16 വർഷം ഒപ്പം കഴിഞ്ഞ നാല് പെണ്‍മക്കളും തന്‍റെതല്ലെന്ന് അറിഞ്ഞു; പിന്നാലെ വിവാഹമോചനത്തിന് അപേക്ഷ നൽകി ഭർത്താവ്!
ഏറ്റവും ദയനീയനായ മനുഷ്യന്‍ എന്നാണ് ഇന്ന് ഇയാളെ സാമൂഹിക മാധ്യമങ്ങള്‍ ഇയാളെ വിശേഷിപ്പിക്കുന്നത്.
തന്‍റെ ഭാര്യ പ്രസവിച്ച നാല് കുട്ടികളിൽ ആരും തന്‍റെതല്ലെന്ന് ഭർത്താവ് തിരിച്ചറിഞ്ഞത് 16 വർഷങ്ങൾക്ക് ശേഷം. ഒടുവിൽ വിവാഹമോചനം തേടി ഭർത്താവ് കോടതിയെ സമീപച്ചതോടെയാണ് വിചിത്രമായ ഈ വഞ്ചനയുടെ കഥ പുറത്തു വന്നത്. ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ ഒരു കോടതിയിലാണ് 16 വർഷം നീണ്ടു നിന്ന വഞ്ചനയുടെ കഥ പറഞ്ഞ ഈ വിവാഹമോചന കേസ് കഴിഞ്ഞ വർഷം ഡിസംബർ അവസാനം രജിസ്റ്റർ ചെയ്തത്.
വീട്ടുവാടക കുതിച്ചുയരുന്നു, വാഹനങ്ങള്‍ രൂപം മാറി വീടുകളാകുന്നെന്ന് റിപ്പോര്‍ട്ട്
യു എന്ന കുടുംബപ്പേരിൽ അറിയപ്പെടുന്ന ഭാര്യയ്‌ക്കെതിരെ ചെൻ സിസിയാൻ എന്ന യുവാവാണ് വിവാഹമോചന പത്രിക സമർപ്പിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് യു തന്‍റെ നാലാമത്തെ പെൺകുട്ടിയ്ക്ക് ജന്മം നൽകിയത്. ഈ സമയം ഭാര്യയോടൊപ്പം ഇല്ലാതിരുന്ന ചെൻ സിസിയാൻ വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരാവശ്യത്തിന് ആശുപത്രി രേഖകള്‍ പരിശോധിച്ചപ്പോളാണ് മകളുടെ അച്ഛന്‍റെ സ്ഥാനത്ത് തന്‍റെ പേര് നൽകേണ്ടയിടങ്ങളിലെല്ലാം വു എന്നൊരാളുടെ പേരാണ് നൽകിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. ഇത് തങ്ങളുടെ നാലാമത്തെ കുഞ്ഞിന്‍റെ പിതൃത്വവുമായി ബന്ധപ്പെട്ട് ചെനിൽ സംശയമുണ്ടാക്കി. മാത്രമല്ല ഏതാനും നാളുകൾക്ക് മുമ്പ് തന്‍റെ ഭാര്യയെ മറ്റൊരു പുരുഷനോടൊപ്പം ഹോട്ടൽ മുറിയിൽ കണ്ടതുമുതൽ ഇരുവരും തമ്മിൽ അകല്‍ച്ച ആരംഭിച്ചിരുന്നു.
കുഞ്ഞിന്‍റെ പിതൃത്വം അറിയുന്നതിനായി ഒടുവിൽ ചെൻ ഡിഎൻഎ ടെസ്റ്റ് നടത്തി. ഫലം അയാൾ കരുതിയത് തന്നെയായിരുന്നു യാഥാര്‍ത്ഥ്യം. കുഞ്ഞ് അയാളുടെതല്ല. സംശയം വർദ്ധിച്ച ചെൻ തന്‍റെ മൂത്ത മൂന്ന് കുട്ടികളുടെ ഡിഎൻഎ ടെസറ്റ് നടത്തി. എല്ലാ പരിശോധനകളിലും ഫലം ഒന്ന് തന്നെയായിരുന്നു. തന്‍റെ മക്കളെന്ന് കരുതിയ നാല് പേരും തന്‍റെതല്ല. ചെൻ സിസിയാന് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു അത്. പിന്നാലെ തനിക്ക് യു വിൽ നിന്നും വിവാഹ മോചനം വേണമെന്നും കുട്ടികളുടെ രക്ഷാധികാരം യു ഒറ്റയ്ക്ക് ഏറ്റെടുക്കണമെന്നും ചെന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഒപ്പം തന്‍റെതല്ലാത്ത നാല് കുട്ടികളെയും ഇതുവരെ വളർത്തിയതിനുള്ള ചെലവ് കാശും തനിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെട്ടാണ് ചെന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അസാധാരണമായ ഈ കേസ് ചൈനയില്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. ചൈനീസ് സാമൂഹിക മാധ്യമങ്ങള്‍ ഇന്ന് ചെനിനെ വിശേഷിപ്പിക്കുന്നത്, 'ചൈനയിലെ ഏറ്റവും ദയനീയ മനുഷ്യൻ' എന്നാണ്.