അമർദീപ് സദാ, എട്ടാംവയസ്സിൽ അടിച്ചുകൊന്നത് മൂന്നു കുഞ്ഞുങ്ങളെ, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ

"നിങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങളെ കൊന്നപ്പോൾ നിങ്ങൾ പൊലീസിൽ അറിയിച്ചിരുന്നെങ്കിൽ ഇന്ന് എന്റെ മോളെങ്കിലും ജീവനോടെ ഉണ്ടാവില്ലായിരുന്നോ? നിങ്ങളാണ് എന്റെ മോളെ കൊന്നത്..."

Amardeep Sada, battered three toddlers before turning eight, youngest serial killer of india

തന്റെ ഏഴാമത്തെ വയസ്സിലാണ് അമർദീപ് സദ ഒരാളെ കൊന്നുകളയുന്നതിലുള്ള ഹരം തിരിച്ചറിയുന്നത്. അതേ, ഈ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറാണ് ഈ കൊച്ചുകുട്ടി. അമർദീപ് സദായുടെ ജീവിതകഥ 'ദ ഡെഡ്ലി ഡസൻ', മോസ്റ്റ് ഡ്രെഡഡ് സീരിയൽ കില്ലേഴ്സ് ഓഫ് ഇന്ത്യ' എന്ന പുസ്തകത്തിൽ അനിർബൻ ഭട്ടാചാര്യ വിശദമായിത്തന്നെ എഴുതുന്നുണ്ട്. 

ബിഹാറിലെ ബെഗുസരായി മണ്ഡലം. കനയ്യാ കുമാർ ലോക്സഭയിലേക്ക് മത്സരിച്ചതിനു ശേഷം മലയാളികൾക്ക് പോലും ഈ സ്ഥലപ്പേര് പരിചിതമായിട്ടുണ്ട്. ബെഗുസരായിയിലെ ഒരു കുഞ്ഞു ഗ്രാമമാണ് ഭഗവൽപൂർ. ഇവിടത്തെ ലോക്കൽ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഓ ഇൻസ്‌പെക്ടർ ശത്രുഘ്നൻ കുമാർ ആകെ അമ്പരന്നുപോയ ദിവസമാണ് അന്ന്. അയാളുടെ മുന്നിൽ നരച്ചുതുടങ്ങിയ ഒരു വെള്ളയുടുപ്പുമിട്ട് ഒരു ബാലൻ ഇരിപ്പുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കപ്പെട്ടാൽ പൊതുവേ ആ പ്രദേശത്തുള്ള പിള്ളേരുടെ കണ്ണുകളിൽ കാണാനാകുന്ന ഭീതിയോ, പരിഭ്രമമോ, ആശങ്കകളോ ഒന്നും അവന്റെ കണ്ണുകളിൽ കാണാനുണ്ടായിരുന്നില്ല. 

"എന്താണ് നിന്റെ പേര്?" അയാൾ ചോദിച്ചു. 
"സദാ, സാബ്..." 
"സദായോ... എന്ത് സദാ? മുഴുവൻ പേരും പറ"
"അമർദീപ് സദ" 

അമർദീപ് സദ, വയസ്സ് എട്ട്. ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം, കൊലപാതകം. ഒന്നല്ല, രണ്ടല്ല, മൂന്നു കൊലപാതകങ്ങൾ. അതും കൊച്ചുകുഞ്ഞുങ്ങളുടെ. ഇൻസ്പെക്ടർക്ക് കേട്ടിട്ടും കേട്ടിട്ടും അത് വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല. ഇത്തിരിയില്ലാത്ത ഈ പയ്യൻ എങ്ങനെയാണ് തന്റെ അനുജത്തിയുടെ പ്രായമുള്ള മൂന്നു പിഞ്ചു കുഞ്ഞുങ്ങളെ കൊന്നുകളയുന്നത്? അതും ഇഷ്ടികകൊണ്ട് തലക്ക് വീണ്ടും വീണ്ടും അടിച്ച് തലയോട്ടി പൊട്ടിച്ചിട്ട്? 

തന്റെ മുന്നിൽ വന്നിരിക്കുന്ന തെളിവുകൾ, കൊലപാതകി ആ പയ്യൻ തന്നെ എന്ന് അയാളോട് പറഞ്ഞുകൊണ്ടിരുന്നപ്പോഴും അയാൾ മനസ്സിൽ പ്രതീക്ഷ വെച്ചു. " ഇവൻ ആയിരിക്കില്ല ആ കുഞ്ഞുങ്ങളെ കൊന്നത്. ഞാൻ കാണാതെ പോയ എന്തോ തെളിവ് ആ കൊലപാതകങ്ങൾ നടന്നിടത്തൊക്കെ ഉണ്ട്. അത് കണ്ടെത്തണം. യഥാർത്ഥ പ്രതിയെ അറസ്റ്റുചെയ്യണം. ഈ പാവം പയ്യനെ എത്രയും പെട്ടെന്ന് അവന്റെ അച്ഛനമ്മമാർക്കടുത്തേക്ക് തിരികെ കൊണ്ടുചെന്നാക്കണം". അയാൾ തന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു. 

അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ തന്നെ ഇൻസ്‌പെക്ടർ തീരുമാനിച്ചു. കസേര വലിച്ചിട്ട് അയാൾ ആ പയ്യന്റെ അടുത്തേക്ക് ചെന്നിരുന്നു. അവനെ ഒരു കസേരയിലാണ് ഇരുത്തിയിരുന്നത്. അവന്റെ കാൽ തറയിൽ എത്തുന്നതുപോലുമില്ലായിരുന്നു.  ആ കസേരയിൽ കാലുകളും പിണച്ചുകൊണ്ടാണ് അവൻ ഇരുന്നത്.  "എത്ര ചെറുപ്പമാണ് ഇവൻ" അയാൾ മനസ്സിലോർത്തു. 

"നീ എന്തിനാടാ ആ പിള്ളേരെ കൊന്നുകളഞ്ഞത്" അയാൾ ഒരു പൊലീസുകാരന്റെ സ്വതസിദ്ധമായ ഗൗരവത്തോടെ അവനോട് ചോദിച്ചു.
"വിശക്കുന്നു സാറേ... ബിസ്കറ്റുണ്ടോ ഇവിടെ?" അവന്റെ മറുപടി അങ്ങനെയായിരുന്നു. അവന്റെ വിലപേശൽ കണ്ടോ? എങ്ങനെ കൊന്നു എന്ന് പറഞ്ഞു തരണമെങ്കിൽ അവനു ബിസ്കറ്റ് കൊടുത്താലേ പറ്റൂ എന്ന്..! എങ്ങനുണ്ട്? 

