65 വർഷങ്ങൾക്ക് ശേഷം നിഗൂഢതകൾ മറനീക്കി, 'അമേരിക്കയുടെ അജ്ഞാതനായ കുട്ടി' യെ തിരിച്ചറിഞ്ഞു!
1957 ഫെബ്രുവരിയിലെ ഒരു തണുപ്പുള്ള പ്രഭാതത്തിലാണ് ആ അഞ്ച് വയസുകാരന്‍റെ മൃതശരീരം പെട്ടിക്കുള്ളിലാക്കിയ നിലയില്‍ പൊലീസ് കണ്ടെത്തിയത്. അന്ന് മുതല്‍ പോലീസ് കുട്ടിയെ അന്വേഷിക്കുകയാണ്. എന്നാല്‍ ഓരോ അന്വേഷണവും ഫലം കണ്ടില്ല.
1957 ഫെബ്രുവരിയിലെ ഒരു തണുപ്പുള്ള പ്രഭാതത്തിലാണ് അയാൾ തന്‍റെ വീട്ടുമുറ്റത്ത് ഒരു കാർബോർഡ് പെട്ടി കണ്ടത്. പെട്ടി തുറന്ന് നോക്കിയ അയാൾ ഭയന്ന് വിറച്ചു. പെട്ടിക്കുളിൽ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ ഒരു ആൺകുട്ടിയുടെ നഗ്ന ശരീരം. കടുത്ത പോഷകാഹാരക്കുറവിന്‍റെ ശാരീരിക ആഘാതങ്ങൾ ഏറ്റതിന്‍റെയും ലക്ഷണങ്ങൾ ആ ശരീരം പ്രകടമാക്കിയിരുന്നു. കുട്ടിയുടെ തലമുടിയും തലയോട്ടിയോട് ചേർത്ത് ക്രൂരമായ രീതിയിൽ മുറിച്ചിരുന്നു.
ഫിലാഡൽഫിയ നഗരത്തെ മുഴുവൻ ആശയക്കുഴപ്പത്തിലാക്കിയ 'അമേരിക്കയുടെ അജ്ഞാതനായ കുട്ടി' എന്ന ചുരുളഴിയാത്ത രഹസ്യം അവിടെ ആരംഭിക്കുന്നു. ഒടുവിൽ, നീണ്ട 65 വർഷങ്ങൾക്ക് ശേഷം 2022 ഡിസംബർ 8 ന് ആ ആൺകുട്ടിയെ തിരിച്ചറിഞ്ഞിരിക്കുന്നു. 'ജോസഫ് അഗസ്റ്റസ് സാരല്ലി' എന്നായിരുന്നു ആ നിര്‍ഭാഗ്യവാനായ കുട്ടിയുടെ പേര്. ജീവിച്ചിരുന്നുവെങ്കില്‍ ആ കുട്ടിക്ക് ഇന്ന് 70 വയസ് പ്രായമുണ്ടാകുമായിരുന്നു.
രാജ്യത്തെ പിടിച്ച് കുലുക്കിയ കോൾഡ് കേസ്
1957 ഫെബ്രുവരി 26 -ന്, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടടുത്ത ദിവസം ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്‍റ് ഒരു ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ വിരലടയാളം എടുക്കുകയും പത്രമാധ്യമങ്ങളിൽ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുകയും ചെയ്തു. മൃതദേഹം തിരിച്ചറിയാൻ ആരെങ്കിലും ഉടൻ വരുമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ശുഭാപ്തി വിശ്വാസം. എന്നാൽ, ഒരാൾ പോലും എത്തിയില്ലെന്ന് മാത്രമല്ല കുട്ടിയെ തിരിച്ചറിയുന്നതിനുള്ള യാതൊരുവിധ തെളിവുകളും ഉദ്യോഗസ്ഥർക്ക് ലഭിച്ചില്ല.
കൂടുതല്‍ വായനയ്ക്ക്: ഗൂഗിൾ, ഇംഗ്ലീഷ്, ഹൈക്കോട്ട്, കോഫി, ബ്രിട്ടീഷ്.....; വിചിത്രമായ പേരുകളുള്ള ഒരു കര്‍ണ്ണാടക ഗ്രാമം
കുട്ടിക്ക് നാലിനും ആറിനും ഇടയിൽ പ്രായമുണ്ടെന്നും ശരീരത്തിന് അകത്തും പുറത്തും നിരവധി മുറിവുകൾ ഉണ്ടായിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. 'ബോയ് ഇൻ ദി ബോക്സ്' കേസ് പ്രാദേശികവും ദേശീയവുമായ മാധ്യമശ്രദ്ധ ആകർഷിച്ചു. കുട്ടിയുടെ മുഖമുള്ള 4,00,000 പോസ്റ്ററുകൾ അച്ചടിച്ച് രാജ്യമെങ്ങും വിതരണം ചെയ്തു. പൂർണമായി വസ്ത്രം ധരിച്ച് ഇരിക്കുന്ന കുട്ടിയുടെ പോസ്റ്റ്‌മോർട്ടം ചിത്രങ്ങളും പൊതുജനങ്ങൾക്കായി പങ്കുവെച്ചു. പക്ഷേ പറയത്തക്ക ഒരു വഴിത്തിരിവും ഉണ്ടായില്ല.
