Republic Day: ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ അതിഥി അഹമ്മദ് സുകാർനോ

“നിങ്ങളുടെ രാജ്യവും നിങ്ങളുടെ ജനങ്ങളും രക്തവും സംസ്കാരവും വഴി ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ചരിത്രത്തിന്‍റെ ആരംഭം മുതലുള്ളതാണ്. ‘ഇന്ത്യ’ എന്ന വാക്ക് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാണ്. കാരണം ഇത് നമ്മുടെ ഭൂമിക്കും വംശത്തിനും വേണ്ടി തെരഞ്ഞെടുക്കപ്പെട്ട പേരിന്‍റെ ആദ്യ രണ്ട് അക്ഷരങ്ങളാണ്, ഇത് ഇന്തോനേഷ്യയിലെ ‘ഇന്തോ’ ആണ്. ” സുകാര്‍നോ, നെഹ്റുവിന് എഴുതി.

Ahmad Sukarno is the guest of India's first Republic Day celebrations bkg


ന്ത്യ 75 -ാം റിപ്പബ്ലിക് ഡേ പരേഡിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണിനെയാണ്. ഇന്ത്യയുടെ റിപ്പബ്ലിക് ഡേ പരേഡിലേക്ക് ക്ഷണം ലഭിച്ചതില്‍ മാക്രോണ്‍ സന്തോഷം പ്രകടിപ്പിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള സൌഹൃദവും നയതന്ത്രവും ശക്തമാക്കുന്നതിനാണ് ഇത്തരത്തില്‍ ലോകരാജ്യങ്ങളുടെ തലവന്മാരെ റിപ്പബ്ലിക് ഡേ പരേഡുകളിലേക്ക് അതിഥികളായി ക്ഷണിക്കുന്നത്. ഇന്ത്യ ആദ്യ റിപ്പബ്ലിക് ഡേ ആഘോഷിച്ചപ്പോഴും ഒരു മുഖ്യാതിഥി ഉണ്ടായിരുന്നു. മുന്‍  ഇന്തോനേഷ്യൻ പ്രസിഡന്‍റ് സുകർനോ.

1950 ജനുവരി 26 -ന് ഇന്ത്യ ആദ്യത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇന്തോനേഷ്യയുടെ പ്രസിഡന്‍റ് സുകർനോയെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചത്. അതിന് അദ്ദേഹത്തിന് കൃത്യമായ ഒരു കാരണവും ഉണ്ടായിരുന്നു. അത് ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യ ബോധവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഔദ്ധ്യോഗിക അതിഥിയായി സുകര്‍നോ ദില്ലിയില്‍ വിമാനമിറങ്ങിയപ്പോള്‍ സ്വീകരിക്കാനെത്തിയത് പ്രധാനമന്ത്രി നെഹ്റുവും രാഷ്ട്രപതി സി. രാജഗോപാലാചാരിയുമായിരുന്നു. 

ഇന്ത്യയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്കാരിക ബന്ധം മാത്രമായിരുന്നില്ല ആ ക്ഷണത്തിന് കാരണം. ആ ക്ഷണത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. അത് ലോകമെമ്പാടുമുള്ള യൂറോപ്യന്‍ കോളനികളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു. 1945 ആഗസ്റ്റ് 17 ന് ഇന്തോനേഷ്യയ്ക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നത് 1949 ഡിസംബര്‍ 27 നായിരുന്നു. അതായത് ഇന്ത്യയുടെ ആദ്യ റിപ്പബ്ലികിന് ഒരു മാസം മുമ്പ്. 

