യൗവനം തിരിച്ച് പിടിക്കാന്‍ 47 -കാരിയായ അമ്മ, 23 -കാരനായ മകന്‍റെ രക്തം സ്വീകരിക്കാനൊരുങ്ങുന്നു
സ്വന്തം മകനിൽ നിന്നോ മകളിൽ നിന്നോ രക്തം സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ യുവകോശങ്ങളെ നിലനിർത്തുന്നാന്‍ സാധിക്കുമെന്നാണ് മനുഷ്യ ബാര്‍ബി എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാർസെല ഇഗ്ലേഷ്യ അവകാശപ്പെടുന്നത്.
യൗവനം ഏങ്ങനെ നിലനിര്‍ത്താമെന്ന അന്വേഷണത്തിലാണ് ഒരു കൂട്ടം ആളുകള്‍. ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ് ബ്രയാന്‍ ജോണ്‍സന്‍. ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് ബ്രയാന്‍ ജോണ്‍സന്‍ തന്‍റെ യൗവനം നിലനിര്‍ത്താനായി ചെലവഴിക്കുന്നത്. ഇതിനിടെയാണ് ഏവരെയും ഞെട്ടിക്ക് കൊണ്ട് 'മനുഷ്യ ബാര്‍ബി' എന്ന് പ്രശസ്തയായ ലോസ് ആഞ്ചലസ് സ്വദേശിയായ 47 വയസ്സുള്ള മാർസെല ഇഗ്ലേഷ്യ രംഗത്ത് വന്നത്. മാർസെല ഇഗ്ലേഷ്യ തന്‍റെ യൗവനം നിലനിര്‍ത്താനായി 23 -കാരനായ മകന്‍റെ രക്തം സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയത്. തന്‍റെ സൗന്ദര്യ ചികിത്സയ്ക്കായി രക്തം നൽകുന്നതിൽ മകൻ വളരെ സന്തുഷ്ടനാണെന്നും അവർ അവകാശപ്പെട്ടു,
നിങ്ങളുടെ സ്വന്തം മകനിൽ നിന്നോ മകളിൽ നിന്നോ രക്തം സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ യുവകോശങ്ങളെ നിലനിർത്തുന്നതിനുള്ള പുതിയ യുഗമാണ് സാധ്യമാകുകയെന്നും അവര്‍ പറയുന്നു. മാർസെല ഇഗ്ലേഷ്യ ഒരു സ്വയം പ്രഖ്യാപിത 'മനുഷ്യ ബാർബി' ആണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രായം കുറഞ്ഞ രക്തദാതാവിന്‍റെ കോശങ്ങളില്‍ നിന്ന് ധാരാളം ഗുണങ്ങള്‍ ലഭിക്കും. പ്രത്യേകിച്ചും ദാതാവ് സ്വന്തം മകനോ മകളോ ആകുമ്പോള്‍. സ്റ്റെം സെൽ തെറാപ്പി പരീക്ഷിച്ചതിന് ശേഷമാണ് ഇത്തരമൊരു ചികിത്സയെക്കുറിച്ച് താൻ അറിഞ്ഞതെന്നും മാർസെല ഇഗ്ലേഷ്യ കൂട്ടിചേർത്തു.
അതേസമയം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ 2019 -ൽ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ യുവ ദാതാക്കളിൽ നിന്നുള്ള പ്ലാസ്മ സ്വീകരിക്കുന്നതിന് എതിരെ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. ഇത്തരം നടപടികൾ സുപ്രധാനമായ പൊതുജനാരോഗ്യ ആശങ്കകൾ ഉയര്‍ത്തുന്നുവെന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പറയുന്നത്. സാധാരണ വാർദ്ധക്യവും ഓർമ്മക്കുറവും മുതൽ ഡിമെൻഷ്യ, പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, അൽഷിമേഴ്സ് രോഗം, ഹൃദ്രോഗം അല്ലെങ്കിൽ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾ ചികിത്സിക്കുന്നതിന് യുവ ദാതാക്കളില്‍ നിന്നും രക്തം സ്വീകരിക്കുന്ന പതിവുണ്ട്.
എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഇങ്ങനെ യുവ ദാതാക്കളില്‍ നിന്ന് രക്തം സ്വീകരിച്ചത് കൊണ്ട് സുഖപ്പെടും എന്നതിന് ക്ലിനിക്കല്‍ ട്രയിലിലൂടെ തെളിയിക്കപ്പെട്ടിട്ടില്ല. മാത്രമല്ല ഇത്തരത്തില്‍ രക്തം ഉപയോഗിക്കുക വഴി ഏതെങ്കിലും പ്ലാസ്മ ഉൽപ്പന്നത്തിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട അപകട സാധ്യതകളും നിലനില്‍ക്കുന്നെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം മാർസെല ഇഗ്ലേഷ്യ 99,000 ഡോളർ (85 ലക്ഷം രൂപ) ഇതിനകം യൗവന ചികിത്സയ്ക്കായി ചെലവഴിച്ചെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസവും ഒരു മണിക്കൂർ വ്യായാമവും എട്ട് മണിക്കൂർ ഉറക്കവും ദിനചര്യയാക്കിയ മാർസെല, മധുര പാനീയങ്ങൾ, സോയ ഉൽപ്പന്നങ്ങൾ, മദ്യം, മാംസം എന്നിവ ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കി. പെസ്കറ്റേറിയൻ ഭക്ഷണക്രമം ശീലിക്കുന്ന ഇവര്‍ മത്സ്യം കഴിക്കുന്നു. ഒപ്പം വിറ്റാമിന്‍, കുത്തിവെപ്പുകൾ തുടങ്ങിയവയും മുടങ്ങാതെ ചെയ്യുന്നു.