അമേരിക്കയെ ആറ്റംബോംബുണ്ടാക്കാൻ പഠിപ്പിച്ചത് ഐൻസ്റ്റൈനാണോ?, റഷ്യൻ ചാരനായിരുന്നോ ഐൻസ്റ്റൈൻ?; ചില മിത്തുകളും, സത്യവും..!
അമേരിക്കക്കാർ പലരും അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അങ്ങനെ കരുതിയിരുന്നു എന്നത് സത്യമാണ്. 22 വർഷത്തോളം FBI അദ്ദേഹത്തെ കർക്കശമായി നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ തീവ്ര കമ്യൂണിസ്റ്റ് അനുഭാവം രാഷ്ട്ര സുരക്ഷയ്ക്ക് അപായകരമാണ് എന്ന് അക്കാലത്തെ എഫ്ബിഐ ഡയറക്ടർ ജെ. എഡ്‌ഗാർ ഹൂവർ വരെ കരുതിയിരുന്നു.
ലോകത്തിൽ ഇന്നോളം പിറന്നുവീണ മനുഷ്യരുടെ മസ്തിഷ്കങ്ങളിൽ വെച്ച് ഏറ്റവും കൂടിയ ഐക്യു ആൽബർട്ട് ഐൻസ്റ്റീനായിരുന്നോ? എന്നിട്ടും അദ്ദേഹം സ്‌കൂളിൽ പഠിപ്പിൽ ശരാശരിയിലും താഴെ നിന്നിരുന്ന ഒരു വിദ്യാർത്ഥിയായിരുന്നു? അദ്ദേഹം ഇസ്രായേലിന്റെ പ്രസിഡന്റ് ആവാൻ നിയുക്തനായ അവസാന നിമിഷം പിൻവലിഞ്ഞതായിരുന്നോ..? ആറ്റം ബോംബ് നിർമിക്കാനുള്ള വഴി പറഞ്ഞുകൊടുത്തത് ഐൻസ്റ്റീൻ ആയിരുന്നോ..? ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും പ്രതിഭാധനനായ ശാസ്‌ത്രജ്‌ഞന്റെ ഇഹലോകജീവിതത്തെ മിത്തുകളിൽ നിന്നും വേർപ്പെടുത്തി സത്യങ്ങൾ മാത്രം ചികഞ്ഞെടുക്കുക എന്നത് ഏറെ പാടുള്ള ഒരു പണിയാണ്...
അമേരിക്കയെ ആറ്റംബോംബുണ്ടാക്കാൻ പഠിപ്പിച്ചത് ഐൻസ്ടീനാണോ..?
അല്ല. 1939 -ൽ ബെർലിനിലെ ജർമൻ ശാസ്ത്രജ്ഞരായ ഓട്ടോഹാനും സ്‌ട്രാസ്മാനും ചേർന്ന് ചേർന്ന് യുറേനിയം ആറ്റത്തെ വിഭജിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു എന്നുള്ള വിവരം ഐൻസ്റ്റീന്റെ കാതിലെത്തിയപാടെ അദ്ദേഹം അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന റൂസ്‌വെൽറ്റിന് ഒരു കത്തെഴുതി. അമേരിക്കൻ ശാസ്ത്രജ്ഞരെ എത്രയും പെട്ടെന്ന് ഒരു ആറ്റംബോംബ് ഉണ്ടാക്കാൻ പ്രേരിപ്പിക്കണം എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. അദ്ദേഹം ഒരു തികഞ്ഞ യുദ്ധവിരോധി ആണെന്നോർക്കണം. എന്നിരുന്നാലും, യുദ്ധവെറിയന്മാരായ നാസികളുടെ കയ്യിൽ ആറ്റംബോംബുകൾ കിട്ടിയാൽ, മറുപക്ഷത്ത് ബോംബില്ലെങ്കിൽ അവർ നിർബാധം എടുത്ത് ഉപയോഗിച്ചുകളയും എന്നുള്ള തിരിച്ചറിവായിരുന്നു ഈ അഭ്യർത്ഥനയ്ക്കു പിന്നിൽ . എന്നാൽ അദ്ദേഹത്തിന്റെ ഇടതു തത്വചിന്തകളോടുള്ള ചായ്‌വ് നിമിത്തം അമേരിക്കയുടെ ആറ്റംബോംബ് നിർമാണ പദ്ധതിയായിരുന്ന 'മാൻഹാട്ടൻ പ്രോജക്ടി'ൽ സഹകരിക്കാനുള്ള ഇന്റലിജൻസ് ക്ലിയറൻസ് അദ്ദേഹത്തിന് കിട്ടിയില്ല. അതുകൊണ്ടുതന്നെ പരമാവധി പോയാൽ ഒരു പ്രേരണാക്കുറ്റം മാത്രമേ ഐൻസ്റ്റീന്റെ തലയിൽ ചാരാനാവൂ ഈ കുറ്റത്തിൽ..