അവന്റെ കണ്ണിൽ വല്ലാത്തൊരു ക്രൗര്യം വന്നു നിറയുന്നത് ആ പൊലീസ് ഓഫീസർ ശ്രദ്ധിച്ചു. കസേരയിൽ കാലും ആട്ടിയിരുന്നു ചിരിച്ചുകൊണ്ട് അവൻ അയാളോട് വല്ലാത്തൊരു കളിക്ക് തുടക്കമിട്ടിരിക്കുകയാണ്. "ബിസ്കറ്റ് തരുന്നുണ്ടോ ഇല്ലയോ?" ഇത്തവണ അവന്റെ ചോദ്യത്തിൽ താക്കീതിന്റെ കനമുണ്ടായിരുന്നു. 

ആ ചോദ്യം ഇത്തിരി ഉച്ചത്തിലായിപ്പോയി. അപ്പുറത്തിരുന്ന് ജിഡി ബുക്ക് എഴുതിക്കൊണ്ടിരുന്ന സ്റ്റേഷൻ റൈറ്റർ തലപൊക്കിനോക്കി. ശത്രുഘ്‌നൻ സാബിന്റെ ദേഷ്യം ആ പൊലീസ് സ്റ്റേഷനിൽ എല്ലാവർക്കും നല്ല നിശ്ചയമുള്ളതാണ്. അവന്റെ ഇടതു കരണം പുകച്ചുകൊണ്ട് സാബിന്റെ അടി ഇപ്പോൾ പൊട്ടും എന്നുതന്നെ റൈറ്റർ കരുതി. എന്നാൽ, ശത്രുഘ്‌നൻ എസ് ഐ അന്ന് പതിവിലും ശാന്തത അവലംബിച്ച ദിവസമായിരുന്നു. ഒരു കാരണവശാലും ആ പയ്യന്റെ ദേഹത്ത് കൈവെക്കില്ല എന്ന് അയാൾ ഉറപ്പിച്ചിട്ടുണ്ട്. കാരണം അവനൊരു മൈനറാണ്. എങ്ങാനും അടികൊണ്ട് വല്ലതും പറ്റിയാൽ കളി വേറെയാകും. പ്രായപൂർത്തി ആയ വല്ല പ്രതികളുമാണെങ്കിൽ അടികൊണ്ട് താഴെ മറിഞ്ഞു വീഴേണ്ട സമയം കഴിഞ്ഞിട്ടുണ്ട്.

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണുകിടക്കുന്ന ഒരു കുടുംബമാണ് അമർദീപിന്റേത്. ബലറാമിനും പാറുളിനും ആദ്യമായി ഒരു ആൺകുഞ്ഞ് പിറന്നുവീണപ്പോൾ അവർ ഏറെ ആഹ്ളാദിച്ചു. 'കെടാവിളക്ക്' എന്ന അർത്ഥം വരുന്ന അമർദീപ് എന്ന പേരാണ് അവർ തങ്ങളുടെ കുഞ്ഞിനിട്ടത്. ചെകിടുപൊട്ടിക്കുന്ന നിലവിളിയോടെ തന്റെ വയറ്റിൽ നിന്ന് പുറത്തുവന്ന അവൻ ഏഴുവർഷത്തിനുള്ളിൽ തന്നെ ആ വീടിന്റെയും മറ്റു മൂന്നു വീടുകളുടെയും വെളിച്ചം പാടെ കെടുത്തിക്കളയും എന്ന് അവന്റെ അമ്മ സ്വപ്നേപി കരുതിയിരുന്നില്ല. 

അവൻ ആ ഗ്രാമത്തിലെ മറ്റേതൊരു കുഞ്ഞിനേയും പോലെ കുസൃതികളും, വികൃതികളും ഒക്കെ കാണിച്ചുകൊണ്ടാണ് വളർന്നുവന്നത്. അമർദീപിന് അഞ്ചു വയസ്സ് തികഞ്ഞ കാലം. ഒരു ദിവസം പതിവുപോലെ പുറത്ത് കളിക്കാനെന്നും പറഞ്ഞു വീട്ടിൽ നിന്നിറങ്ങിപ്പോയ അവൻ തിരികെ വന്നത് ഉടുപ്പിൽ കറകളും കാൽമുട്ടിൽ പരിക്കുമായിട്ടാണ്. അടുക്കളയിൽ റോട്ടി ഉണ്ടാക്കിക്കൊണ്ടിരുന്ന അമ്മ പാറുൾ അതുകണ്ടപാടേ അവനോട് കാര്യം തിരക്കി. അവൻ ഒരക്ഷരം വിട്ടുപറഞ്ഞില്ല. കരഞ്ഞുമില്ല. അടുത്ത ദിവസം ആ പാവം അമ്മ അടുത്തുള്ള ഹനുമാൻ സ്വാമിയുടെ അമ്പലത്തിൽ പോയി അവിടത്തെ പൂജാരിയെക്കൊണ്ട് ഒരു തകിട് ജപിച്ച് വാങ്ങിക്കൊണ്ടു വന്നു.  അത് അവനെ ദുഷ്ടശക്തികളിൽ നിന്ന് രക്ഷിക്കും എന്ന് ആ പൂജാരി അവർക്കുറപ്പു നൽകിയിരുന്നു. 

എന്നാൽ, ആ തകിട് ധരിക്കാൻ അമർദീപ് കൂട്ടാക്കിയില്ല. അത് ഒരു ആഭരണം മാത്രമാണ് എന്നും. ആ തകിട് ഹനുമാൻ സ്വാമി നേരിട്ട് അവനു സമ്മാനിച്ചതാണ് എന്നും അവനെയവർ പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങനെ ആ തകിട് ഒരു മന്ത്രച്ചരടിന്മേൽ കോർത്ത് അവന്റെ കഴുത്തിൽ കയറിക്കൂടി. പിന്നെ എന്നും അവന്റെ ആ തകിടിൽ തൊട്ടുകൊണ്ട് അമ്മ പ്രാർത്ഥിച്ചുകൊണ്ടിരുന്നു, "ഹനുമാൻ സ്വാമീ, എന്റെ കുഞ്ഞിന് ഒന്നും വരുത്തരുതേ..." 

അമർദീപിന് വയസ്സേറും തോറും അവന്റെ മിണ്ടാട്ടം കുറഞ്ഞു കുറഞ്ഞു വന്നു. അവൻ പലയിടത്തുനിന്നും സാധനങ്ങൾ ചൂണ്ടിക്കൊണ്ട് വരാൻ തുടങ്ങി. അതൊക്കെ സ്വന്തം വീട്ടുകാർ പോലും കാണാതെ അവൻ ഒളിപ്പിക്കാനും തുടങ്ങി. വീട്ടിൽ കൊടിയ ദാരിദ്ര്യമായിരുന്നു. കളിപ്പാട്ടങ്ങൾ ഒന്നും വാങ്ങിച്ചുകൊണ്ടുവരാൻ അവന്റെ അച്ഛനോ അമ്മയ്ക്കോ പാങ്ങുണ്ടായിരുന്നില്ല. അവന്റെ കയ്യിൽ വഴിയിൽ വീണു കിട്ടുന്ന പൊട്ടും പൊടിയും കല്ലും മരവുമൊക്കെ അവനു കളിപ്പാട്ടങ്ങളായി മാറി. അതൊക്കെ വെച്ച് അവൻ തന്റെ ഭാവനാലോകത്ത് പലതരം കളികളിൽ ഏർപ്പെട്ടു. 