Ahmad Sukarno is the guest of India's first Republic Day celebrations bkg

ഇന്ത്യന്‍ ഉപഭൂഖണ്ഡവും ഇന്തോനേഷ്യന്‍ ദ്വീപുകളും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് രാജേന്ദ്ര ചോള ഒന്നാമന്‍റെ (ബിസി 985 – ബിസി 1014) കാലം മുതലാണ്. ചോള സാമ്രാജ്യത്തിന്‍റെ സ്വാധീനം സുമാത്രയിലേക്കും വ്യാപിച്ച കാലമായിരുന്നു അത്. അക്കാലം മുതല്‍ ഏതാണ്ട് യൂറോപ്യന്മാരുടെ വരവിന്‍റെ ആദ്യ കാലം വരെ ഇരുദേശങ്ങളും തമ്മില്‍ വ്യാപരബന്ധവും നിലനിന്നിരുന്നു. പിന്നീട് ഏഷ്യയില്‍ യൂറോപ്യന്‍ ആധിപത്യം ശക്തമായി. ഇന്ത്യന്‍ ഉപഭൂഖണ്ഡം ബ്രിട്ടന്‍ കീഴടക്കിയപ്പോള്‍ 1600 കളില്‍ സുമാത്ര അടക്കമുള്ള ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹങ്ങള്‍ ഡച്ച് അധീനതയിലായി. 

ലോകമെങ്ങും കോളനികളില്‍ നിന്നും സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ ശക്തി പ്രാപിച്ച സമയത്ത് ഇന്തോനേഷ്യയിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. ഏങ്കിലും രണ്ടാം ലോകമഹായുദ്ധം വരെ കാത്തിരിക്കേണ്ടിവന്നു. യുദ്ധത്തില്‍ ജപ്പാന്‍, നിഷ്പ്രയാസം ഇന്തോനേഷ്യ കീഴടക്കിയെങ്കിലും  രാഷ്ട്രീയ നേട്ടത്തിനായി ഇന്തോനേഷ്യയിലെ സ്വാതന്ത്ര്യ സമരത്തെ ജപ്പാന്‍ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. പക്ഷേ ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടു. ജപ്പാന്‍ പ്രധാനമന്ത്രി കുനിയാക്കി കൊയ്‌സോ ഇന്തോനേഷ്യയ്ക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തു. അങ്ങനെ 1945 ഓഗസ്റ്റ് 17 -ന് ഇന്തോനേഷ്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. തൊട്ട് പിന്നാലെ ഓഗസ്റ്റ് 18 -ന് അഹമ്മദ് സുകർനോ പ്രസിഡന്‍റായി സ്ഥാനമേറ്റു. പക്ഷേ, ജപ്പാന്‍റെ പിന്മാറ്റം ഡച്ചുകാരെ വീണ്ടും ഇന്തോനേഷ്യയുടെ പ്രകൃതി സമ്പത്തിലേക്ക് ആകര്‍ഷിച്ചു. 

ഡച്ച് സൈന്യം ഇന്തോനേഷ്യ ലക്ഷമാക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബ്രിട്ടീഷ് - ഇന്ത്യന്‍ സൈനികരെ ബ്രിട്ടന്‍ ഇന്തോനേഷ്യയിലേക്ക് അയച്ചു. ബ്രിട്ടീഷ് - ഇന്ത്യന്‍ സൈനികരുടെ പിന്‍ബലത്തില്‍ ഇന്തോനേഷ്യ ഡച്ച് സൈനികര്‍ക്കെതിരെ പേരാടി. ഡച്ച് സൈന്യം പിന്‍വാങ്ങി. പിന്നാലെ ഇന്തോനേഷ്യയില്‍  ബ്രിട്ടീഷ് - ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചു. എന്നാല്‍, ഈ സമയമാകുമ്പോഴേക്കും ഇന്ത്യയും സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയിലായിരുന്നു. സ്വന്തം രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി വാദിക്കുമ്പോഴും ജവര്‍ഹര്‍ ലാല്‍ നെഹ്റു, ഇന്തോനേഷ്യയില്‍ നിന്ന് ബ്രീട്ടിഷ് - ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ അന്താരാഷ്ട്രാ സമൂഹത്തോട് ആവശ്യപ്പെട്ടത് ബ്രീട്ടീഷുകാരെ അസ്വസ്ഥരാക്കിയിരുന്നു.  1946 ഓഗസ്റ്റ് 17 -ന് നടന്ന ഒന്നാം വാർഷികത്തിൽ ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തെ നെഹ്‌റു അഭിനന്ദിച്ചു. 

