നൂറ്റാണ്ടിന്‍റെ പഴക്കം, ആശുപത്രി, സിനിമാ ലോക്കേഷന്‍; ഒടുവിൽ പൊളിക്കാന്‍ എത്തിയപ്പോൾ പ്രേതകഥകളാൽ സമ്പന്നം !
നൂറ്റാണ്ടിനേക്കാള്‍ പഴക്കം. ലോകമഹായുദ്ധകാലത്ത് ആശുപത്രി. പിന്നീട് മാനസികരോഗാശുപത്രി, അതും കഴിഞ്ഞ് സിനിമാ ലോക്കേഷന്‍. ഇപ്പോള്‍ പ്രദേശത്തെ പ്രധാന പ്രേതവീട്.
വിചിത്രമായ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ട നിരവധി സ്ഥലങ്ങൾ ലോകമെമ്പാടുമുണ്ട്. അസ്വസ്ഥമായ ഏറ്റുമുട്ടലുകൾക്കും വിശദീകരിക്കാനാകാത്ത പ്രതിഭാസങ്ങൾക്കും പേരുകേട്ട നിഗൂഢമായ അത്തരം സ്ഥലങ്ങളിൽ ഒന്നാണ് സ്‌കോട്ട്‌ലൻഡിലെ വെസ്റ്റ് ലോത്തിയനിലെ ബംഗൂർ ഗ്രാമത്തിലെ ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ മാനസികരോഗാശുപത്രി. പ്രദേശവാസികൾ ഏറെ ഭയത്തോടെ മാത്രം നോക്കികാണുന്ന ഈ കെട്ടിവുമായി ചുറ്റിപ്പറ്റി നിരവധി കഥകളാണ് പ്രചരിക്കുന്നത്.
1906-ൽ നിർമ്മിച്ച ഈ ആശുപത്രി, ഒന്നാം ലോകമഹായുദ്ധ കാലത്ത് എഡിൻബർഗ് യുദ്ധത്തില്‍ പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കുന്ന ആശുപത്രിയുടെ ഭാഗമായി പ്രവർത്തിച്ചു. പിന്നീട്, ഇത് ഒരു മാനസികാരോഗ്യ കേന്ദ്രമായി രൂപാന്തരപ്പെടുകയും വർഷങ്ങളോളം ആ നിലയിൽ തുടരുകയും ചെയ്തു. എന്നാൽ, 2004-ൽ ആശുപത്രി അടച്ചുപൂട്ടി. യുകെയിൽ വികസിച്ചുകൊണ്ടിരിക്കുന്ന മാനസികാരോഗ്യ സംരക്ഷണ സംവിധാനങ്ങളായിരുന്നു ഈ അടച്ചു പൂട്ടലിന് കാരണമായത്.
ഭയാനകമായ പ്രകമ്പനങ്ങൾ നിറഞ്ഞ ഭൂപ്രകൃതിക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയും പരിസരവും പിന്നീട് സിനിമാ ചിത്രീകരണങ്ങൾക്കും സർക്കാർ പദ്ധതികളുടെ വിവിധ പരീക്ഷണങ്ങൾക്കുമായി ഉപയോഗിക്കപ്പെട്ടു. 2005-ൽ, അഡ്രിയൻ ബ്രോഡിയും കെയ്‌റ നൈറ്റ്‌ലിയും അഭിനയിച്ച 'ദി ജാക്കറ്റ്' എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് ഈ ലൊക്കേഷൻ പശ്ചാത്തലമായി. തുടർന്ന്, 2009-ൽ, സ്‌കോട്ടിഷ് ഗവൺമെന്‍റ് ഒരു ഭീകരവിരുദ്ധ അഭ്യാസ പ്രകടനത്തിന്‍റെ ഭാഗമായി ഒരു അണുവിമുക്ത നടപടിക്രമത്തിനായി പരിസരം ഉപയോഗിച്ചു.
ഹൃദയാകൃതിയിൽ സ്ഫടികം, 80 കിലോ തൂക്കം; ഉറുഗ്വേ ഖനിത്തൊഴിലാളികളുടെ കണ്ടെത്തലിൽ ഞെട്ടി സോഷ്യൽ മീഡിയ !
ഇതിനിടയിൽ ഒഴിഞ്ഞു കിടന്ന കെട്ടിടവുമായി ബന്ധപ്പെട്ട് നിരവധി പ്രേതകഥകളും പ്രചരിച്ചു. അതിന് ആക്കം കൂട്ടിയത് നതാഷ മക്കല്ലം, എന്ന നഗര പര്യവേക്ഷകന്‍റെ കെട്ടിട സന്ദർശനമായിരുന്നു. ആശുപത്രിയിലെത്തിയ അവർ അതിന്‍റെ നിലവിലെ അവസ്ഥ ഫോട്ടോകളില്‍ പകർത്തി, ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ തന്‍റെ അനുഭവങ്ങൾ പങ്കുവെച്ചു. വേട്ടയാടുന്ന ആ അന്തരീക്ഷത്തിലേക്ക് താൻ ഒരിക്കൽ കൂടി പോകാൻ ആഗ്രഹിക്കുന്നില്ലന്നും അവര്‍ സാമൂഹിക മാധ്യമത്തില്‍ എഴുതി. ഇത് ആശുപത്രി കെട്ടിടവുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടിരുന്ന വിചിത്രമായി കഥകൾക്ക് കൂടുതൽ ശക്തി നൽകി.
ഉപേക്ഷിക്കപ്പെട്ട ആശുപത്രി, കാലക്രമേണ ജീർണിച്ച് ഏറെ പരിതാപകരമായ അവസ്ഥയിലായി. ആശുപത്രിയുടെ ഇരുണ്ട ഇടനാഴികളും തകര്‍ന്ന വാതിലുകളും പാരാനോർമൽ ഏറ്റുമുട്ടലുകളുടെ പ്രാദേശിക കഥകള്‍ക്ക് എപ്പോഴും ഇന്ധനം പകരുന്നത് തുടരുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും യുദ്ധ കാല ആശുപത്രിയും മനോരോഗാശുപത്രിയും സിനിമാ ചിത്രീകരണവും അടക്കമുള്ള പരിപാടികള്‍ ആ കെട്ടിടത്തിന്‍റെ നിഗൂഢതയ്ക്ക് ആക്കം കൂട്ടി. ആശുപത്രിയുടെ ചില കെട്ടിട ഭാഗങ്ങൾ ഇതിനകം പൊളിച്ചു നീക്കി, ബാക്കിയുള്ളവ റെസിഡൻഷ്യൽ പ്രോപ്പർട്ടികളായി പുനർവികസിപ്പിച്ചെടുക്കാനാണ് സർക്കാറിന്‍റെ തീരുമാനം. പക്ഷേ, ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട വിചിത്രമായ കഥകൾക്കും അനുഭവ സാക്ഷ്യങ്ങൾക്കും കുറവൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.