വീടിനുള്ളിൽ കണ്ടെത്തിയത് 8 അടിയുള്ള പെരുമ്പാമ്പ്; പേടിച്ചരണ്ട് വീട്ടുകാര്‍
ഭീമാകാരനായ പാമ്പിനെ കണ്ട് ഭയന്നുപോയ ദമ്പതികൾ ഉടൻ തന്നെ ഔദ്യോഗിക പാമ്പ് പിടുത്തക്കാരുടെ സഹായം തേടുകയായിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന് പിന്നാലെ ലോകമെമ്പാടുമുള്ള മനുഷ്യന്‍ നേരിടുന്ന മറ്റൊരു പ്രശ്നമാണ് കാട്ട് വിട്ടിറങ്ങുന്ന വന്യമൃഗങ്ങള്‍. ഇന്ത്യയിലെന്നത് പോലെ ലോകമെങ്ങും ഇത്തരത്തിലുള്ള വന്യജീവി സംഘര്‍ഷങ്ങള്‍ ഇന്ന് നിരവധിയാണ്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ നിന്നും വീട്ടിനുള്ളില്‍ കയറിയ ഒരു പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ക്വീൻസ്ലാൻഡിലെ താമസക്കാരായ ദമ്പതികളുടെ വീടിന്‍റെ ഹാളിനോട് ചേർന്നുള്ള ഇടനാഴിയില്‍ നിന്ന് 8 അടി വലിപ്പമുള്ള പെരുമ്പാമ്പിനെയാണ് കണ്ടെത്തിയത്.
ഭീമാകാരനായ പാമ്പിനെ കണ്ട് ഭയന്നുപോയ ദമ്പതികൾ ഉടൻ തന്നെ ഔദ്യോഗിക പാമ്പ് പിടുത്തക്കാരുടെ സഹായം തേടുകയായിരുന്നു. തങ്ങൾ കണ്ട സമയം മുതൽ പാമ്പ് പിടുത്തക്കാർ വീട്ടിലെത്തും വരെ പെരുമ്പാമ്പ് കിടന്നിരുന്ന സ്ഥലത്ത് നിന്ന് ഒരല്പം പോലും നീങ്ങിയില്ലെന്നാണ് വീട്ടുകാർ പിന്നീട് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. പാമ്പുപിടുത്തക്കാർ എത്തുന്നതിന് മുൻപായി അത് തങ്ങളെ ആക്രമിക്കുമോയെന്ന് ഭയപ്പെട്ടിരുന്നെങ്കിലും യാതൊരു വിധത്തിലുള്ള പ്രകോപനവും പാമ്പിന്‍റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും അത് വളരെ ശാന്തനായി കാണപ്പെട്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു.
ദമ്പതികളുടെ ആവശ്യപ്രകാരം സ്ഥലത്തെത്തിയ ടൗൺസ്‌വില്ലെയിലെ ജെറമീസ് റെപ്‌റ്റൈൽ റീലോക്കേഷൻസിലെ ജെറമി ഡി ഹാൻ എന്ന പാമ്പുപിടിത്തക്കാരന്‍ പാമ്പിനെ പിടികൂടുകയും അനുയോജ്യമായ മറ്റൊരു ആവാസവ വ്യവസ്ഥയിൽ അതിനെ തുറന്നു വിടുകയും ചെയ്തു. താൻ പിടികൂടിയ പാമ്പിന്‍റെ ചിത്രവും ജെറമി ഡി ഹാൻ തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി പങ്കുവച്ചു, എട്ടടി വലിപ്പം ഉണ്ടായിരുന്നെങ്കിലും പാമ്പ് തീർത്തും ശാന്തനായിരുന്നുവെന്നാണ് ജെറമി അഭിപ്രായപ്പെട്ടത്.
കാർപ്പറ്റ് പൈത്തോൺസ് എന്ന ഇനത്തിൽപ്പെട്ട പാമ്പിനെയാണ് പിടികൂടിയത്. വീടിന്‍റെ അടുക്കള ഭാഗത്ത് പുറത്തേക്ക് നീണ്ടുനിൽക്കുന്ന മേൽക്കൂരയുടെ ഭാഗത്തുകൂടിയാകാം പാമ്പ് അകത്ത് കടന്നതെന്നും ഇദ്ദേഹം പറഞ്ഞു. ഈ ഇനത്തിൽപ്പെട്ട പാമ്പുകൾ പൊതുവിൽ ശാന്തസ്വഭാവക്കാരാണെന്നും വളരെ അപൂർവമായി മാത്രമേ ഇവ മനുഷ്യർക്ക് ഭീഷണിയാകാറുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദമ്പതികളുടെ വീട്ടിൽ നിന്നും ഏതാനും കിലോമീറ്റർ അകലെയുള്ള ഒരു കുറ്റിക്കാട്ടിലാണ് പാമ്പിനെ തുറന്നു വിട്ടതൊന്നും അദ്ദേഹം അറിയിച്ചു. ക്യൂൻസ്‌ലാന്‍റിലെ എൻവിയോൺമെന്‍റ് ആന്‍റ് സയൻസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ അഭിപ്രായത്തിൽ, കാർപ്പറ്റ് പെരുമ്പാമ്പുകൾ 8 അടി മുതൽ 13 അടി വരെ നീളം വയ്ക്കും. ഈ ഇനം പമ്പുകള്‍ വിഷരഹിതമാണ്, എന്നാൽ, താൻ ആക്രമിക്കപ്പെടുമെന്ന് ഭയം ഉണ്ടായാൽ ആ സങ്കോചത്താൽ ഇവ ഇരയെ ചുറ്റിവരിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം നടത്തും.
ഇവരോ ഇന്ത്യ കീഴടക്കിയത്? 30 ഡിഗ്രി ചൂടില്‍ വീഴുന്ന യുകെ റോയൽ ഗാർഡിന്‍റെ വീഡിയോ കണ്ട് നെറ്റിസണ്‍സ്