അമർദീപിന് ഏഴുവയസ്സുതികഞ്ഞു. കണ്ണും കാതുമൊക്കെ ഉറച്ചു തുടങ്ങുന്ന പ്രായം. ആ ദിവസങ്ങളിൽ ഒന്നിൽ അവന്റെ അമ്മായിയുടെ മകൻ അവരുടെ വീട്ടിലേക്ക് ഒഴിവുകാലം ചെലവിടാൻ വന്നെത്തി. പാറുളിന്റെ സഹോദരി മീന നേരിട്ടുവന്നാണ് അവനെ അവിടെ കൊണ്ടുവിട്ടത്. മുന്നറിയിപ്പൊന്നും കൂടാതെ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അവന്റെ അമ്മ അവിടെ കൊണ്ടുവിടുകയായിരുന്നു. "ഒരു മാസത്തേക്ക് നീ ഇവനെ നോക്കണേ പാറുൾ..."  എന്നും പറഞ്ഞ് അവർ തിരികെപ്പോയി. അവർക്ക് പട്നയിൽ ഒരു വീട്ടുവേലക്കാരിയുടെ ജോലി തരപ്പെട്ടിരുന്നു. കുഞ്ഞിനെ വീട്ടിൽ ഒറ്റയ്ക്കിട്ടു പോകാൻ അവർക്കൊരു മടി. അതാണ് തന്റെ സഹോദരിയുടെ വീട്ടിലാക്കിയിട്ട് പോകാം എന്നവർ കരുതിയത്. 

അമർദീപിന്റെ അമ്മയ്ക്ക് അത് അത്രയ്ക്കങ്ങോട്ട് രസിച്ചിട്ടില്ലായിരുന്നു. കാരണം, "ഇവിടെയുള്ള മൂന്നു വയറുനിറയെ ഭക്ഷണം കൊടുക്കാൻ പറ്റുന്നില്ല. അതിനിടെയാണ് നാലാമത് ഒരെണ്ണത്തെ ഇവിടെ ഇട്ടിട്ടു പോകുന്നത്" പാറുൾ മനസ്സിൽ കരുതി. ചേച്ചിയുടെ മനസ്സ് വായിച്ചിട്ടാകും പോകും മുമ്പ് ആ സ്ത്രീ പറഞ്ഞു, "എന്റെ ആദ്യത്തെ ശമ്പളം കിട്ടിയാൽ ഉടനെ തന്നെ ഞാൻ ഇവന് ചെലവിനുവേണ്ടതൊക്കെ അയച്ചുതരാം, അതുവരെ നീ ഒന്ന് നോക്കെടി..." 

പോകും മുമ്പ് ആ അമ്മ തന്റെ കുഞ്ഞുമോനെ ഒരിക്കൽ കൂടി കയ്യിലെടുത്ത് നെഞ്ചോട് ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചു. അവർക്ക് ആ വേർപാട് താങ്ങാവുന്നതായിരുന്നില്ല. ആ കവിളിലൂടെ കണ്ണുനീർ ധാരധാരയായി ഒഴുകി. തന്റെ കണ്ണിലെ കരിയിൽ നിന്ന് ഒരല്പം വിരലിലേക്ക് പകർന്ന് അവർ മകന്റെ കവിളില്‍ അണിയിച്ചു. അത് അവന്റെ ദൃഷ്ടി ദോഷങ്ങളെല്ലാം കളഞ്ഞ് അവൻ ആയുരാരോഗ്യസൗഖ്യത്തോടെ തുടരാൻ വേണ്ടിയായിരുന്നു. തന്റെ മകനെ താൻ അവസാനമായിട്ടാണ് അന്ന് കാണുന്നത് എന്ന് അപ്പോൾ ആ പാവം അമ്മ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. താൻ സഹിക്കാനിരുന്ന ക്രൂരതയെപ്പറ്റി ആ പിഞ്ചുകുഞ്ഞിനും യാതൊരറിവും ഉണ്ടായിരുന്നില്ല അപ്പോൾ. 

ആ കൊച്ചു കുഞ്ഞ് അവിടെയെത്തിയിട്ട് ആഴ്ചയൊന്നു കഴിഞ്ഞിരുന്നു. അതിനിടെ അമർദീപിന്റെ അമ്മയുടെ വയറ്റിൽ അടുത്ത കുഞ്ഞിന്റെ ഭ്രൂണം പൊടിച്ചു കഴിഞ്ഞിരുന്നു. അവർക്ക് ഒരു ദിവസം വളരെ അത്യാവശ്യമായി ചന്തയ്ക്ക് പോവണം. അവർ തന്റെ മകനെ അടുത്ത് വിളിച്ചു പറഞ്ഞു, "എടാ, അമ്മ ചന്തയ്ക്ക് പോയിട്ട് ഇപ്പോൾ തിരിച്ചുവന്നേക്കാം. അതുവരെ കുഞ്ഞോനെ നീ ഒന്ന് ശ്രദ്ധിച്ചേക്കണം".  അതും പറഞ്ഞ് തന്റെ അമ്മ ചന്തയിലേക്കുള്ള വഴിയേ പതുക്കെ നടന്നു നീങ്ങുന്നതും നോക്കി അമർദീപ് അൽപനേരം ആ വീടിന്റെ വേലിക്കൽ തന്നെ നിന്നു. എന്നിട്ട് തന്റെ കസിൻ കിടന്നുറങ്ങുന്നേടത്തേക്ക് ചെന്നു. അമ്മായിയുടെ കുഞ്ഞുമോൻ ഗാഢമായ നിദ്രയിലായിരുന്നു. ആ നിമിഷം അമർദീപിന്റെ ഉള്ളിൽ വല്ലാത്തൊരുത്തരം പടപടപ്പുണ്ടായി. അവന്റെ ഉള്ളിൽ വല്ലാത്തൊരു വികൃതിക്കുള്ള വിത്തുമുളച്ചു. 

