കൈകാര്യം ചെയ്യേണ്ട അവസ്ഥയുമുണ്ട്. പിന്നെ ലാപ്ടോപ്പും കമ്പ്യൂട്ടറും ഇല്ലാത്ത എത്രയോ വീടുകളുണ്ട്. രക്ഷിതാക്കള്‍ക്ക് എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് അറിയാത്ത സാഹചര്യവുമുണ്ട്.'- വീട്ടമ്മയായ ശാരിക പറയുന്നു.
ക്ലാസ്മുറികള്‍ മാത്രം കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസത്തിന് എല്ലാക്കാലത്തും നിലനില്‍പ് സാധ്യമല്ലെന്ന് പലരും നേരത്തേ തിരിച്ചറിഞ്ഞിരുന്നു. പ്രോഗ്രാംഡ് ലേണിങ്ങ് മെറ്റീരിയല്‍ (Programmed learning material) തയ്യാറാക്കാനുള്ള പരിശീലനം ഏകദേശം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തമിഴ്‌നാട്ടിലെ ഭാരതിയാര്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ പഠന വിഷയമായിരുന്നു. വിദഗ്ധര്‍ തയ്യാറാക്കിയ പ്രോഗ്രാമുകള്‍ വഴി അധ്യാപകര്‍ക്ക് കുട്ടികളെ പഠിപ്പിക്കാനും അതേസമയം തന്നെ വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠിക്കാനുമുള്ള സാങ്കേതിക വിദ്യയാണിത്. ഇലക്ട്രോണിക് ലേണിങ്ങ് സംവിധാനങ്ങള്‍ ഉപയോഗിച്ച് കഠിനമായ പാഠഭാഗങ്ങള്‍ ലഘൂകരിച്ച് ആനിമേഷന്‍ നടത്തി വിദ്യാര്‍ഥികള്‍ക്ക് സി.ഡി വഴി കാണാനുള്ള സംവിധാനം സൃഷ്ടിക്കാനും ആ കോഴ്‌സിന്റെ ഭാഗമായി പഠിപ്പിക്കുന്നുണ്ടായിരുന്നു.
കുട്ടികള്‍ക്ക് തന്നിരിക്കുന്ന ഉത്തരങ്ങളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനും അത് ശരിയാണോ തെറ്റാണോ എന്ന് സ്വയം പരിശോധിക്കാനുമുള്ള സൗകര്യം നല്‍കുന്നതുമാണ് ഇത്തരത്തിലുള്ള ഇലകട്രോണിക് ലേണിങ്ങ് സംവിധാനങ്ങള്‍. തെറ്റുത്തരമാണെങ്കില്‍ എന്തുകൊണ്ട് തെറ്റായി എന്ന് കാണിക്കുന്ന വിവരണങ്ങളും അതോടൊപ്പം നല്‍കുന്നു. ക്ലാസുകളില്‍ പോയി പഠിക്കാന്‍ കഴിയാത്ത ഇത്തരം സാഹചര്യങ്ങളിലേക്കായി ഓരോ ക്ലാസിലെയും പാഠഭാഗങ്ങള്‍ ഇത്തരത്തില്‍ തയ്യാറാക്കി മിതമായ വിലയ്ക്ക് വിപണിയിലെത്തിക്കുകയോ സ്‌കൂള്‍ വഴി വിതരണം ചെയ്യുകയോ ചെയ്താല്‍ വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി പഠനം നടത്താന്‍ കഴിയും. എന്നിരുന്നാലും വൈഫൈയും ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷനും സ്മാര്‍ട്ട്ഫോണും ഇല്ലാത്ത പാവപ്പെട്ട വിദ്യാര്‍ഥികളുടെ മുമ്പില്‍ ഇത്തരം സാധ്യതകളും ചോദ്യചിഹ്നമായി മാറുന്നു. ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് ബെവ്കോ രൂപകല്‍പന ചെയ്ത പോലെ, വിദ്യാഭ്യാസ മേഖലയിലും പാവപ്പെട്ടവന്റെ പ്രതീക്ഷകള്‍ സാക്ഷാത്കരിച്ച് വിദ്യ പകര്‍ന്നു നല്‍കാന്‍ കഴിയുന്ന നൂതന ആപ്പുകള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.