ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയെ കാണാതായി, ചെരുപ്പും വസ്ത്രങ്ങളും ചിതക്കരികെ, 'സതി'യെന്ന് മകന്‍റെ ആരോപണം
'ഞങ്ങൾ അമ്മയെ തിരയാൻ തുടങ്ങി, പക്ഷേ എവിടെയും കണ്ടില്ല. ശ്മശാനസ്ഥലത്ത് ചിതയുടെ അരികിൽ നിലത്ത് കിടക്കുന്ന സാരിയും ചെരിപ്പും കണ്ണടയുമാണ് പിന്നെ കണ്ടത്.'
ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ അനാചാരങ്ങളിൽ ഒന്നായിരുന്നു 'സതി'. ഭർത്താവ് മരിച്ചാൽ അതേ ചിതയിൽ ചാടി ഭാര്യയും മരിക്കുക എന്നതാണ് സതി കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ചാടാനൊരുക്കമല്ലാത്ത സ്ത്രീകളെ ചിതയിലേക്ക് വലിച്ചെറിയുന്ന അവസ്ഥ വരേയും ഉണ്ടായി. എന്നാൽ, പിന്നീട് ഈ അനാചാരം നിർത്തലാക്കി. രാജാറാം മോഹൻ റോയ് ആണ് അതിൽ പ്രധാന പങ്കുവഹിച്ചത്. എന്നാലിപ്പോൾ, ഛത്തീസ്ഗഢിൽ ഒരു സ്ത്രീ ഭർത്താവിന്റെ ചിതയിൽ ചാടി 'സതി' അനുഷ്ഠിച്ചതായി കരുതുന്നു എന്നാണ് അവരുടെ വീട്ടുകാർ പറയുന്നത്.
ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ നിന്നുള്ള സ്ത്രീയെ ഭർത്താവിന്റെ മരണത്തിന് പിന്നാലെ കാണാതാവുകയായിരുന്നു. ശവസംസ്കാര ചടങ്ങിന് ശേഷമാണ് 55 -കാരിയായ ഗുലാപി ഗുപ്ത എന്ന സ്ത്രീയെ കാണാതായത്. ഇവരുടെ വസ്ത്രങ്ങളും പാദരക്ഷകളും ചിതയ്ക്ക് സമീപം കണ്ടെത്തിയതിന് പിന്നാലെയാണ് ഇവർ ഭർത്താവിന്റെ ചിതയിൽ ചാടി മരിച്ചതായിരിക്കാം എന്ന സംശയം ജനിച്ചത്.
പതിറ്റാണ്ടുകളായി ഛത്തീസ്ഗഡിൽ ഇത്തരമൊരു കേസ് കണ്ടിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തോട് പ്രതികരിച്ചത്. റായ്പൂരിൽ നിന്ന് 250 കിലോമീറ്റർ അകലെയും ഒഡീഷ അതിർത്തിയോട് ചേർന്നുമുള്ള ചക്രധാർ നഗറിലെ ചിത്കാക്കനി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ ഗുപാലി ഗുപ്തയുടെ ഭർത്താവിനെ സംസ്കരിച്ച ചിതയിൽ നിന്നും തെളിവുകൾ ശേഖരിക്കാനും വിശകലനം ചെയ്യാനും റായ്പൂരിൽ നിന്ന് ഫോറൻസിക് വിദഗ്ധരെ അയച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഞായറാഴ്ചയാണ് ഗുലാപിയുടെ ഭർത്താവ് കാൻസർ ബാധിതനായ ജയ്ദേവ് ഗുപ്ത മരിച്ചത്. ഗുപ്തയെ സംസ്‌കരിക്കുമ്പോൾ ഗുലാപി മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലുണ്ടായിരുന്നു. രാത്രി 11 മണിയോടെ വീട്ടിനകത്ത് നിന്നും പുറത്തിറങ്ങി. എന്നാൽ, പിന്നെ വീടിനകത്തെത്തുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് മകൻ സുശീൽ പറയുന്നു.
“ഞങ്ങൾ അമ്മയെ തിരയാൻ തുടങ്ങി, പക്ഷേ എവിടെയും കണ്ടില്ല. ശ്മശാനസ്ഥലത്ത് ചിതയുടെ അരികിൽ നിലത്ത് കിടക്കുന്ന സാരിയും ചെരിപ്പും കണ്ണടയുമാണ് പിന്നെ കണ്ടത്. തനിക്ക് മുമ്പ് അച്ഛൻ മരിച്ചാൽ കൂടെ പോകണമെന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു എന്നും സുശീൽ പറഞ്ഞു. അവരുടെ വീട്ടിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് ശ്മശാനം.
അമ്മ സതി അനുഷ്ഠിച്ചു എന്നാണ് മകന്റെ വാദം. എന്നാൽ, പൊലീസ് അത് കണക്കിലെടുത്തിട്ടില്ല. ഗുലാപിയെ ആരും ചിതയുടെ സമീപത്ത് കണ്ടിരുന്നില്ല എന്നും പൊലീസ് പറയുന്നു. സംഭവം അന്വേഷിക്കുകയാണ് എന്ന് റായ്ഗഡ് എസ്പി ദിവ്യാങ് പട്ടേൽ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)