കിടന്നുറങ്ങുന്ന തന്റെ ആ പിഞ്ചുകുഞ്ഞിന്റെ ചെവി അമർദീപ് പിടിച്ച് അമർത്തിയൊരു നുള്ളുനുള്ളി. ഞെട്ടിയുണർന്ന കുഞ്ഞ് മുളചീന്തുന്ന സ്വരത്തിൽ കരഞ്ഞുവിളിച്ചു. തന്റെ ഉദ്ദേശ്യം നടന്നത്തോടെ അവൻ സന്തുഷ്ടനായി. പിന്നീടങ്ങോട്ട് അവൻ തുടർച്ചയായി ആ കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നു. ആദ്യം ചെവിയിലാണ് നുള്ളിയതെങ്കിൽ പിന്നെ വയറ്റത്തായി, പിന്നെ കവിളിൽ, അതിനുശേഷം മുഖത്ത് ആഞ്ഞൊരു അടി അടിച്ചു. മൂക്കിൽ പിടിച്ച് വലിച്ചു. അമർദീപിന്റെ ഓരോ പ്രവൃത്തിക്കും പിന്നാലെ അവന്റെ കരച്ചിൽ ശബ്ദം ഇരട്ടിച്ചുകൊണ്ടിരുന്നു. അതോടെ കുഞ്ഞിന്‍റെ മുഖം ആകെ വിവര്‍ണമായി. അവൻ തന്റെ രണ്ടു കൈകളും കൊണ്ട് ആ കുഞ്ഞിന്റെ തൊണ്ടക്കുഴിയിൽ അമർത്തിപ്പിടിക്കാൻ തുടങ്ങി. കുഞ്ഞിന്റെ ശബ്ദം നേർത്തു നേർത്തുവരാൻ തുടങ്ങി. കണ്ണ് ഉരുണ്ടുരുണ്ട് വന്നു. അവന്റെ കണ്ണിലൂടെ കണ്ണുനീർ കുടുകുടാ ഒഴുകി. അവന്റെ പിടച്ചിലുകൾ മെല്ലെ നിന്നു. ഇത്രയും നേരം അമർദീപ് നിർത്താതെ ചിരിക്കുകയായിരുന്നു. 

കുഞ്ഞിന്റെ അനക്കം നിലച്ചതോടെ അവൻ ആ പിഞ്ചു ശരീരം ഏറെ പണിപ്പെട്ട് ഇരു കൈകളിലുമായി ഉയർത്തിയെടുത്തു. അവന്റെ വീടിന്റെ പിൻഭാഗത്തുള്ള കൃഷിയിടത്തിലേക്ക് നടന്നു. പൊള്ളുന്ന ചൂടിലും ഉഷ്ണക്കാറ്റ് വീശുന്നുണ്ടായിരുന്നു. അവിടെ നിലത്ത് കിടത്തി അവൻ അടുത്ത് കിടന്ന ഒരു ഇഷ്ടിക കയ്യിലെടുത്തു. ആ ഇഷ്ടികയാൽ അവൻ ആ കുഞ്ഞിന്റെ തലയ്ക്ക് ആഞ്ഞാഞ്ഞ് അടിച്ചുകൊണ്ടിരുന്നു. ആറുമാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ ഉറച്ചുതുടങ്ങിയിട്ടില്ലാത്ത ആ തലയോട്ടി ആദ്യത്തെ അടിക്കുതന്നെ പിളർന്നു. താമസിയാതെ അവിടം ഒരു ചോരക്കളമായി. അവന്റെ തലച്ചോർ പുറത്തുചാടി. അവൻ അടുത്തുകിടന്ന ഒരു കമ്പ് കൊണ്ട് നിലത്ത് കുഴി കുത്തി.  ആ കുഞ്ഞിനെ മറവുചെയ്യാൻ മാത്രം ആഴം ആയപ്പോൾ അവൻ അതിനെ മെല്ലെ ആ കുഴിയിലേക്ക് വെച്ചു. എന്നിട്ടു മണ്ണിട്ട് മൂടി. അതിനുമേൽ ആ കമ്പും ഇഷ്ടികയും വെച്ച ശേഷം തിരിച്ചു നടന്നു.  

പാറുൾ ചന്തയിൽ നിന്ന് പച്ചക്കറികളും വാങ്ങി തിരികെ വന്നപ്പോൾ അമർദീപ് തന്റെ പൊട്ടിയ പ്ലാസ്റ്റിക് കാറും മടിയിൽ വെച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അകത്തു പോയി കുഞ്ഞിനെ നോക്കിയപ്പോൾ അതിനെ അവിടെ കണ്ടില്ല. കിടക്ക ഒഴിഞ്ഞു കിടക്കുന്നത് കണ്ട് പാറുൾ ഓടിവന്ന് ഇടറുന്ന ശബ്ദത്തോടെ അമർദീപിനോട് ചോദിച്ചു. " മോൻ എവിടെ അമർ? "  അവൻ മറുപടി പറയാതെ ചിരിച്ചുകൊണ്ടിരുന്നു. "എടാ നിന്നോടാണ് ചോദിച്ചത്, മോനെവിടെ? നിന്നു ചിരിക്കാതെ കാര്യം പറ.." അവൾക്ക് ദേഷ്യം വന്നു. അവൻ പറഞ്ഞ മറുപടി കേട്ടപ്പോൾ അവൾ സ്തബ്ധയായിപ്പോയി. "മോനെ ഞാൻ കൊന്നുകളഞ്ഞു അമ്മേ..." 

പാറുളിന്റെ കയ്യിൽ നിന്ന് പച്ചക്കറിബാഗ് താഴെ വീണു.അവളുടെ കണ്ണിൽ ഇരുട്ടുകേറി. അവൾ കുഴഞ്ഞ് താഴെവീണു. ആ ചാണകം പൂശിയ നിലത്തുകിടന്ന് അവളോർത്തു. "അവൻ തമാശ പറഞ്ഞതാണോ? മോൻ വീട്ടിൽ തന്നെ എവിടേലും ഉണ്ടോ? അതോ അവൻ കാണാത്തപ്പോൾ എങ്ങാനും ഇഴഞ്ഞ് പുറത്തേക്ക് പോയിക്കാണുമോ?'' അത്തരം സാധ്യതകളെക്കുറിച്ചൊക്കെ അവര്‍ അപ്പോൾ മനസ്സിലോർത്തു. "മോനെ ഇനി ഞാൻ എവിടെപ്പോയി തപ്പും. അവളോട് ഞാൻ എന്തുത്തരം പറയും എന്റെ ദൈവമേ" അവൾ ആകെ അന്ധാളിച്ചുപോയി.

"എടാ, ഇവിടെ വാടാ.  നീ എന്നോട് കള്ളം പറഞ്ഞതല്ലേ? എന്നെ പറ്റിക്കാൻ പറഞ്ഞതല്ലേ? സത്യം പറയെടാ, നീ അവനെ എവിടെയോ ഒളിപ്പിച്ചതല്ലേ? ഒന്ന് പറയെടാ മോനൂ... അവനെവിടെ. ഒന്ന് പറയെടാ..." അവൾ അവനെ സത്യം പറയാൻ വേണ്ടി പരമാവധി നിർബന്ധിച്ചു നോക്കി. അവൻ ആദ്യം തന്നെ പറഞ്ഞത് സത്യം മാത്രമായിരുന്നു. അത് അവന്റെ അമ്മയ്ക്ക് അപ്പോൾ മനസ്സിലായില്ല എന്നുമാത്രം. 

