ലോഡ്ജ് പോലെയുള്ള ഈ കെട്ടിടത്തിൽ ഒരുമുറിക്ക് 45,000 വാടകയോ, കടുപ്പം തന്നെ എന്ന് നെറ്റിസൺസ്
കണ്ടാൽ ഒരു പഴയ ലോഡ്ജൊക്കെ പോലെയാണ് ഇതുള്ളത്. അതിന്റെ വരാന്തയാണ് ചിത്രത്തിൽ കാണുന്നത്. ആരുകണ്ടാലും ഇതിന് 45000 രൂപ വാടകയോ എന്ന് ചോദിച്ച് മൂക്കത്ത് വിരൽവച്ചു പോകും എന്ന കാര്യത്തിൽ സംശയം വേണ്ട.
മുംബൈയിൽ വാടക റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. സൗകര്യങ്ങൾ കുറവാണെങ്കിലും വാടകയ്ക്കൊരു കുറവുമില്ല എന്നതാണ് പല വാടകവീടുകളുടേയും അവസ്ഥ. മുംബൈയിൽ എന്നല്ല, ഇന്ത്യയിലെ ഒട്ടുമിക്ക പ്രധാന നഗരങ്ങളിലും ഇത് തന്നെ സ്ഥിതി. എന്തായാലും, അതുപോലെ ഒരു സംഭവമാണ് ഇപ്പോൾ വൈറലാവുന്നത്.
മുംബൈ മാട്ടുംഗ ഈസ്റ്റ് ഏരിയയിലെ ഒരു കിടപ്പുമുറി മാത്രമുള്ള അപാർട്മെന്റിന് (1BHK) വാടക 45,000 രൂപയാണ്. '' 'പഴയ സ്കൂൾ' എന്നോ 'പഴയ വൈബ്സ്' എന്നോ ഒക്കെ വിളിക്കുന്ന ഒരു പഴയ വാടകഅപാർട്മെന്റ് 45,000 രൂപയ്ക്ക് വാടകയ്ക്ക് കൊടുക്കുകയാണ്. മുതലാളിത്തം ദാരിദ്ര്യത്തെ മറ്റൊരു തലത്തിലുള്ള ചരക്കാക്കി മാറ്റിയിരിക്കുന്നു'' എന്നാണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് കാപ്ഷൻ നൽകിയിരിക്കുന്നത്.
അതിൽ ഒരു പഴയ കെട്ടിടത്തിന്റെ ചിത്രം കാണാം. കണ്ടാൽ ഒരു പഴയ ലോഡ്ജൊക്കെ പോലെയാണ് ഇതുള്ളത്. അതിന്റെ വരാന്തയാണ് ചിത്രത്തിൽ കാണുന്നത്. ആരുകണ്ടാലും ഇതിന് 45000 രൂപ വാടകയോ എന്ന് ചോദിച്ച് മൂക്കത്ത് വിരൽവച്ചു പോകും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ, മുംബൈയിൽ ദിനംപ്രതി കൂടിവരുന്ന വാടകയെന്ന സത്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ചിത്രം.
നിരവധിപ്പേരാണ് വൈറലായ ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരാൾ പറഞ്ഞിരിക്കുന്നത്, 'വാടക അയ്യായിരം രൂപയും തേക്ക് മരത്തിന്റെ സൗന്ദര്യാനുഭൂതി ആസ്വദിക്കാൻ 40,000 രൂപയും' എന്നാണ്. '200 പേർ ഉപയോഗിക്കുന്ന ടോയ്‍ലെറ്റ് ഉപയോഗിക്കാനാണോ 45,000 രൂപ വാടക നൽകേണ്ടത്' എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. 'ഒരു വർഷമാണോ 45,000 രൂപ വാടക നൽകേണ്ടത്' എന്നായിരുന്നു മറ്റൊരാളുടെ രസികൻ കമന്റ്.