കിം ജോങ് ഉന്നിന്റെ തിരോധാനം, ഇനിയും ഉത്തരം കിട്ടാത്ത അഞ്ചു ചോദ്യങ്ങൾ
സുപ്രീം ലീഡർ കിം ജോങ്ങ് ഉൻ പെട്ടെന്നുതന്നെ അസുഖമൊക്കെഭേദമായി പതിവുപോലെ കുലുങ്ങിച്ചിരിച്ചുകൊണ്ട് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ഏപ്രിൽ 21-ന്, അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവായ റോബർട്ട് ഒബ്രയനാണ് കിം ജോങ് ഉൻ വിഷയത്തിലെ ആദ്യത്തെ വെടി പൊട്ടിക്കുന്നത്. "കിം ജോങ് ഉൻ വളരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കയാണ് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ അമേരിക്ക വളരെ ഗൗരവത്തോടെ തന്നെയാണ് പരിഗണിക്കുന്നത് "എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ദക്ഷിണ കൊറിയയിലുള്ള ഉത്തരകൊറിയൻ അഭയാർത്ഥികളിൽ നിന്നുകിട്ടിയ സുപ്രീം ലീഡറുടെ ഹൃദയ ശസ്ത്രക്രിയയെക്കുറിച്ചുള്ള വിവരമാണ് അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയത്. ഏപ്രിൽ 12 ന് കിമ്മിനെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കി എന്നായിരുന്നു വിവരം. അതിനു ശേഷം സുഖം പ്രാപിക്കാതിരുന്നതിനാൽ ഏപ്രിൽ 15 -ലെ 'സൂര്യദിനം'(“Day of the Sun”) എന്നപേരിൽ അറിയപ്പെടുന്ന തന്റെ മുത്തച്ഛന്റെ ചരമദിനത്തിന്റെ ആഘോഷങ്ങളിൽ മുഖം കാണിക്കാതെ മാറിനിൽക്കേണ്ടി വന്നിരുന്നു കിമ്മിന്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട വാർത്തകളെ നിഷേധിച്ചുകൊണ്ട് വളരെ പെട്ടെന്നുതന്നെ ദക്ഷിണ കൊറിയൻ ഗവണ്മെന്റിലെ വക്താക്കൾ രംഗത്തുവന്നിരുന്നു. സുപ്രീം ലീഡർ കിം ജോങ് ഉൻ ഉത്തരകൊറിയയുടെ പ്രാന്തപ്രദേശങ്ങളിൽ പര്യടനം നടത്തുന്ന തിരക്കിലാണ് എന്നും അല്ലാതെ വിശേഷിച്ച് അസുഖങ്ങളൊന്നും തന്നെ അലട്ടുന്നില്ലെന്നും അവർ പറഞ്ഞു. അതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന അഭ്യൂഹങ്ങൾ എല്ലാം തന്നെ വസ്തുതാവിരുദ്ധമാണ് എന്നും അവർ അറിയിക്കുകയുണ്ടായി. കിമ്മിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള വാർത്തകളെ 'ഫേക്ക് ന്യൂസ്'എന്ന് വിളിച്ചുകൊണ്ട് വൈറ്റ് ഹൗസ് ബ്രീഫിങിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തുകയുണ്ടായി. സംഗതികൾ ഇങ്ങനെയൊക്കെ ആണെങ്കിലും, ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചിലതുണ്ട്.
ചോദ്യം 1 : എവിടെയാണ് കിം ജോങ് ഉൻ ?