അമ്മയുടെ ചോദ്യത്തോട് അമർദീപ് തലകുലുക്കിയാണ് പ്രതികരിച്ചത്. "അതേ അമ്മേ... ഞാൻ അവനെ ഒളിപ്പിച്ചു വെച്ചിരിക്കുവാ." അതോടെ അത്രയും നേരം പാറുൾ അനുഭവിച്ച പരിഭ്രമം അയഞ്ഞു. അവളുടെ ഭയം അവളെ വിട്ടുമാറി. ആശ്വാസം കലർന്ന സ്വരത്തിൽ അവൾ മകനോട് പറഞ്ഞു, "വേഗം കാണിച്ചു താടാ നീ എവിടെക്കൊണ്ടാ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്ന്. അവനൊരു പാവമല്ലെടാ. ഒറ്റയ്ക്ക് ഇരുന്നാൽ പേടിയാവില്ലേ. വാ... പെട്ടെന്ന് കാണിച്ചു താ എവിടെയാണെന്നുവെച്ചാൽ..." 

അതിനും തല കുലുക്കി സമ്മതം മൂളിക്കൊണ്ട് അമർദീപ് മുന്നിൽ ഇറങ്ങി നടന്നു. പിടക്കുന്ന നെഞ്ചോടെ പാറുൾ പിന്നാലെ ഓടിച്ചെന്നു. " നീ വല്ലാത്ത സാധനം തന്നെയാടാ. എന്നെ ഇട്ടിങ്ങനെ തീ തീറ്റിക്കാതെ വേഗം കാണിച്ചു താടാ, മോനെവിടെയാണെന്നു വെച്ചാൽ" നടക്കുന്നതിന്റെ അവൾ പറഞ്ഞുകൊണ്ടിരുന്നു.

അമ്മയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അമർദീപ് നടന്നു ചെന്നത് വീടിനു പിന്നിലെ കൃഷിയിടത്തിലേക്കാണ്. അവിടെ എത്തിയപ്പോൾ അവൻ നിന്നു. "എടാ... നീ എന്ത് മനുഷ്യനാടാ? ആ ഇത്തിരിയില്ലാത്ത കുഞ്ഞിനെ ഇവിടെ പാടത്ത് കൊണ്ടാണോ ഒളിപ്പിക്കുന്നേ? ഇവിടെ പാമ്പും പഴുതാരയും ഒക്കെ ഓടിനടക്കുന്നതല്ലേ? ഒളിപ്പിക്കുന്നെങ്കിൽ വീട്ടിനുള്ളിൽ എവിടെയാണെന്നുവെച്ചാൽ ഒളിപ്പിച്ചൂടെ? അവനെയൊന്നു കണ്ടുപിടിക്കട്ടെ, നിനക്കുള്ളത് ഞാൻ തരുന്നുണ്ട്. എടാ എവിടെയാണെടാ നീ എന്റെ കുഞ്ഞിനെ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. ഇനി എത്ര നടക്കണം?" 
"ഇനി നടക്കേണ്ട അമ്മേ.. ഞാൻ ഇവിടെ തന്നെയാണ് അവനെ ഒളിപ്പിച്ചു വെച്ചേക്കുന്നത്" അമർദീപ് പറഞ്ഞു. 

"ഇവിടെയോ, ഇവിടെ എവിടെ? കാണുന്നില്ലല്ലോ..." പാറുൾ ചോദിച്ചു.

" ദാ അവിടെ ആ മൺകൂന കാണുന്നില്ലേ? അതിന്റെ അടിയിലുണ്ട് മോൻ" പൊട്ടിച്ചിരിച്ചുകൊണ്ട് അമർദീപ് പറഞ്ഞു. 

പാറുളിന് കാല് കുഴയുന്നത് പോലെ തോന്നി. അമർദീപിനെ തള്ളി വശത്തേക്ക് മാറ്റിയിട്ട് അവൾ മണ്ണുമാന്താൻ തുടങ്ങി. ആകെ ഭയന്ന് പോയിരുന്നു അവൾ. കുറച്ചു നേരം മണ്ണ് മാറ്റിക്കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ തകർന്ന തലയോട്ടി അവളുടെ കയ്യിൽ തടഞ്ഞു. താൻ ഏറെ വൈകിപ്പോയി എന്ന് അവൾ തിരിച്ചറിഞ്ഞു.

അന്ന് രാത്രി പാറുളിന്റെ ഭർത്താവ് ബലറാം തിരികെ വന്നപ്പോൾ അവൾ ഈ വിവരം അയാളെ അറിയിച്ചു. അന്ന് രാത്രി വെളുക്കുവോളം, അയാൾ തന്റെ മകനെ വീട്ടിനുള്ളിൽ കെട്ടിയിട്ട് പൊതിരെ തല്ലി. മകന്റെ പ്രവൃത്തിയോർത്ത് ഏറെ സങ്കടപ്പെട്ടു എങ്കിലും അവർ ഇരുവരും ആ വിവരം പൊലീസിൽ അറിയിച്ചില്ല. അടുത്തമാസം മീന മകനെ തിരികെക്കൊണ്ടു പോകാൻ വേണ്ടി മടങ്ങിവന്നപ്പോൾ ബലറാം അവളുടെ കാൽക്കൽ സാഷ്ടംഗം വീണു. മീന അമ്പരന്നു പോയി. "എന്തിനാണ് ഇങ്ങനെ കാൽക്കൽ വീഴുന്നത്? എഴുന്നേൽക്കൂ" അവൾ പറഞ്ഞു. അതിനയാൾ പറഞ്ഞ മറുപടി അവളുടെ കണ്ണിൽ ഇരുട്ടുകയറ്റുന്നതായിരുന്നു. അവളുടെ ലോകത്തെ സ്ഫടികപ്പാത്രം പോലെ ചിതറിക്കുന്നതായിരുന്നു. 

അവൾ തിരിഞ്ഞ് അമർദീപിനെ നോക്കി. അവൻ അപ്പോഴും അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു. ഈ ഏഴുവയസ്സുകാരനാണ് തന്റെ ഒരേയൊരു കുഞ്ഞിനെ ഇല്ലാതാക്കിയത് എന്ന് വിശ്വസിക്കാൻ അവൾക്ക് സാധിച്ചില്ല. 

"അബദ്ധം പറ്റിയതാണ് അവന്. കുഞ്ഞിന്റെ കർമ്മങ്ങൾ ചെയ്ത് അവനെ മറവു ചെയ്യേണ്ടി വന്നു ഞങ്ങൾക്ക്. ഇല്ലെങ്കിൽ ഇവിടത്തെ ആളുകൾ ഓരോന്ന് പറഞ്ഞു നടന്നേനെ. അവർ പൊലീസിൽ പോയി പരാതിപ്പെട്ടാൽ എന്റെ മോന്റെ ജീവിതം"

"ഇത് നമ്മുടെ കുടുംബത്തിന്റെ പ്രശ്നമാണ്. ഈ നാലു ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തു പോവരുത്. എന്റെ മോന്റെ ജീവിതം തുലയ്ക്കരുത് നീ. ഞാൻ കാലിൽ പിടിച്ച് അപേക്ഷിക്കുകയാണ്.." ബലറാം പറഞ്ഞു. 