കൂടുതല്‍ വായനയ്ക്ക്; കോടികളുടെ സ്വത്തും ബിസിനസും വേണ്ട; സന്യാസം സ്വീകരിക്കാനൊരുങ്ങി വ്യാപാരി കുടുംബം
ഒടുവിൽ കുട്ടിയെ 'അമേരിക്കയുടെ അജ്ഞാതനായ കുട്ടി' എന്ന ശിലാഫലകം സ്ഥാപിച്ച സിമിത്തേരിയിൽ സംസ്കരിച്ചു. അതിനുശേഷം 1998 -ൽ കുട്ടിയുടെ പല്ലിൽ നിന്നും ഡിഎൻഎ വേർതിരിച്ചെടുത്തു. 2016 മാർച്ചിൽ, കാണാതായതും ചൂഷണം ചെയ്യപ്പെട്ടതുമായ കുട്ടികളുടെ ദേശീയ കേന്ദ്രം അവരുടെ ഡാറ്റാബേസിലേക്ക് കുട്ടിയുടെ ഡിഎൻഎ ചേർക്കുകയും ഫോറൻസിക് ഫേഷ്യൽ പുനർനിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. 2019 ൽ, അധിക ഡിഎൻഎ വീണ്ടെടുക്കാൻ ശരീര അവശിഷ്ടങ്ങൾ ഒരിക്കൽ കൂടി പുറത്തെടുത്തു.
നിർണായക വഴിത്തിരിവ്
2022 നവംബർ 30 -ന്, ഒരു ഫോറൻസിക് ജനിതക വംശാവലി കമ്പനിയുടെ സഹായത്തോടെ കുട്ടിയെ തിരിച്ചറിഞ്ഞതായി ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. മൃതദേഹം കണ്ടെത്തി 65 വർഷക്കാലം പിന്നിട്ടതിന് ശേഷമായിരുന്നു ആ നിർണായക കണ്ടെത്തൽ. നാല് വയസ്സുകാരനായ ജോസഫ് അഗസ്റ്റ് സാരല്ലി ആയിരുന്നു ആ കുട്ടി എന്ന് പോലീസ് വെളിപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കൾ മരിച്ചു പോയെങ്കിലും ജീവിച്ചിരിക്കുന്ന സഹോദരങ്ങൾ ഇപ്പോഴും ഉണ്ടെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
ഒരു പബ്ലിക് ഡാറ്റാബേസിൽ അപ്‌ലോഡ് ചെയ്ത ബന്ധുവിന്‍റെ ഡിഎൻഎ വഴിയാണ് ജോസഫിനെ തിരിച്ചറിഞ്ഞത്. ആ വ്യക്തിയുടെ അമ്മ, ജോസഫിന്‍റെ ആദ്യത്തെ കസിൻ ആയിരുന്നു. അന്വേഷകരുടെ അഭ്യർത്ഥന പ്രകാരം അവർ തന്‍റെ ഒരു ജനിതക പ്രൊഫൈൽ സമർപ്പിക്കുകയും ശേഷം, ജോസഫിന്‍റെ ജനന രേഖകളിലൂടെയും തുടർന്നുള്ള ഡിഎൻഎ പരിശോധനയിലൂടെയും പോലീസിന് ജോസഫിന്‍റെ മാതാപിതാക്കളെ തിരിച്ചറിയുകയായിരുന്നു. അങ്ങനെ മരണപ്പെട്ട് 65 വർഷങ്ങൾക്ക് ശേഷം അവന്‍റെ ശവകുടീരത്തിൽ സ്വന്തം പേരും ചിത്രവും ആലേഖനം ചെയ്യപ്പെട്ടു. 'അമേരിക്കയുടെ അജ്ഞാതനായ കുട്ടി' എന്ന ശിലാഫലകം മാറ്റിവയ്ക്കപ്പെട്ടു. പകരം ജോസഫ് അഗസ്റ്റ് സാരല്ലി എന്ന പേരെഴുതിയ ശിലാഫലകം സ്ഥാപിച്ചു. അപ്പോഴും ജോസഫ് എങ്ങനെ മരിച്ചുവെന്നോ, ആരാണ് ജോസഫിനെ കൊലപ്പെടുത്തി പെട്ടിക്കുള്ളിലാക്കി ഒളിപ്പിച്ചതെന്നോ പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അഥവാ ആ കാര്യങ്ങള്‍ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല.
കൂടുതല്‍ വായനയ്ക്ക്: റോബോ ഷെഫ് പാചകം ചെയ്യുന്ന 70 ഓളം വിഭവങ്ങളുമായി ഒരു റസ്റ്റോറന്‍റ്