43,000 വാടക, 2.5 ലക്ഷം ഡെപ്പോസിറ്റ്, വാടകക്കാരെ അന്വേഷിച്ചുകൊണ്ട് പരസ്യം, തുക കേട്ട് ഞെട്ടി നെറ്റിസൺസ്
ദമ്പതികൾക്ക് ഇത് മികച്ചതാണ് എന്നും വിപ്രോ സിഗ്നലിന് അരികിലാണെന്നും ഒരു മുറിക്ക് മനോഹരമായ ബാൽക്കണിയുണ്ട് എന്നും ഇവർ കുറിച്ചിട്ടുണ്ട്. ചിത്രങ്ങളിൽ നിന്നും മനോഹരമായ വീടാണ് എന്ന് മനസിലാകുന്നുണ്ട്.
ജീവിതച്ചെലവ് വളരെ വളരെ കൂടുതലുള്ള ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതുപോലെ തന്നെ വീട്ടുവാടകയും വളരെ കൂടുതലാണ്. ഒപ്പം അതിന് കൊടുക്കേണ്ടുന്ന സെക്യൂരിറ്റി തുകയും ചെറുതല്ല. ജീവിതച്ചെലവ് വളരെ കൂടുതലുള്ള എളുപ്പമൊന്നും വീട് കിട്ടാത്ത നഗരങ്ങളാണ് ബംഗളൂരു, മുംബൈ, ദില്ലി തുടങ്ങിയവയെല്ലാം. ഏതായാലും അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത്, വീട്ടിലേക്ക് വാടകക്കാരെ ആവശ്യമുണ്ട് എന്നാണ്. ഇത് 2BHK അപ്പാർട്ട്‌മെൻ്റാണ്. എന്നാൽ, അതിന്റെ വാടകയും സെക്യൂരിറ്റി തുകയും കേൾക്കുമ്പോഴാണ് ശരിക്കും ഞെട്ടുക. വീട്ടുവാടക 43000 രൂപയാണത്രെ. അപാർട്മെന്റിന്റെ ചിത്രങ്ങൾ കാണുമ്പോൾ അത് വലിയ കുഴപ്പമില്ല എന്ന് തോന്നാം. എന്നാൽ, സെക്യൂരിറ്റി തുക 2.5 ലക്ഷം രൂപയാണ്. ലീഷ അഗർവാൾ എന്ന യുവതിയാണ് പോസ്റ്റിട്ടിരിക്കുന്നത്. അതിൽ, ബെംഗളുരുവിലെ കൊരമംഗലയിലുള്ള 2BHK അപ്പാർട്ട്‌മെൻ്റിൻ്റെ ചിത്രവും നൽകിയിട്ടുണ്ട്. രണ്ട് കിടപ്പുമുറികളുടെയും അടുക്കളയുടെയും ലിവിംഗ് ഏരിയയുടെയും ചിത്രങ്ങൾ അതിൽ കാണാം.
“ഞങ്ങൾ കൊരമംഗലയിലെ നിലവിലെ 2BHK -യിൽ നിന്ന് മാറുകയാണ്. അത് ഏറ്റെടുക്കാൻ താൽപ്പര്യമുള്ള ആരെയെങ്കിലും അന്വേഷിക്കുകയാണ്. എല്ലാ ഫർണിച്ചറുകളോടും കൂടി ഏറ്റെടുക്കുന്നവരെയാണ് വേണ്ടത്. വാടക 43k, സെക്യൂരിറ്റി തുക 2.5L. എല്ലാ ഫർണിച്ചറുകൾക്കും അധികം തുക വേണം. വിശദാംശങ്ങൾക്ക് DM ചെയ്യൂ" എന്നാണ് എക്സിൽ (മുമ്പ് ട്വിറ്റർ) ലീഷ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദമ്പതികൾക്ക് ഇത് മികച്ചതാണ് എന്നും വിപ്രോ സിഗ്നലിന് അരികിലാണെന്നും ഒരു മുറിക്ക് മനോഹരമായ ബാൽക്കണിയുണ്ട് എന്നും ഇവർ കുറിച്ചിട്ടുണ്ട്. ചിത്രങ്ങളിൽ നിന്നും മനോഹരമായ വീടാണ് എന്ന് മനസിലാകുന്നുണ്ട്. എന്നാൽ, വീട്ടുവാടകയെക്കാളും ആളുകളെ അമ്പരപ്പിച്ചത് 2.5 ലക്ഷം രൂപ വീടിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം എന്നതാണ്.