മീന എന്ന ആ അമ്മ എങ്ങനെ അതിനു സമ്മതിച്ചു എന്ന് നിശ്ചയമില്ല. എന്നാൽ, തങ്ങളുടെ മകന് താൽക്കാലികമായുണ്ടായ മാനസിക അപഭ്രംശം എന്ന് കരുതി അവനെ സംരക്ഷിക്കാൻ ആ അച്ഛനമ്മമാർ ചെയ്ത ആ പ്രവൃത്തിയാണ്, അടുത്ത രണ്ടു കൊലപാതകങ്ങൾക്കും കാരണമായത്. സ്വന്തം മകന്റെ കാര്യത്തിൽ അവർ കാണിച്ച സ്വാർത്ഥതയാണ് മറ്റൊരു വീട്ടിലെ വെളിച്ചം എന്നെന്നേക്കുമായി കെടുത്തിക്കളഞ്ഞത്. 

ഈ സംഭവം നടന്ന് അധികം താമസിയാതെ പാറുൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. "ഇത് നിന്റെ അനിയത്തിയാണ്. നീ വേണം അവളെ നോക്കാൻ, സംരക്ഷിക്കാൻ" അവൻ ആ പെൺകുഞ്ഞിനെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. അനുജത്തി എന്ന ബന്ധമൊന്നും ആ എട്ടുവയസ്സുകാരന്റെ തലയിലേക്ക് കയറിയില്ല. അച്ഛനും അമ്മയും താനുമടങ്ങുന്ന ലോകത്തേക്ക് ഇടിച്ചുകയറിവന്ന ഒരു അപരിചിത, അത് മാത്രമായിരുന്നു അവന് തന്റെ അനിയത്തി. 

പാറുളിന് പക്ഷേ, തന്റെ മകൻ കഴിഞ്ഞ തവണ ചെയ്തത് അത്ര എളുപ്പം മറക്കാൻ കഴിഞ്ഞിരുന്നില്ല. തന്റെ സഹോദരിയുടെ മകന്‍റെ തലയോട്ടി തകർന്ന മൃതദേഹം പലരാത്രികളിലും അവളെ ഉറക്കത്തിൽ പേക്കിനാവുകളായി വന്നു. ഞെട്ടിയുണർന്ന് നോക്കുമ്പോൾ ഭർത്താവും, മകനും, മകളുമൊക്കെ ഗാഢനിദ്രയിൽ ആണ്ടുകിടക്കുന്നത് കാണുമ്പോൾ അവൾ ആശ്വസിക്കും. വീണ്ടും ഉറങ്ങാൻ ശ്രമിക്കും. ദിവസങ്ങൾ അങ്ങനെ ഒന്നൊന്നായി കൊഴിഞ്ഞു പോയി. അവളുടെ മകൾക്ക് എട്ടുമാസം പ്രായമായി. ഒരു ദിവസം ബാലറാമും ഭാര്യ പാറുളും ചെറിയൊരു ഉച്ചയുറക്കത്തിലായിരുന്നു. ആ പെൺകുഞ്ഞ് തന്റെ കിടക്കയിൽ കിടന്ന് കൈകാലിട്ടടിച്ച് കളിക്കുന്നുണ്ടായിരുന്നു. പുറത്തെവിടെയോ അലഞ്ഞു തിരിഞ്ഞു നടന്ന് എപ്പോഴോ അമർദീപ് വീട്ടിനുള്ളിലേക്ക് വന്നു കയറി. അനുജത്തി കിടക്കുന്ന കിടക്കയ്ക്കരികിലെത്തി. ചേട്ടനെ അവൾക്ക് നേരിയ ഒരു പരിചയം വന്നു തുടങ്ങിയിരുന്നു. അവന്റെ മുഖം കണ്ടതും അവൾക്ക് സന്തോഷമായി. അവൻ ചെന്ന് അവളുടെ അടുത്തിരുന്നപ്പോൾ അവളുടെ തൊണ്ടയിൽ നിന്ന് ആനന്ദ സൂചകമായി ഒരു കുറുകൽ ശബ്ദം പുറപ്പെട്ടു. അവൾ അവന്റെ കയ്യിൽ പിടിച്ചു കാണണം. അവൻ അവളെ കളിപ്പിച്ചു കാണണം ഒരു നിമിഷം. അവളുടെ ചുണ്ടത്ത് ഒരു ചിരി വിടർന്നു. അവൻ അവളെ നോക്കി തിരിച്ചും ചിരിച്ചു. അതിനു ശേഷം തന്റെ കൈകളാൽ അവളുടെ കഴുത്ത് ഞെരിച്ച് നിമിഷനേരം കൊണ്ട് ആ കുരുന്നു ജീവൻ അതിന്റെ ദേഹത്തുനിന്ന് വേർപെടുത്തിക്കളഞ്ഞു അമർദീപ് എന്ന ആ എട്ടുവയസുകാരൻ. വിശേഷിച്ച് ഒരു പ്രകോപനവും കൂടാതെ തന്നെ. 

നിമിഷനേരത്തെ ആ വിനോദത്തിനു ശേഷം അവൻ വീണ്ടും തന്റെ പൊട്ടിപ്പോയ പ്ലാസ്റ്റിക് കാർകൊണ്ടുള്ള കളി തുടർന്നു. അൽപനേരം കഴിഞ്ഞപ്പോൾ പാറുൾ ഉണർന്നു. കുഞ്ഞിന് പാലുകൊടുത്തിട്ട് നേരം കുറച്ചായല്ലോ എന്നുകരുതി കുഞ്ഞിനോട് ചേർന്ന് ആ കിടക്കയിൽ കിടന്നു. അവളുടെ കുരുന്നു ചുണ്ടുകൾ തന്റെ മുലയോടു ചേർത്തു. അവൾ മുലക്കണ്ണ് വായോട് ചേർത്ത് കുടി തുടങ്ങാതെ വന്നപ്പോൾ പാറുൾ ആദ്യം കരുതിയത് മകൾ ഉറക്കമായിരിക്കും എന്നാണ്. ഉണർത്തി പാലുകൊടുക്കാൻ വേണ്ടി അവൾ മകളെ കുലുക്കിവിളിച്ചു. അവൾ ഉണർന്നില്ല. അതോടെ അവൾക്ക് പരിഭ്രമമായി. കവിളത്ത് അടിച്ചും, തുടയിൽ നുള്ളിയുമൊക്കെ അവൾ തന്റെ മകളെ ഉണർത്താൻ ശ്രമിച്ചു. അവൾ ഒരിക്കലും ഉണരാത്ത മരണനിദ്രയിലേക്ക് ആണ്ടുകഴിഞ്ഞിരുന്നു എന്ന് ആ അമ്മയ്ക്ക് മനസ്സിലായില്ല. ആ പിഞ്ചുകുഞ്ഞിന്റെ ദേഹം അപ്പോഴേക്കും തണുത്തുതുടങ്ങിയിരുന്നു. തൊട്ടപ്പുറത്തിരുന്ന് യാതൊന്നുമറിയാത്ത മട്ടിൽ കളിച്ചുകൊണ്ടിരുന്ന അമർദീപിനെ നോക്കി പാറുൾ പരിഭ്രാന്തയായ  ചോദിച്ചു, "എടാ... നീയെന്താടാ ഇവളെ ചെയ്തത്? നിന്റെ അനിയത്തിയേം കൊന്നോ നീ..?" 

