അബ്ദുള്ളയുടെയും അമ്പിളിയുടെയും വിവാഹം, ക്ഷണക്കത്ത് കിട്ടിയവരാരും മറക്കില്ല!

വിവാഹം കഴിഞ്ഞയുടന്‍ വലിച്ചെറിയുകയോ കീറി കളയുകയോ ചെയ്യുന്ന ക്ഷണക്കത്തുകളേക്കാളും എന്തുകൊണ്ടും വിലപ്പെട്ടതാണ് ക്ഷണപുസ്തകമെന്ന് അഷ്‌റഫ് പറയുന്നു.  'പുസ്തകക്ഷണക്കത്തുകള്‍ എല്ലാ കാലത്തേക്കുമുള്ള ഓര്‍മ്മയാണ്. അത് കിട്ടിയവര്‍ സൂക്ഷിച്ച് വയ്ക്കുകയും ചെയ്യും'-അഷ്‌റഫ് പറയുന്നു.  
 

A book instead of wedding invitation card

തിരുവനന്തപുരം: വിവാഹത്തിന് ആളെ വിളിക്കാനുള്ള ക്ഷണക്കത്തുകള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍, അതൊരു പുസ്തകമായാലോ? അതും മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളുടെ ഏറ്റവും നല്ല നോവലുകളിലൊന്ന്. 

ഞെട്ടണ്ട, ആ സാദ്ധ്യത യാഥാര്‍ത്ഥ്യമാവുകയാണ്. എഴുത്തുകാരന്‍ കൂടിയായ തൃശൂര്‍ കൊച്ചനൂര്‍ സ്വദേശി അഷ്‌റഫ് പേങ്ങാട്ടയില്‍, മകന്റെ കല്യാണത്തിനാണ് ക്ഷണക്കത്ത് ഉപേക്ഷിച്ച് പുതിയ രീതി പരീക്ഷിച്ചത്.  'ക്ഷണ പുസ്തകം' എന്നാണ് അദ്ദേഹമിതിനെ വിളിക്കുന്നത്.  വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്'  എന്ന നോവലാണ് ക്ഷണപുസ്തകമാവുന്നത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കവര്‍ച്ചിത്രം കല്യാണ ക്ഷണക്കത്ത് ആണ്. 

A book instead of wedding invitation card

അഷ്‌റഫിന്റെ മൂത്തമകന്‍ അബ്ദുള്ളയുടെതാണ് വിവാഹം. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി അമ്പിളി എന്ന അബിത ബഷീറാണ് വധു. ഏപ്രില്‍ ഏഴിന് ഞായറാഴ്ച ഉച്ചയ്ക്ക് വൈലത്തൂര്‍ നമാസ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് വിവാഹം. വിവാഹ ചടങ്ങിലും തുടര്‍ന്നുള്ള സദ്യയിലും പങ്കുകൊള്ളണമെന്നും അനുഗ്രഹിക്കണമെന്നും ആവശ്യപ്പെടുന്ന കത്താണ് വധൂവരന്‍മാരുടെ ചിത്രം സഹിതം കവറിലുള്ളത്.   

പുസ്തകങ്ങളോടുള്ള ഇഷ്ടമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അഷ്‌റഫ് പേങ്ങാട്ടയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വിവാഹത്തിന് വരുന്നവര്‍ക്ക് പുസ്തകം നല്‍കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് തീരുമാനം മാറ്റി. വിവാഹം ക്ഷണിക്കാന്‍ പോകുമ്പോള്‍തന്നെ പുസ്തകം നല്‍കാമെന്നായി. ഇതിനായി ബഷീറിന്റെ 'പാത്തുമ്മയുടെ ആട്' എന്ന പുസ്തകമായിരുന്നു ആദ്യം തെരഞ്ഞെടുത്തത്. പിന്നീട് കവിയും സംഗീത സംവിധായകനുമായ റഫീഖ് അഹമ്മദിനെ പോലുള്ളവരുടെ നിര്‍ദ്ദേശപ്രകാരം 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്ന പുസ്തകം തെരഞ്ഞെടുത്തത്. അക്ബര്‍ പെരുമ്പിലാവ് ആണ് പുസ്തകത്തിന്റെ കവറില്‍ ക്ഷണക്കത്ത് ഡിസൈന്‍ ചെയ്തത്. 

തുടര്‍ന്ന് അഷ്‌റഫ് ഡിസി ബുക്‌സിനെ സമീപിച്ചു. ആയിരം പുസ്തകങ്ങള്‍ ഈ ആവശ്യത്തിനായി വേണമെന്നാണ് ആവശ്യപ്പെട്ടത്. ഈ ആശയം ഡിസി ബുക്‌സ് സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വിവാഹ ക്ഷണക്കത്ത് ഉള്‍പ്പെടുന്ന കവര്‍ ചിത്രത്തോടെ പുസ്തകം പ്രത്യേകമായി അച്ചടിച്ച് ഡിസി ബുക്‌സ് അഷ്‌റഫിന് നല്‍കി. 

വിവാഹം കഴിഞ്ഞയുടന്‍ വലിച്ചെറിയുകയോ കീറി കളയുകയോ ചെയ്യുന്ന ക്ഷണക്കത്തുകളേക്കാളും എന്തുകൊണ്ടും വിലപ്പെട്ടതാണ് ക്ഷണപുസ്തകമെന്ന് അഷ്‌റഫ് പറയുന്നു.  'പുസ്തകക്ഷണക്കത്തുകള്‍ എല്ലാ കാലത്തേക്കുമുള്ള ഓര്‍മ്മയാണ്. അത് കിട്ടിയവര്‍ സൂക്ഷിച്ച് വയ്ക്കുകയും ചെയ്യും'-അഷ്‌റഫ് പറയുന്നു.  

35 വര്‍ഷം പ്രവാസ ജീവിതം നയിച്ച അഷ്‌റഫ് ശ്രദ്ധേയനായ കഥാകൃത്ത് കൂടിയാണ്. 'ഗ്രൗണ്ട് സീറോ' എന്ന പേരില്‍  കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഭാര്യയും നാല് മക്കളും അടങ്ങിയ കുടുംബമാണ് അഷ്‌റഫിന്റേത്. 

Latest Videos
Follow Us:
Download App:
  • android
  • ios