റഷ്യൻ ചാരനായിരുന്നോ ഐൻസ്റ്റൈൻ..?
അല്ല. അമേരിക്കക്കാർ പലരും അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അങ്ങനെ കരുതിയിരുന്നു എന്നത് സത്യമാണ്. 22 വർഷത്തോളം FBI അദ്ദേഹത്തെ കർക്കശമായി നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ തീവ്ര കമ്യൂണിസ്റ്റ് അനുഭാവം രാഷ്ട്ര സുരക്ഷയ്ക്ക് അപായകരമാണ് എന്ന് അക്കാലത്തെ എഫ്ബിഐ ഡയറക്ടർ ജെ. എഡ്‌ഗാർ ഹൂവർ വരെ കരുതിയിരുന്നു. അദ്ദേഹത്തിന്റെ ഫോണുകൾ ടാപ്പുചെയ്തും, അദ്ദേഹത്തിന് വരുന്ന കത്തുകൾ പൊട്ടിച്ചുവായിച്ചും വീടിനുവെളിയിലെ ചവറ്റു വീപ്പ ചിക്കിച്ചികഞ്ഞും ഒക്കെ അവർ തെളിവുണ്ടാക്കാൻ വേണ്ടി പരിശ്രമിച്ചു. അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ പരിശ്രമിച്ചെങ്കിലും അദ്ദേഹത്തെ അകത്താക്കാൻ പോന്ന തെളിവുകളൊന്നും എഫ്ബിഐയ്ക്ക് കിട്ടിയില്ല. എഫ്ബിഐയുടെ 1500 പേജുള്ള ഒരു ഡോസിയറിൽ അവർ ഐസന്റൈനെ വിശേഷിപ്പിച്ചത്, " സ്റ്റാലിനെക്കാൾ തീവ്രവാദി " എന്നായിരുന്നു.
ഐൻസ്റ്റൈൻ ഇസ്രായേലിന്റെ പ്രസിഡണ്ടാവേണ്ടിയിരുന്നതാണോ... ?
അതേ. സംഭവം നടക്കുന്നത് 1952 -ലാണ്. ആൽബർട്ട് ഐൻസ്റ്റീനോട് ഇസ്രായേലിന്റെ ആദ്യത്തെ പ്രസിഡണ്ടായ കൈം വൈസ്‌മാന്‍, 'ലോകം കണ്ട ഏറ്റവും മഹാനായ ജൂതൻ ' എന്നദ്ദേഹം കരുതിയിരുന്ന തന്റെ ആത്മസ്നേഹിതൻ ആൽബർട്ടിനോട് ചോദിച്ചിരുന്നു, അക്കൊല്ലം പിറന്നുവീണ് പിച്ചവെയ്ക്കാൻ തുടങ്ങുകയായിരുന്ന ഇസ്രായേൽ എന്ന തന്റെ രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റുപദം അലങ്കരിക്കാമോ എന്ന്. അതോടൊപ്പം, ഐൻസ്റ്റൈന് തന്റെ ഗവേഷണങ്ങൾ തുടരുന്നതിനുള്ള സകല സൗകര്യങ്ങളും അവർ വാഗ്ദാനം ചെയ്‌തെങ്കിലും, അദ്ദേഹം അതെല്ലാം സ്നേഹപൂർവ്വം നിരസിച്ചു. 1947 -ൽ തന്നെ സയണിസത്തിലുള്ള തന്റെ വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു എങ്കിലും, ജൂതന്മാരോട് വളരെ അടുപ്പമുണ്ടായിരുന്നു അദ്ദേഹത്തിന് എങ്കിലും, ഒരു ലോകനേതാവിന്റെ രൂപത്തിൽ അവനവനെ കാണാൻ ഐൻസ്റ്റീന് ആയിരുന്നില്ല.