അതേ... എന്ന അർത്ഥത്തിൽ തലകുലുക്കിക്കൊണ്ട് അമർദീപ് ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ആ ഉത്തരം കേട്ട് പാറുള്‍ അലറിക്കരഞ്ഞു. അപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ബലറാം ഞെട്ടിയുണർന്ന് ഓടിവന്നു. വിവരമറിഞ്ഞപ്പോൾ അയാളും പൊട്ടിക്കരഞ്ഞു. തന്റെ മകന്റെ കരണത്ത് ആഞ്ഞാഞ്ഞടിച്ച് അയാൾ ചോദിച്ചു,"എന്തിനാടാ ദ്രോഹീ നീ അവളെ കൊന്നുകളഞ്ഞത്?" 

അച്ഛന്റെ അടികിട്ടിയതോടെ കരയാൻ തുടങ്ങിയിരുന്ന അമർദീപ് ഗദ്ഗദമടക്കിക്കൊണ്ട് അതിനുള്ള ഉത്തരം നൽകി, "വെറുതേ...!" 

ഇത്തവണ അവരുടെ നിലവിളിയൊച്ചകൾ അയൽക്കാർ കേട്ടു, ഓടിവന്ന അവരോട് ബലറാമും പാറുളും വിവരങ്ങൾ പറഞ്ഞു. "ബലറാം... നോക്ക്... നീയിത് പൊലീസിൽ അറിയിക്കണം. അവൻ നിന്റെ മകനാണെന്നതൊക്കെ ശരി. പക്ഷേ, ഇത് നീ പൊലീസിൽ പറഞ്ഞെ പറ്റൂ. നെഞ്ചത്ത് ഒരു കല്ലെടുത്തുവെച്ചെങ്കിലും നീ ഇത് പൊലീസിൽ അറിയിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്" അയൽവാസിയായ മീർ ചാച്ച പറഞ്ഞു.

"ഈ എരണം കെട്ടവനെ ഇന്ന് ഞാൻ തന്നെ കൊല്ലും..." കയ്യിൽ കിട്ടിയ എന്തോ എടുത്ത് അമർദീപിനെ അടിക്കാനായി ബലറാം പാഞ്ഞടുത്തു. അച്ഛനെന്തിനാണ് തന്നോട് ഇത്ര ദേഷ്യമെന്ന് അമർദീപിന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നുണ്ടായിരുന്നില്ല. "അവളെ കൊന്നതിനോ? അതിനിപ്പോ എന്താണ്? കൊല്ലുകയല്ലേ ഞാൻ ചെയ്തുള്ളൂ. നിങ്ങളിത്ര ബഹളം വെക്കുന്നതെന്തിനാണ്?" എന്നവൻ ചോദിച്ചപ്പോൾ ഒരാളും ഒരക്ഷരം മിണ്ടിയില്ല. അവന്റെ  വായിൽ നിന്നുവന്ന വാക്കുകൾ ഉള്ളിലേക്കെടുക്കാൻ ആ മുറിയിലുണ്ടായിരുന്ന ഒരാൾക്കും കഴിഞ്ഞില്ല. അവന്റെ മാനസികാവസ്ഥ മനസ്സിലാക്കാനും. ഇത്തവണയും ആരും ഒന്നും ആരോടും പറഞ്ഞില്ല. വിവരം കേട്ട് ഓടിവന്ന അയൽക്കാരോടും ബലറാം പഴയ പല്ലവി ആവർത്തിച്ചു. മകന്റെ ഭാവി തകരും, ആരോടും ഒന്നും പറയരുത് എന്നായി. തന്റെ മകളുടെ നഷ്ടം താൻ സഹിച്ചു എന്നും അയാൾ പറഞ്ഞു. അത് അവിടെ കെട്ടടങ്ങി. 

എന്നാൽ, മൂന്നാമതും അവന്റെയുള്ളിലെ ചെകുത്താൻ ഉണർന്നപ്പോൾ ജീവൻ നഷ്ടപ്പെട്ടത് കുടുംബത്തിന് പുറത്തുള്ള ഒരു കുഞ്ഞിനാണ്. അന്നാണ്, ആ കുടുംബം പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ് അവിശ്വസനീയമായ ഈ കൊലപാതക പരമ്പരയുടെ വാർത്ത പുറംലോകം അറിയുന്നത്. 

ഭാഗ്യഹീനയായ ആ അമ്മയുടെ പേര് ചുംചുംദേവി എന്നായിരുന്നു. അന്ന് അവർക്ക് ചെയ്തു തീർക്കാൻ ഒരുപാട് പണിയുണ്ടായിരുന്നു. റേഷൻ കടയിൽപോയി ആ മാസത്തെ അരിയും പരിപ്പും പഞ്ചസാരയും മണ്ണെണ്ണയും വാങ്ങണം, പച്ചക്കറി വാങ്ങണം അങ്ങനെ പലതും. അത് ചെയ്യാൻ വേണ്ടി, വീട്ടിൽ ഒറ്റയ്ക്കായിരുന്ന എട്ടുവയസ്സുള്ള മകൾ ഖുശ്ബുവിനെ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ കിടത്തി ഉറക്കിയിട്ടാണ് അവർ ഇറങ്ങിയത്. തിരിച്ചു വന്നപ്പോൾ കിടത്തിയേടത്ത് മകളെ കാണുന്നില്ല. പരിഭ്രാന്തയായ അവർ ഗ്രാമത്തിലെങ്ങും അവളുടെ പേരും വിളിച്ച് തിരഞ്ഞു നടന്നു. ഒരു റൗണ്ട് തിരച്ചിലിൽ ആളെ കണ്ടുകിട്ടാതെ വന്നപ്പോൾ അന്നത്തെ അയൽക്കാർ തങ്ങൾക്ക് അറിവുള്ള ഒരു രഹസ്യം ആ ഗ്രാമത്തിനു മുന്നിൽ വെളിപ്പെടുത്തി. തിരഞ്ഞു നടക്കേണ്ടി വന്നില്ല. വീട്ടിനുള്ളിൽ പഴയപോലെ പൊട്ടിയ പ്ലാസ്റ്റിക് കാറും വെച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അമർദീപ്. അവനെ വിളിച്ചുനിർത്തി ചോദ്യം ചെയ്തു അവർ. "എടാ സത്യം പറ... നീ ആ ചുംചും ദേവിയുടെ മകൾ ഖുശ്ബുവിനെ എന്തുചെയ്തു? അവളെയും നീ കൊന്നോ?" 

