ഇവരോ ഇന്ത്യ കീഴടക്കിയത്? 30 ഡിഗ്രി ചൂടില്‍ വീഴുന്ന യുകെ റോയൽ ഗാർഡിന്‍റെ വീഡിയോ കണ്ട് നെറ്റിസണ്‍സ്
ബ്രിട്ടന്‍റെ പഴയ കോളനിയായിരുന്ന ഇന്ത്യയില്‍ ആ വീഡിയോ മറ്റൊരു വികാരമാണ് ഉയര്‍ത്തിയത്. "ഇന്ത്യയെ കോളനിവത്കരിക്കാൻ" യുകെയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്നായിരുന്നു മിക്ക ഇന്ത്യക്കാരുടെയും സംശയം.
ലോകമാകെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പിടിയിലാണ്, ഭൂമിയിലെ ഒരു പ്രദേശത്തിനും ഈ പ്രതിഭാസത്തില്‍ നിന്ന് ഒഴിഞ്ഞ് നല്‍ക്കാനാകില്ല. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി യൂറോപ്പില്‍ കടുത്ത ചൂടിലൂടെയാണ് ഓരോ ദിവസവും ഇപ്പോള്‍ കടന്നു പോകുന്നത്. ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു കഴിഞ്ഞ ദിവസം യുകെ അനുഭവിച്ചത്, താപനില 30 ഡിഗ്രി സെൽഷ്യസിലെത്തി. ഇതിനിടെ ലണ്ടനിലെ പരേഡ് റിഹേഴ്സലിനിടെ മൂന്ന് ബ്രിട്ടീഷ് രാജകീയ ഗാര്‍ഡുകള്‍ ചൂട് താങ്ങാനാകാതെ തളര്‍ന്ന് വീഴുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായി. കാലാവസ്ഥാ വ്യതിയാനവും ബ്രിട്ടനില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂടിനെയും കാണിക്കുന്നതായിരുന്നു വീഡിയോയെങ്കിലും ചില രസകരമായ പ്രതികരണങ്ങള്‍ ഉയര്‍ത്താന്‍ വീഡിയോയ്ക്ക് കഴിഞ്ഞു.
രാജകീയ ഗാർഡുകൾ ചൂട് സഹിക്കാനാകാതെ തകർന്ന് വീണത് വലിയ കോളിളക്കമാണ് ബ്രിട്ടനില്‍ സൃഷ്ടിച്ചത്. ഈ ചൂടിലും ഇത്തരം സംഭവങ്ങള്‍ തുടരേണ്ടതുണ്ടോയെന്നായിരുന്നു ഉയര്‍ന്ന ചോദ്യം. എന്നാല്‍ ആ വീഡിയോ പഴയ ബ്രിട്ടന്‍റെ കോളനിയായിരുന്ന ഇന്ത്യയില്‍ മറ്റൊരു വികാരമാണ് ഉയര്‍ത്തിയത്. "ഇന്ത്യയെ കോളനിവത്കരിക്കാൻ" യുകെയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് ഇന്ത്യക്കാര്‍ പലരും തമാശയായി ചോദിച്ചു. "30 സി? അവർ എങ്ങനെ ഇന്ത്യയെ കീഴടക്കി?" എന്ന് കോളമിസ്റ്റ് മനു ജോസഫ് ട്വിറ്ററിൽ കുറിച്ചു. "ഞങ്ങളുടെ സ്‌കൂളിൽ പോകുന്ന കുട്ടികൾ സ്‌കൂൾ ചടങ്ങുകളിൽ വളരെ ഉയർന്ന താപനിലയിൽ കൂടുതൽ സമയം ചിലവഴിക്കുന്നു" മറ്റ് ചിലര്‍ പ്രതികരിച്ചു. “അവർ ശൈത്യകാലത്ത് ഇന്ത്യ കീഴടക്കി വേനൽക്കാലത്ത് തിരികെ പോയേക്കാം.” എന്നായിരുന്നു വേറൊരാളുടെ കമന്‍റ്.
വെള്ളത്തിനടിയില്‍ നൂറ് ദിവസം; ലോക റെക്കോർഡ് സ്വന്തമാക്കി സര്‍വ്വകലാശാല അധ്യാപകന്‍
അതേസമയം ചിലര്‍ രാജകീയ ഗാർഡുകളെ പിന്തുണച്ച് രംഗത്തെത്തി. യുകെയിലെ 30 ഡിഗ്രി സെൽഷ്യസ് എന്നത്, 45 ഡിഗ്രി സെൽഷ്യസിന് തുല്യമാണെന്നായിരുന്നു ഒരാളുടെ അഭിപ്രായം. വ്യത്യസ്‌തമായ കാലാവസ്ഥ കാരണം "ഇന്ത്യ ചൂടുള്ളതും വരണ്ടതുമാണ്, യുകെയില്‍ നനഞ്ഞതും തണുപ്പുള്ളതുമായ കാലാവസ്ഥയാണ്, വേനൽക്കാലത്ത് ശരാശരി താപനില 18 മുതൽ 21 ഡിഗ്രി വരെയാണ്. 30 കടന്നാൽ ആളുകൾക്ക് ഇത് അസഹനീയമാകും," അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തിൽ, യുകെയിലെ താപനില ഈ വർഷം ആദ്യമായി 30 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു, കഴിഞ്ഞ വർഷത്തെ റെക്കോർഡ് ബ്രേക്കിംഗ് ഹീറ്റ്‌വേവിന്‍റെ ആവർത്തനത്തെക്കുറിച്ചുള്ള ആശങ്കകൾ അതോടെ ഉയർന്നു. ഇത്തവണ ബ്രിട്ടനിൽ കടുത്ത ചൂടുള്ള വേനലുണ്ടാകാനുള്ള സാധ്യത 45 ശതമാനമായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു, ഇത് ശരാശരിയുടെ ഇരട്ടിയിലധികം വരുമെന്ന് യുകെ മാധ്യമ റിപ്പോർട്ടുകൾ.
തെക്കുപടിഞ്ഞാറൻ ലണ്ടനിലെ ഹീത്രൂവിൽ താപനില 30.5 ഡിഗ്രിയിൽ എത്തിയതോടെ യുകെയിലെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനമായി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ചൂടുള്ള കാലാവസ്ഥയ്‌ക്കിടയിലും പുതുതായി യുകെയുടെ രാജാവായി അധികാരമേറ്റ ചാൾസ് രാജാവിന്‍റെ ഔദ്യോഗിക ജന്മദിനം ആഘോഷിക്കുന്ന ട്രൂപ്പിംഗ് ദി കളർ ചടങ്ങ് ഈ വർഷം പ്രത്യേക പ്രാധാന്യമർഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022-ൽ, യുകെ അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷത്തിലൂടെയാണ് കടന്ന് പോയത്. താപനില 40 ഡിഗ്രി കവിയുകയും ഇത് ശക്തമായ കാട്ടുതീക്ക് കാരണമാവുകയും ചെയ്തു. യുകെയില്‍ മാത്രമല്ല. ഫ്രാന്‍സ്. സ്പെയിന്‍, ഇറ്റലി അടക്കമുള്ള യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി കഴിഞ്ഞ വര്‍ഷം കാട്ടുതീ ശക്തമായി പടര്‍ന്ന് പിടിച്ചിരുന്നു.
ആമസോണിൽ അകപ്പെട്ട ജൂലിയാന കെപ്‌കയുടെ അതിജീവനത്തിന്‍റെ കഥ