കിം ജോങ് ഉൻ അവസാനമായി പ്രത്യക്ഷപ്പെട്ടത് ഏപ്രിൽ 11 -ന് നടന്ന പ്രസ് മീറ്റിലാണ്. അതിനു ശേഷമാണ് അദ്ദേഹത്തെ ഹൃദയ ശസ്ത്രക്രിയക്കായി മൗണ്ട് മ്യോഹ്യാങ്ങിലേക്ക് കൊണ്ടുപോയത് എന്നും പറയപ്പെടുന്നു. കിം ജോങ് ഉൻ ഗുരുതരാവസ്ഥയിൽ കിടപ്പിലാണ് എന്നതരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നതിൽ തെറ്റുപറയാനാവില്ല. ചരമവാർഷികം, ജന്മദിനം പോലുള്ള വിശേഷാവസരങ്ങളിൽ പൂർവികരെ ആദരിക്കുന്ന ചടങ്ങുകൾ ഉത്തര കൊറിയൻ സംസ്കാരത്തിൽ പരമപ്രധാനമാണ്. ഏപ്രിൽ 15 -ലെ ചടങ്ങാണെങ്കിൽ കിം ജോങ് ഉന്നിന് ഉടലിൽ ഉയിരുണ്ടെങ്കിൽ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നായിരുന്നു. സ്വന്തം മുത്തച്ഛനും ഉത്തരകൊറിയയുടെ സ്ഥാപകനുമായ കിം ഇൽ സങിന്റെ ചരമവാർഷികദിനമായിരുന്നു അന്ന്.
എന്തായാലും കിമ്മിന്റെ ആരോഗ്യത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ ഉയർന്നതോടെ ഉത്തര കൊറിയയിൽ പാനിക് വാങ്ങിക്കൂട്ടലിലാണ് ആളുകൾ. കാരണം, അദ്ദേഹത്തിന് വല്ലതും സംഭവിച്ചാൽ രാജ്യത്ത് അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ടുകൊണ്ട് എന്തൊക്കെ അരക്ഷിതാവസ്ഥകൾ സംജാതമാകും എന്ന് ആർക്കും പ്രവചിക്കാനാവില്ല. എന്തായാലും സുപ്രീം ലീഡർ കിം ജോങ്ങ് ഉൻ പെട്ടെന്നുതന്നെ അസുഖമൊക്കെഭേദമായി പതിവുപോലെ കുലുങ്ങിച്ചിരിച്ചുകൊണ്ട് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ജനങ്ങൾ സംശയിക്കാൻ മറ്റൊരു കാരണം, 2011 -ൽ കിമ്മിന്റെ അച്ഛൻ കിം കോങ്ങ് ഇൽ മരിച്ച സമയത്ത് രണ്ടു ദിവസത്തോളം കൊറിയൻ ഗവൺമെന്റ് മരണവാർത്ത ജനങ്ങളിൽ നിന്ന് മറച്ചുവെച്ചിരുന്നു. പിന്നീട്, ചൈനയുടെ നേതൃത്വത്തിൽ അനന്തരാവകാശിയെ നിർണയിക്കാനുള്ള സന്ധി സംഭാഷണം നടന്ന ശേഷമാണ് വിവരം ലോകത്തോട് വെളിപ്പെടുത്തപ്പെട്ടത്. അതുകൊണ്ടുതന്നെ ഇത്തവണയും ബെയ്‌ജിംഗും പ്യോങ്യാങ്ങും തമ്മിലുള്ള വിമാനയാത്രകൾ വരെ ലോകമാധ്യമങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഉത്തരകൊറിയൻ സൈനികദളങ്ങളുടെ വിന്യാസവും അതുപോലെ ഈ ദിനങ്ങളിൽ നിരീക്ഷണവിധേയമായ ഒന്നാണ്.
ചോദ്യം 2 : ദക്ഷിണ കൊറിയ എന്തെങ്കിലും മറയ്ക്കുന്നുണ്ടോ?
ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ദക്ഷിണ കൊറിയയിൽ നിന്ന് വന്നത് പരീക്ഷണം നടന്നതിന് മണിക്കൂറുകൾ കഴിഞ്ഞു മാത്രമാണ്. ഇതിനു മുമ്പ് ഉത്തര കൊറിയ നടത്തിയ എല്ലാ മിസൈൽ പരീക്ഷണങ്ങളും കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ തന്നെ ദക്ഷിണ കൊറിയയിൽ നിന്ന് ആ പരീക്ഷണങ്ങളെ അപലപിച്ചു കൊണ്ടുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇപ്രാവശ്യം വന്നിട്ടുള്ള പ്രതികരണത്തിനുള്ള കാലതാമസം കിമ്മിന്റെ ആരോഗ്യ നില മോശമായി എന്നത് സംബന്ധിച്ചുള്ള എന്തൊക്കെയോ വിവരങ്ങൾ ദക്ഷിണ കൊറിയയ്ക്ക് കിട്ടിയിട്ടുണ്ട് എന്നതിന്റെ തന്നെ സൂചനയായി കൊറിയ റിസ്ക് ഗ്രൂപ്പിന്റെ സിഇഒ ചാഡ് ഓ'കരോൾ വിലയിരുത്തുന്നുണ്ട്.