അപ്പോഴും നിറഞ്ഞ ചിരിയോടെ അവൻ അതേ എന്ന അർത്ഥത്തിൽ തലകുലുക്കി. വളരെ അഭിമാനത്തോടെയാണ് താൻ അങ്ങനെ ചെയ്തിട്ടുണ്ട് എന്നവൻ സമ്മതിച്ചത്. എന്തോ വലിയ കാര്യം ചെയ്ത ആവേശമായിരുന്നു അവന്റെ ശബ്ദത്തിൽ. എന്തിന്, തലക്കടിച്ചു കൊന്ന് കുഴിച്ചുമൂടിയ മൺകൂനയ്ക്കരികിലേക്ക് ഗ്രാമീണരെ കൊണ്ടുപോയതും അമർദീപ് തന്നെയായിരുന്നു. കുഴിയുണ്ടാക്കി, ഖുശ്ബുവിനെ അതിലിട്ട്, മണ്ണുകൊണ്ട് കുഴിമൂടി, മണ്ണിൽ രണ്ടുമൂന്നു ചെടികൾ വരെ അവൻ നട്ടിട്ടുണ്ടായിരുന്നു. 

ഇത്തവണ ഗ്രാമീണർ തങ്ങളുടെ ഇടയിലെ ആ സൈക്കോ കില്ലറെപ്പറ്റി പൊലീസിൽ പരാതിപ്പെട്ടു. നിർത്താതെ കരയുന്നതിനിടെ ചുംചും ദേവി പാറുളിനോട് ചോദിച്ചത് ഒരേയൊരു കാര്യം മാത്രമാണ്. നിങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങളെ കൊന്നപ്പോൾ നിങ്ങൾ പൊലീസിൽ അറിയിച്ചിരുന്നെങ്കിൽ ഇന്ന് എന്റെ മോളെങ്കിലും ജീവനോടെ ഉണ്ടാവില്ലായിരുന്നോ? നിങ്ങളാണ് എന്റെ മോളെ കൊന്നത്. നിങ്ങൾ രണ്ടുപേരുമാണ്" ആ ചോദ്യത്തിനുത്തരം പറയാനുള്ള ത്രാണി ബലറാമിനോ പാറുളിനോ ഉണ്ടായിരുന്നില്ല. ഇരുകൈകളും കൂപ്പി അവർ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു, "മാപ്പ്.. മാപ്പ്.. മാപ്പ്.." 

ഈ കഥകളത്രയും പൊലീസ് ഇൻസ്പെക്ടറായ ശത്രുഘ്നൻ കുമാറിനോട് വിവരിച്ചത് അമർദീപ് തന്നെ. അതിന് അയാൾക്ക് ചെലവായത് രണ്ടു കൂട് ഹോർലിക്സ് ബിസ്കറ്റും ഒരു ഗ്ലാസ് ചായയും മാത്രം. സ്‌കൂളിൽ കിടന്നുറങ്ങുന്ന ഖുശ്ബുവിനെ യാദൃച്ഛികമായി അതുവഴി നടന്നുപോയപ്പോൾ അവൻ കണ്ടതാണത്രേ. കഴുത്തു ഞെരിച്ച് കൊന്ന്, സ്‌കൂളിന് പിന്നിലെ പാടത്ത് കൊണ്ടുപോയി ഇഷ്ടികകൊണ്ട്  തലയിടിച്ച് പൊട്ടിച്ച്, പഴയപോലെ അവളെയും കുഴിച്ചിട്ടതാണ് എന്ന് അവൻ പൊലീസിനോട് പറഞ്ഞു. അതിനു മുമ്പ് കൊന്നു കുഴിച്ചിട്ട ഇടത്തേക്കും പൊലീസിനെ കൊണ്ടുപോയത് അവൻ തന്നെ. 

അമർദീപ് എന്തിന് ഈ മൂന്നു കുഞ്ഞുങ്ങളെയും കൊന്നു എന്നതിന് കൃത്യമായ ഉത്തരം കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. 'കണ്ടക്റ്റ് ഡിസോഡർ' എന്ന അപൂർവമായ ഒരു മാനസിക രോഗത്തിന് അടിമയായ അവൻ ഇങ്ങനെയുള്ള പ്രവൃത്തിയിൽ ഏർപ്പെടുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു എന്ന് പിന്നീട് ഒരു സൈക്കോ അനലിസ്റ്റ് കണ്ടെത്തി. തന്നെക്കാൾ പ്രായം കുറഞ്ഞവരെയാണ് അവൻ കൊന്നത്. അവർക്ക് തിരിച്ച് എതിർക്കാനുള്ള കഴിവുണ്ടായിരുന്നില്ല. 

അമർദീപിനെ കൊലക്കുറ്റം ചുമത്തി ജുവനൈൽ കോടതിയിൽ വിചാരണ ചെയ്തു. പ്രായപൂർത്തി ആകാത്ത ഒരാളെ ആജീവനാന്തം ജയിലിൽ അടക്കാനോ വധശിക്ഷയ്ക്ക് വിധേയനാക്കാനോ ഇന്ത്യൻ ക്രിമിനൽ നിയമത്തിൽ വകുപ്പുകളില്ല. ഒരു ദുർഗുണ പരിഹാര പാഠശാലയിൽ മൂന്നുവർഷം ചെലവിട്ട ശേഷം അവൻ സ്വാതന്ത്രനാക്കപ്പെട്ടു. വിചാരണയെപ്പറ്റിയോ, ശിക്ഷയെപ്പറ്റിയോ, അവന്റെ മോചനത്തെപ്പറ്റിയോ ഉള്ള വിവരങ്ങൾ ജനരോഷം ഭയന്ന് സർക്കാർ പുറത്തുവിട്ടില്ല. എല്ലാം അതീവ രഹസ്യമായിരുന്നു. കഴിഞ്ഞ വർഷം വരെയും അമർദീപിനെ അവർ സൂക്ഷിച്ചത് മുംഗേറിലുള്ള ഒരു റിമാൻഡ് ഹോമിലാണ്. 2007 -ൽ അറസ്റ്റു ചെയ്യപ്പെടുമ്പോൾ അമർദീപിന് എട്ടുവയസ്സുമാത്രമായിരുന്നു പ്രായം. അതായത് ഇന്നവന് ചുരുങ്ങിയത് 21 വയസ്സെങ്കിലും പ്രായമുണ്ടാവും. പേരും, താമസിക്കുന്ന നഗരവും ഒക്കെ മാറ്റി, നീതിന്യായവ്യവസ്ഥ അവനെ ഈ സമൂഹത്തിലേക്കുതന്നെ ഇറക്കി വിട്ടിട്ടുമുണ്ടാകും. അവനിന്നേത് നഗരത്തിലാണെന്നറിയില്ല. സൈക്യാട്രിക് ചികിത്സയും, മരുന്നുകളും, കൗൺസിലിംഗും ഒക്കെ അവനെ അവന്റെ അസുഖത്തിൽ നിന്ന് മോചിതനാക്കിയിട്ടുണ്ടാകുമെന്ന് കരുതാം. അമർദീപിനെക്കുറിച്ചോ അവന്റെ മറ്റൊരു കൊലപാതകത്തെപ്പറ്റിയോ ഇനി കേൾക്കാൻ ഇടവരില്ലെന്നും നമുക്ക് പ്രതീക്ഷിക്കാം.

 

Latest Videos
Follow Us:
Download App:
  • android
  • ios