Ahmad Sukarno is the guest of India's first Republic Day celebrations bkg

നെഹ്റുവിനോടുള്ള സ്നേഹ ബഹുമാനങ്ങള്‍ സുകാര്‍നോ വ്യക്തമാക്കിയത്, ജക്കാർത്തയിൽ നടന്ന വാർഷികാഘോഷങ്ങളിൽ ഇന്തോനേഷ്യയുടെ പതാകക്കൊപ്പം ഇന്ത്യയുടെ പതാകയും ഉയർത്തിക്കൊണ്ടായിരുന്നു. ഒപ്പം 1946 ഓഗസ്റ്റ് 19 -ന് സുകർനോ നെഹ്റുവിന് കത്തെഴുതി, “നിങ്ങളുടെ രാജ്യവും നിങ്ങളുടെ ജനങ്ങളും രക്തവും സംസ്കാരവും വഴി ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ചരിത്രത്തിന്‍റെ ആരംഭം മുതലുള്ളതാണ്. ‘ഇന്ത്യ’ എന്ന വാക്ക് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാണ്. കാരണം ഇത് നമ്മുടെ ഭൂമിക്കും വംശത്തിനും വേണ്ടി തെരഞ്ഞെടുക്കപ്പെട്ട പേരിന്‍റെ ആദ്യ രണ്ട് അക്ഷരങ്ങളാണ്, ഇത് ഇന്തോനേഷ്യയിലെ ‘ഇന്തോ’ ആണ്. ” അദ്ദേഹം തന്‍റെ എഴുത്തില്‍ തുടര്‍ന്നു. “ഇന്തോനേഷ്യക്കാർക്ക് വേണ്ടി നിങ്ങൾ അല്ലെങ്കിൽ ഇന്ത്യ ചെയ്ത കാര്യങ്ങൾ ഒരിക്കലും ഞങ്ങൾ മറക്കില്ല. അതിനാൽ, നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച സഹായവും സൗഹാർദ്ദവും ഞങ്ങൾ എല്ലായ്പ്പോഴും വിലമതിക്കും, കൂടാതെ നിലവിലുള്ള എല്ലാ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, നിങ്ങളുമായുള്ള സൗഹൃദവും ഫലപ്രദമായ സഹകരണവും ഞങ്ങൾ പ്രതീക്ഷിക്കുന്നു.”

പിന്നീട്, ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിനെതിരെ ഡച്ചുകാര്‍ ശക്തമായ സൈനിക ആക്രമണം നടത്തിയപ്പോൾ, നെഹ്‌റു ഇന്തോനേഷ്യയുടെ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷവും നെഹ്റു ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അന്താരാഷ്ട്രാ സമൂഹത്തോട് വാദിച്ചു. ഒടുവില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ഡച്ചുകാര്‍ക്ക് ഇന്തോനേഷ്യയില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു. അങ്ങനെ 1949 ഡിസംബർ 27 -ന് ഇന്തോനേഷ്യയ്ക്ക് പരമാധികാരം ലഭിച്ചു. ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വലിയ പങ്കുവഹിച്ചു. ഇരുരാഷ്ട്രതലവന്മാരും തമ്മിലുള്ള സൌഹൃദവും ഇതിനിടെ ദൃഢമായി. 

നൂറ്റാണ്ടുകളോളം യൂറോപ്യന്‍ കോളനിയായിരുന്ന രണ്ട് ദേശങ്ങള്‍ ഒരേ കാലത്ത് സ്വാതന്ത്ര്യം സ്വപ്നം കണ്ടു. ഈ സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോള്‍ രാഷ്ട്രത്തലവന്മാര്‍ തമ്മിള്ള സൌഹൃദവും ആത്മബന്ധവും ശക്തമായി. സ്വാന്ത്ര്യപോരാട്ടത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയായിരുന്നു ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക്ക് പരേഡിലേക്ക് ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് അഹമ്മദ് സുകാര്‍നോയെ ക്ഷണിച്ച് കൊണ്ട് നെഹ്റു ശക്തമാക്കിയത്.  
 

Latest Videos
Follow Us:
Download App:
  • android
  • ios