ചോദ്യം 3 : അമേരിക്ക അഭ്യൂഹങ്ങൾ ഗൗരവത്തോടെ കാണുന്നുണ്ടോ?
പ്രസിഡന്റ് ട്രംപിൽ നിന്ന് നിഷേധിച്ചുകൊണ്ടുള്ള പ്രതികരണം വന്നെങ്കിലും, കിമ്മിന്റെ ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങൾ അമേരിക്കൻ ഗവൺമെന്റ് വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത് എന്നാണ് വേറെ ചില ലക്ഷണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. എയർക്രാഫ്റ്റ് സ്പോർട്സ് എന്ന എയർ ട്രാഫിക് നിരീക്ഷിക്കുന്ന ട്വിറ്റർ അക്കൗണ്ട് ബുധനാഴ്ച ദിവസം അമേരിക്കൻ നിരീക്ഷണ വിമാനങ്ങൾ ഉത്തരകൊറിയക്കു മുകളിലൂടെ നിരന്തരം പറന്നിരുന്നു എന്ന് വെളിപ്പെടുത്തി ട്വീറ്റ് ചെയ്തിരുന്നു.
ഇത് കിം ജോങ് ഉന്നിന്റെ ആരോഗ്യാവസ്ഥയെ സംബന്ധിച്ച അനിശ്ചിതാവസ്ഥ നീക്കാൻ ആവശ്യമായ വിവരശേഖരണം നടത്താൻ വേണ്ടി ആയിരുന്നു എന്ന സംശയം ശക്തമാണ്. ഇത്തരത്തിലുള്ള നിരീക്ഷണപ്പറക്കലുകൾ ഇടയ്ക്കിടെ അമേരിക്ക നടത്താറുണ്ട് എങ്കിലും, നിരീക്ഷകരുടെ കണ്ണിൽ പെടും വിധം ഇങ്ങനെ പറന്നത് ഉത്തരകൊറിയക്കുമേൽ സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ടായിരുന്നു എന്ന് വൈസ്.കോം എന്ന ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു.
ചോദ്യം 4 : ഒരു പ്രതിസന്ധി ഉണ്ടായാൽ അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ ചൈനയിൽ നടക്കുന്നുണ്ടോ?
ചൈനയിൽ വ്യാപകമായ രീതിയിൽ അരിയും മറ്റു ധാന്യങ്ങളും ഭക്ഷ്യഎണ്ണ ഉൾപ്പെടെയുള്ള അവശ്യ ആഹാരവസ്തുക്കളും ശേഖരിക്കപ്പെടുന്നുണ്ട് എന്നാണ് ന്യൂസ്‌റ്റേറ്റ്സ്മാൻ പത്രം റിപ്പോർട്ട് ചെയ്തത്. പ്യോങ്യാങ്ങിലെ ഭരണകൂടത്തിന് എന്തെങ്കിലും തരത്തിലുള്ള ഇളക്കം തട്ടി അവിടെ ഒരു ആഭ്യന്തര കലാപമുണ്ടായാൽ, ചൈനയിലേക്കുണ്ടായേക്കാവുന്ന അഭയാർഥികളുടെ കുത്തൊഴുക്ക് മുൻകൂട്ടിക്കണ്ടുകൊണ്ടാണ് കമ്മോഡിറ്റി എക്സ്ചേഞ്ചുകളിൽ നിന്നും മറ്റുമായി വൻതോതിലുള്ള സംഭരണം ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ചൈനയിൽ നടക്കുന്നത് എന്നാണ് ഊഹം. കിം ജോങ് ഉന്നിന്റെ ജീവന് എന്തെങ്കിലും അപകടമുണ്ടാവുന്ന സാഹചര്യം ആരോഗ്യപ്രശ്നങ്ങളാൽ വന്നാൽ, ചൈന ഇപ്പോൾ പ്രവർത്തിക്കുന്നതൊക്കെ മുൻകരുതലിന്റെ ഫലം ചെയ്യും.
