'മാപ്പ്, അന്ന് ക്ഷേത്രത്തിലെ പണം മോഷ്ടിച്ചതിന്'; സംഭാവനപ്പെട്ടിയിൽ കത്തും 1.25 ലക്ഷം രൂപയും

ഈ ക്ഷേത്രത്തിലെ മോഷണത്തിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം താൻ മറ്റൊരു മോഷണത്തിന് കൂടി ശ്രമിച്ചെങ്കിലും ഒരു സന്യാസി തന്നെ പിടികൂടി എന്നും കത്തിൽ എഴുതിയിരുന്നു. ആ സന്യാസി തന്നെ ശിക്ഷിച്ചില്ല. പകരം തന്റെ തോളിൽ കൈവയ്ക്കുകയും തലയാട്ടുകയുമാണ് ചെയ്തത്.

a letter arrived after 27 years written by man stealing money from donation box in south korea temple

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദക്ഷിണ കൊറിയയിലെ ഒരു ക്ഷേത്രത്തിലെ തൊഴിലാളികൾ സംഭാവനകൾ ഇടുന്ന ബോക്സിൽ ഒരു അസാധാരണമായ കവർ കണ്ടെത്തി. അതിൽ‌ ഒരു കത്തായിരുന്നു. 27 വർഷം മുമ്പ് ക്ഷേത്രത്തിൽ നിന്നും സംഭാവനപ്പെട്ടി മോഷ്ടിച്ച ഒരാളാണ് കത്തെഴുതിയത്. ആ കളവിന് മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു കത്ത്. 

അതുകൊണ്ടും തീർന്നില്ല, കത്തിനൊപ്പം 2 മില്യൺ വോൺ (ഏകദേശം 1.25 ലക്ഷം രൂപ) യും വച്ചിട്ടുണ്ടായിരുന്നു. കത്തിൽ പറയുന്നതനുസരിച്ച്, 1997 -ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്താണ് ഗ്യോങ്‌സാങ് പ്രവിശ്യയിലെ ടോങ്‌ഡോ ക്ഷേത്രത്തിലെ ജജംഗം ഹെർമിറ്റേജിൽ നിന്ന് ഒരു ആൺകുട്ടി 30,000 വോൺ (ഏകദേശം 1,900 രൂപ) മോഷ്ടിച്ചത്. 

ഈ ക്ഷേത്രത്തിലെ മോഷണത്തിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം താൻ മറ്റൊരു മോഷണത്തിന് കൂടി ശ്രമിച്ചെങ്കിലും ഒരു സന്യാസി തന്നെ പിടികൂടി എന്നും കത്തിൽ എഴുതിയിരുന്നു. ആ സന്യാസി തന്നെ ശിക്ഷിച്ചില്ല. പകരം തന്റെ തോളിൽ കൈവയ്ക്കുകയും തലയാട്ടുകയുമാണ് ചെയ്തത്. അത് തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു എന്നും കത്തിൽ കുറിച്ചിട്ടുണ്ടായിരുന്നു. 

ആ ദിവസം തൊട്ട് താൻ കഠിനമായ ജോലി ചെയ്തു. ഇപ്പോൾ ആദരപൂർണമായ ഒരു ജീവിതമാണ് നയിക്കുന്നത് എന്നും കത്തിൽ പറയുന്നു. “കുട്ടിക്കാലത്ത് ഞാനൊട്ടും ചിന്തയില്ലാത്തവനായിരുന്നു. 27 വർഷം മുമ്പ് ജജംഗമിൽ നിന്ന് ഒരു ഡൊണേഷൻ ബോക്സ് എടുത്ത് മലമുകളിലേക്ക് കയറി അതിൽ നിന്ന് ഏകദേശം 30,000 വോൺ (ഏകദേശം 1900 രൂപ) മോഷ്ടിച്ചത് ഞാൻ ഓർക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഞാൻ വീണ്ടും പണം മോഷ്ടിക്കാൻ പോയി, പക്ഷേ ഒരു സന്യാസി എന്നെ കണ്ടു. എന്റെ തോളിൽ പിടിച്ച് കണ്ണുകൾ അടച്ച് നിശബ്ദമായി തലയാട്ടുകയായിരുന്നു അദ്ദേഹം. അന്ന് ഒന്നും സംഭവിച്ചില്ല, ഞാൻ വീട്ടിലേക്ക് പോയി. ആ ദിവസം മുതൽ, എൻ്റേതല്ലാത്ത ഒന്നും ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല” എന്നാണ് കത്തിൽ എഴുതിയിരുന്നത് എന്ന് കൊറിയ ടൈംസ് പറയുന്നു.

“പിന്നീട് ഞാൻ കഠിനാധ്വാനം ചെയ്യുകയും നല്ല ജീവിതം നയിക്കുകയും ചെയ്തു. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ, സന്യാസി എന്നെ നല്ലവനാകാൻ വഴികാട്ടിയതായി ഞാൻ കരുതുന്നു. നേരത്തെ തന്നെ ഇത് തിരികെ തരാത്തതിൽ ഞാൻ ഖേദിക്കുന്നു. ഒരു താത്കാലിക വായ്പയായിട്ടാണ് ഞാനന്ന് ഡൊണേഷൻ ബോക്സ് എടുത്തത് എന്ന് കരുതാൻ നിങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. എൻ്റെ കുട്ടിക്ക് അഭിമാനമുള്ളവനും മാന്യനുമായ ഒരു പിതാവായിത്തീരാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെ നന്ദി ആ സന്യാസിക്ക്. വീണ്ടും ക്ഷമ ചോദിച്ചുകൊണ്ട് നിർത്തുന്നു” എന്നും കത്തിലെഴുതിയിരുന്നു. എന്നാൽ, പേര് എഴുതിയിരുന്നില്ല. 

കത്തിൽ പറയുന്ന സന്യാസി ഹ്യോൻമുൻ ഇപ്പോഴും ക്ഷേത്രത്തിലുണ്ട്. ആ സംഭവം ഓർക്കുന്നുണ്ട് എന്നും എന്നാൽ, ആ കുട്ടിയുടെ മുഖം ഓർക്കുന്നില്ല എന്നുമാണ് സന്യാസി പറയുന്നത്. അതൊരു സ്കൂൾ കുട്ടിയായിരുന്നു എന്നും സന്യാസി പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios