ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം; തമിഴ്നാട്ടില്‍ മരിച്ചയാള്‍ക്ക് രണ്ട് മതാചാരപ്രകാരം സംസ്കാര ചടങ്ങുകള്‍!


തമിഴ്നാട് സര്‍ക്കാറിന്‍റെ ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവറായിരുന്ന ബലസുബ്രഹ്മണ്യന്‍ 2019 ല്‍ ആദ്യ ഭാര്യയായ ശാന്തിയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. എന്നാല്‍, ശാന്തി ഇതിനെതിരെ അപ്പീല്‍ നല്‍കുകയും പിന്നാലെ കോടതി വിവാഹമോചനം റദ്ദാക്കുകയും ചെയ്തു.

After a dispute between his wives a man who died in Tamil Nadu was cremated according to two religious rituals BKG

മിഴ്നാട്ടില്‍ ആറ് ദിവസം മുമ്പ് മരിച്ച വ്യക്തിക്ക് രണ്ട് മതാചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍ നടത്തി. മരിച്ച വ്യക്തിയുടെ ഭാര്യമാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വ്യത്യസ്തമായ രണ്ട് മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിത്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരക്കുടി സ്വദേശിയായ അന്‍വര്‍ ഹുസൈന്‍റെ (ബാലസുബ്രഹ്മണ്യന്‍ -55) ശവസംസ്കാര ചടങ്ങുകളാണ് ഹൈന്ദവ - ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ചടങ്ങുകളോടെ നടത്തിയത്. അന്‍വര്‍ ഹുസൈന്‍റെ ആദ്യ ഭാര്യ ശാന്തിയും രണ്ടാം ഭാര്യ ഫാത്തിമയും തമ്മില്‍ ശവസംസ്കാരം സംബന്ധിച്ച തര്‍ക്കം കോടതിയില്‍ എത്തിയിരുന്നു. അടിയന്തര പ്രാധാന്യത്തോടെ കേസ് കേട്ട മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് രണ്ട് മതാചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചത്. ഭരണഘടനയ്ക്ക് കീഴിൽ, ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മതവിശ്വാസം തുടരാന്‍ മാത്രമല്ല, മറ്റുള്ളവരുടെ മതപരമായ അവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കാത്ത വിധത്തിൽ ഈ വിശ്വാസം ഒരു ആശയമെന്ന രീതിയില്‍ പ്രകടിപ്പിക്കാനും മൗലികാവകാശമുണ്ടെന്ന് കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചു. 

തമിഴ്നാട് സര്‍ക്കാറിന്‍റെ ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവറായിരുന്ന ബലസുബ്രഹ്മണ്യന്‍ 2019 ല്‍ ആദ്യ ഭാര്യയായ ശാന്തിയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. എന്നാല്‍, ശാന്തി ഇതിനെതിരെ അപ്പീല്‍ നല്‍കുകയും പിന്നാലെ കോടതി വിവാഹമോചനം റദ്ദാക്കുകയും ചെയ്തു. ഈ സമയത്തിനിടെ ഫാത്തിമയെ വിവാഹം കഴിച്ച ബാലസുബ്രഹ്മണ്യന്‍ മതം മാറുകയും അന്‍വര്‍ ഹുസൈന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17 ന് അന്‍വര്‍ ഹുസൈന്‍ മരിച്ചു. അദ്ദേഹത്തിന്‍റെ മരണത്തിന് പിന്നാല നിയമപ്രകാരമുള്ള ഭാര്യയാണ് താനെന്ന് കാട്ടി ശാന്തി പോലീസിനെ സമീപിച്ചു. അതേസമയം ഫാത്തിമയും ഇതേ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതോടെ ശവസംസ്കാരം നീണ്ടു. പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ മൃതദേഹം കാരക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. 

ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ ശാന്തിയുടെ കേസ് ഫെബ്രുവരി 19 ന്  തന്നെ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ചു. മാതാപിതാക്കളുടെയോ ഇണയുടെയോ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനുള്ള അവകാശം ആർട്ടിക്കിൾ 25 പ്രകാരമുള്ള അവകാശത്തിന്‍റെ പരിധിയിൽ വരുമെന്നും അതിനാൽ, മരിച്ചയാളുടെ ഹിന്ദു ഭാര്യയ്ക്കും നിയമാനുസൃതയായ മകൾക്കും അവരുടെ മതാചാര രീതിയില്‍ മൃതദേഹകത്തോട് ആദരവ് അർപ്പിക്കാൻ അർഹതയുണ്ടെന്നും കോടി വിധിച്ചു. മൃതദേഹം ആദ്യം ശാന്തിക്ക് വിട്ട് നല്‍കാനും ആശുപത്രിയിലെ തുറന്ന സ്ഥലത്ത് വച്ച് അരമണിക്കൂറിനുള്ളില്‍ ശാന്തിയുടെ വിശ്വാസമനുസരിച്ചുള്ള സംസ്കാര ചടങ്ങുകള്‍ നടത്താനും കോടതി നിര്‍ദ്ദേശിച്ചു. ഈ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ഫാത്തിമയ്ക്ക് കൈമാറണം. തുടര്‍ന്ന് ഫാത്തിമയ്ക്ക് ഇസ്ലാം വിശ്വാസപ്രകാരമുള്ള ചടങ്ങുകളോടെ മൃതദേഹം അടക്കം ചെയ്യാമെന്നും കോടതി വിധിച്ചു. കോടതി വിധി വന്നതിന് പിന്നാലെ കാരക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച അന്‍വറിന്‍റെ മൃതദേഹത്തിന് ഇരു മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തി. 


 

Latest Videos
Follow Us:
Download App:
  • android
  • ios