77 വർഷം പഴക്കം, എലിസബത്ത് രാജ്ഞിയുടെ വിവാഹകേക്കിലെ ഒരു കഷ്ണം 2 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റു
നിലവില്‍ ഭക്ഷ്യയോഗ്യമല്ലാത്ത കേക്കിന്‍റെ കഷ്ണം, 'മഹത്തായ കണ്ടെത്തൽ' എന്നാണ് ലേല സ്ഥാപനം വിശേഷിപ്പിച്ചത്.
എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്‍റെയും രാജകീയ വിവാഹം യുകെയിൽ നടന്ന് ഏകദേശം 80 വർഷങ്ങൾക്ക് ശേഷം ഇപ്പോഴിതാ അവർ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. 1947 നവംബർ 20 -ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ രാജകീയമായി കൊണ്ടാടിയ ആ വിവാഹാഘോഷത്തിൽ മുറിച്ച വിവാഹ കേക്കിന്‍റെ ഒരു കഷണം അടുത്തിടെ ലേലത്തിൽ വിറ്റത് 2,200 പൗണ്ടിന് (ഏകദേശം 2 ലക്ഷം രൂപ). ലേലത്തിൽ കേക്കിന് പ്രതീക്ഷിച്ചിരുന്ന വില 500 പൗണ്ട് (ഏകദേശം 54,000 രൂപ) ആയിരുന്നെങ്കിലും അതിനേക്കാൾ ഏറെ കൂടുതൽ മൂല്യത്തിലാണ് കേക്ക് വിറ്റു പോയത്.
കേക്ക് ഇനി ഭക്ഷ്യയോഗ്യമല്ലെങ്കിലും വളരെ അപൂർവമായ കേക്ക് കക്ഷണം ചൈനയിൽ നിന്നുള്ള ഒരു അജ്ഞാതനായ ബിഡ്ഡറാണ് വാങ്ങിയത്. ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് എഡിൻബർഗിലെ ഹോളിറൂഡ് ഹൗസിലെ വീട്ടുജോലിക്കാരിയായ മരിയോൺ പോൾസണിലേക്ക് രാജകീയ ദമ്പതികളുടെ പ്രത്യേക സമ്മാനമായി അയച്ച് കൊടുത്ത ഈ കേക്കിന്‍റെ കഷണം അതിന്‍റെ യഥാർത്ഥ ബോക്സിൽ തന്നെയാണ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത്.
ഫ്രഷേഴ്സ് ഡേ ആഘോഷമാക്കി വകുപ്പ് മേധാവിയും; ഇതുപോലൊരു എച്ച് ഒ ഡിയെ എവിടുന്ന് കിട്ടുമെന്ന് കുറിപ്പ്
കോൾചെസ്റ്റർ ആസ്ഥാനമായുള്ള ലേല സ്ഥാപനമായ റീമാൻ ഡാൻസിയിൽ നിന്നുള്ള ജെയിംസ് ഗ്രിന്‍റർ കേക്കിനെ വിശേഷിപ്പിച്ചത് 'മഹത്തായ കണ്ടെത്തൽ' എന്നാണ്. എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്‍റെയും വിവാഹവേളയിൽ പ്രത്യേകമായി തയ്യാറാക്കിയ ഒരു ഡെസേർട്ട് അതിഥികൾക്കായി വിളമ്പിയതിനുള്ള പ്രത്യേക സ്നേഹ സമ്മാനമായാണ് ഒരു കേക്ക് കഷ്ണം മരിയോൺ പോൾസണിന് പ്രത്യേകമായി അയച്ച് കൊടുത്തത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 1980-കളിൽ മരിക്കുന്നതുവരെ മരിയോൺ ഈ കേക്ക് ഒരു നിധി പോലെ സൂക്ഷിച്ചു. പിന്നീട് അവരുടെ മരണശേഷം കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയ സ്വകാര്യ സമ്പാദ്യത്തിന്‍റെ കൂട്ടത്തിലാണ് കേക്കും അതോടൊപ്പമുള്ള എലിസബത്ത് രാജ്ഞയുടെ ഒരു കത്തും കണ്ടെത്തിയത്.
കത്തിലെ വരികൾ ഇങ്ങനെയായിരുന്നു , “ഇത്രയും സന്തോഷകരമായ ഒരു വിവാഹ സമ്മാനം ഞങ്ങൾക്ക് നൽകുന്നതിൽ നിങ്ങൾ പങ്കുചേർന്നു എന്നറിഞ്ഞതിൽ ഞാനും എന്‍റെ ഭർത്താവും വളരെയധികം സന്തുഷ്ടരാണ്. നിങ്ങളുടെ ഡെസേർട്ട് സർവ്വീസ്, ഞങ്ങളെ രണ്ടുപേരെയും അതിഥികളെയും വളരെയധികം ആകർഷിച്ചു." എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്‍റെയും വിവാഹ കേക്കിന് ഒമ്പത് അടി ഉയരവും നാല് പാളികളുമുണ്ടായിരുന്നു. മദ്യം ഉപയോഗിച്ച് നിർമ്മിച്ച, കേക്ക് കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിച്ചു. വിവാഹത്തിന് അഞ്ച് വർഷത്തിന് ശേഷം, 1952 ഫെബ്രുവരി 6 ന് പിതാവ് ജോർജ്ജ് ആറാമന്‍റെ മരണത്തെത്തുടർന്ന് എലിസബത്ത്, ഇംഗ്ലണ്ടിന്‍റെ രാജകീയ സിംഹാസനം ഏറ്റെടുത്തു.