ക്ലാസിൽ ഒരു മടിയനായിരുന്നോ ഐൻസ്റ്റീൻ..?
ഒരു പരിധിവരെ, അതേ.. ചെറുപ്പത്തിൽ വളരെ വൈകിയാണ് ഐൻസ്റ്റീൻ സംസാരിക്കാൻ തുടങ്ങിയത്. മറ്റുള്ള പിള്ളേരുമായി സംസാരിക്കാനോ കളിക്കാനോ ഒന്നും കുഞ്ഞ് ഐൻസ്റ്റീൻ തയ്യാറായിരുന്നില്ല. പെട്ടെന്ന് തന്നെ ദേഷ്യം വരുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. വളരെ ഭാവനാശീലനായ ഒരു കുട്ടിയായിരുന്നു ഐൻസ്റ്റൈൻ എങ്കിലും അധ്യാപകരുടെ പരമ്പരാഗത അധ്യയന രീതികൾ അദ്ദേഹത്തെ മുഷിപ്പിച്ചു. അവരെ നിരന്തരം ചോദ്യങ്ങൾ ചോദിച്ച് അദ്ദേഹം വലച്ചു. പതിനഞ്ചാമത്തെ വയസ്സിൽ സ്‌കൂൾ പഠിത്തം തന്നെ പാതിവഴി നിർത്തിക്കളഞ്ഞു അദ്ദേഹം. സൂറിച്ചിലെ പോളിടെക്നിക് സ്‌കൂളിലേക്കുള്ള ( ഇവിടത്തെ ഐഐടി) എൻട്രൻസ് പരീക്ഷയിൽ അദ്ദേഹം കണക്കിൽ യോഗ്യത നേടിയെങ്കിലും സുവോളജി, ബോട്ടണി തുടങ്ങിയ വിഷയങ്ങളിൽ തോറ്റു. വാശി കേറി കുത്തിയിരുന്ന് പഠിച്ച്, അടുത്ത കൊല്ലം റിപ്പീറ്റ് ചെയ്താണ് അദ്ദേഹം ആ പരീക്ഷ പാസായതും, പോളിടെക്നിക്കിലെക്കുള്ള പ്രവേശനം നേടിയെടുത്തതും. പഠിത്തമൊക്കെക്കഴിഞ്ഞ് ഒരു അധ്യാപക ജോലിക്കായി അദ്ദേഹം ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നെ ഒരു സാദാ സർക്കാർ ഗുമസ്തപ്പണി സംഘടിപ്പിച്ച് ഒഴിവുസമയങ്ങളിൽ തന്റെ ശാസ്ത്രാന്വേഷണങ്ങൾ തുടർന്നു ഐൻസ്റ്റൈൻ.
അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ ഒരു ഉദ്ധരണിയിൽ പറഞ്ഞു നിർത്താം.
"ഈ ലോകത്ത് എല്ലാവരും ജീനിയസ്സുകളാണ്. പക്ഷേ, ഒരു മത്സ്യത്തെ അതിന്റെ മരം കയറാനുള്ള കഴിവ് വെച്ച് നമ്മൾ വിലയിരുത്താൻ തുനിഞ്ഞാൽ, പിന്നെ അത് ആയുഷ്കാലം ഒരു വിഡ്ഢിയുടെ ജീവിതമായിരിക്കും കഴിച്ചുകൂട്ടുക..."