ചോദ്യം 5 : അഥവാ കിം ജോങ് ഉൻ മരണപ്പെട്ടാൽ ആരായിരിക്കും അനന്തരാവകാശി ?
കിം ജോങ് ഉൻ മരിക്കുന്ന ഒരു സാഹചര്യമുണ്ടായാൽ ഇപ്പോൾ പറഞ്ഞു കേൾക്കുന്ന പേര് സഹോദരിയും, കിമ്മിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയും, വർക്കേഴ്സ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവുമായ കിം യോ ജോങിന്റേതാണ്. എന്നാൽ, രാജ്യത്തെ സൈനിക നേതൃത്വം ഒരു വനിതയായ കിം യോ ജോങിനെ തങ്ങളുടെ സുപ്രീം ലീഡർ ആയി സ്വീകരിക്കുമോ എന്ന കാര്യത്തിലും ആശങ്കകൾ ബാക്കി നിൽക്കുന്നുണ്ട്. കിമ്മിന്റെ കുടുംബത്തിൽ ആധികാരമേറ്റെടുക്കാൻ പോന്ന പുരുഷപ്രജകൾ ഇല്ലാതെ വന്നാൽ സൈന്യത്തിന്റെ തലവന്മാർ ചേർന്ന് ഒരു പട്ടാള അട്ടിമറി സംഘടിപ്പിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ, എണ്ണമറ്റ ന്യൂക്ലിയർ വാർ ഹെഡുകളും, അമേരിക്ക വരെ ഏതാണ് പോന്ന ദീർഘദൂര മിസൈലുകളും അടങ്ങിയ ഉത്തര കൊറിയൻ ആവനാഴി സൈനിക നേതൃത്വത്തിന്റെ പക്കൽ വന്നു ചേർന്നാൽ എന്താണ് സംഭവിക്കുക എന്നത് അപ്രവചനീയമായ സംഗതിയാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ അത്തരത്തിലുള്ള ഒരു രാഷ്ട്രീയ പ്രതിസന്ധി മാത്രം മതിയാകും.
ഇതുവരെ ഒന്നിനും ഒരു സ്ഥിരീകരണവുമുണ്ടായിട്ടില്ല എന്നതാണ് തൽക്കാലം പുറത്തുവരുന്ന വിവരം. തലസ്ഥാനമായ പ്യോങ്യാങ്ങിലോ, ഉത്തരകൊറിയ-ചൈന അതിർത്തി ക്രോസിംഗ് പട്ടണമായ ഡാൻഡോങ്കിലോ ഒന്നും തന്നെ ആളും ബഹളവും ഒന്നും തന്നെ ദൃശ്യമല്ല. കിം ജോങ് ഉൻ വിധേയനായത് തികച്ചും സ്വാഭാവികമായ ഒരു ഹൃദയ ശസ്ത്രക്രിയക്ക് മാത്രമായിരിക്കാം. ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം പൂർണ്ണാരോഗ്യവാനായി മടങ്ങിയെത്തുകയും ചെയ്തേക്കാം. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ അഭ്യൂഹങ്ങൾക്ക് പ്രധാനമായും കാരണമായിരിക്കുന്നത് ഉത്തരകൊറിയൻ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള മൗനവും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകൾക്ക് ബലം പകരാൻ പോന്ന കിമ്മിന്റെ അനാരോഗ്യകരമായ ഭക്ഷണശീലവും, അമിതവണ്ണമുള്ള അദ്ദേഹത്തിന്റെ ശരീരപ്രകൃതവുമാണ്. കൊറോണാ വൈറസ് ബാധകൊണ്ട് അല്ലെങ്കിൽ തന്നെ വലഞ്ഞിരിക്കുന്ന ഈ ലോകത്തിന് കിമ്മിന്റെ മരണം പോലൊരു വൻ സംഭവം പകരുന്ന രാഷ്ട്രീയാഘാതം താങ്ങാവുന്നതിലും ഏറെയായിരിക്കും, തീർച്ച.
ALSO READ :