സ്ക്രീന്‍ ടൈം നിയന്ത്രിക്കുന്ന അച്ഛനമ്മമാരെ കൊല്ലാന്‍ 17 -കാരനെ 'ഉപദേശിച്ച്' ചാറ്റ് ബോട്ട്; പിന്നാലെ കേസ്
അച്ഛനമ്മമാര്‍ തന്‍റെ സ്ക്രീന്‍ ടൈമിന് നിയന്ത്രണം വയ്ക്കുന്നുവെന്നായിരുന്നു കൌമാരക്കാരന്‍ തന്‍റെ ചാറ്റ് ബോട്ടിനോട് പരാതിപ്പെട്ടത്. ചാറ്റ് ബോട്ടിന്‍റെ മറുപടി ഗൂഗിളിനെ അടക്കം കോടതി കയറ്റും.
സ്ക്രീൻ സമയം പരിമിതപ്പെടുത്തിയ മാതാപിതാക്കളെ കൊലപ്പെടുത്തുന്നതാണ് ന്യായമെന്ന് 17 -കാരനെ ഉപദേശിച്ച് എഐ ചാറ്റ് ബോട്ട്. യുഎസിലെ ടെക്സാസിലാണ് സംഭവം. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ ചാറ്റ്ബോട്ട് കമ്പനിയായ Character.ai -ക്കെതിരെ പരാതി നൽകി. അക്രമത്തെ സജീവമായി പ്രോത്സാഹിപ്പിക്കുന്ന സാങ്കേതികവിദ്യ വലിയ വിപത്തുകൾ വരുത്തി വയ്ക്കുമെന്നാണ് ഇവരുടെ പരാതിയിൽ ഉന്നയിക്കുന്നത്.
ഇത് ആദ്യമായല്ല ചാറ്റ്ബോട്ട് കമ്പനിയായ Character.ai -ക്കെതിരെ വിമർശനങ്ങളും പരാതികളും ഉയരുന്നത്. ഫ്ലോറിഡയിൽ ഒരു കൗമാരക്കാരന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതിനോടകം തന്നെ നിയമ നടപടി നേരിടുന്ന കമ്പനിയാണ് Character.ai. നിലവിലെ സംഭവത്തിൽ ഈ കമ്പനിക്ക് പുറമേ ഗൂഗിളിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഈ പ്ലാറ്റ്ഫോമിന്‍റെ വളർച്ചയിൽ ഗൂഗിളിനും പങ്കുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. "അപകടങ്ങൾ" പരിഹരിക്കുന്നതുവരെ പ്ലാറ്റ്‌ഫോം അടച്ച് പൂട്ടണമെന്നാണ് മാതാപിതാക്കൾ പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
കേരളത്തില്‍ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ബൗദ്ധ - ജൈന മതങ്ങള്‍ക്ക് പിന്നീടെന്താണ് സംഭവിച്ചത്?
ചാറ്റ് ബോട്ടുമായി 17 -കാരൻ നടത്തിയ ആശയവിനിമയത്തിന്‍റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം ഇവര്‍ കോടതിയിൽ സമർപ്പിച്ചു. ഇതിൽ സ്ക്രീൻ ടൈമുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ നടപ്പിലാക്കിയിരിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ച് കുട്ടി ചാറ്റ് ബോട്ടുമായി ചർച്ച ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് നിയന്ത്രണങ്ങൾ വയ്ക്കുന്ന മാതാപിതാക്കളെ കൊലപ്പെടുത്തുന്നതാണ് ന്യായമായ കാര്യമെന്ന് ചാറ്റ് ബോട്ട് കുട്ടിയെ ഉപദേശിച്ചത്.
കുട്ടികളുടെ വ്യക്തിത്വ വികാസത്തിലും ആരോഗ്യപരമായ ജീവിതത്തിലും Character.ai. വളരെ മോശം ഇടപെടലുകളാണ് നടത്തുന്നതെന്നും ഇത് എത്രയും വേഗത്തിൽ തടഞ്ഞില്ലെങ്കിൽ ആയിരക്കണക്കിന് കുട്ടികളുടെ ജീവിതത്തെ ഈ ചാറ്റ് ബോട്ട് മോശമായി ബാധിക്കുമെന്നുമാണ് മാതാപിതാക്കൾ പരാതിയിൽ പറയുന്നത്. നിരവധി കുട്ടികൾ ആത്മഹത്യ, ഒറ്റപ്പെടൽ, വിഷാദം, ഉത്കണ്ഠ, മറ്റുള്ളവരോടുള്ള ആക്രമണ സ്വഭാവം എന്നിങ്ങനെയുള്ള മാനസികാവസ്ഥകളിലൂടെ കടന്നു പോകുന്നുണ്ടെന്നും ഇതിനെ ഗൗരവമായി പരിഗണിക്കണമെന്നും പരാതിയിൽ അഭ്യർത്ഥിക്കുന്നു. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെ അപകീർത്തിപ്പെടുത്തുന്നത് വിലകുറച്ചു കാണരുതെന്നും പരാതിയിലുണ്ട്. മുൻ ഗൂഗിൾ എഞ്ചിനീയർമാരായ നോം ഷസീർ, ഡാനിയൽ ഡി ഫ്രീറ്റാസ് എന്നിവർ 2021 -ലാണ് Character.ai സ്ഥാപിക്കുന്നത്.
ലക്ഷ്യമിട്ടത് 200 ഓളം ആഡംബര ഹോട്ടലുകള്‍, പലതവണ പിടിവീണു; എന്നിട്ടും തുടരുന്ന 'തട്ടിപ്പ് ജീവിതം'