നാല് ജില്ലകളിലായി പരന്ന് കിടക്കുന്ന വിശാലമായ പ്രദേശത്ത് നിന്നുമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കല്‍ ചിത്രങ്ങൾ കണ്ടെത്തിയത്.
മിസോറാമില്‍ നടന്ന ഗ്രാമം മുതല്‍ ഗ്രാമം വരെയുള്ള സര്‍വേയ്ക്കിടെ പൌരാണിക ചിത്രങ്ങൾ വരച്ച നിരവധി വലിയ പാറകൾ കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ. 16 മുതല്‍ 19 വരെ നൂറ്റാണ്ടുകൾ പഴക്കമുള്ളവയാണ് ഇപ്പോൾ കണ്ടെത്തിയ ചിത്രങ്ങളെന്ന് എഎസ്ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചാമ്പായ്, ഖവ്സാൽ, സെയ്തുവാൾ, സെർചിപ് തുടങ്ങിയ ജില്ലകളിലായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗ്രാമം മുതല്‍ ഗ്രാമം വരെ സര്‍വ്വ നടന്നത്. എഎസ്ഐയിലെ മൂന്നംഗ സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.
സെയ്തുവാൾ ജില്ലയിലെ മൈറ്റ് ഗ്രാമത്തിലെ ഒരു വലിയ പാറയില്‍ ചെറിയ മനുഷ്യ രൂപങ്ങൾ, മൃഗങ്ങൾ, ഗോങുകൾ, മിഥുന്‍ എന്ന പ്രാദേശിക വളര്‍ത്തുമൃഗത്തിന്‍റെ തലയുടെ രൂപം എന്നിവയാൽ ചുറ്റപ്പെട്ട ഒരു വലിയ മനുഷ്യരൂപം അടക്കമുള്ള ചില ചിത്രങ്ങൾ സംഘം കണ്ടെത്തി. ചാമ്പായ് ജില്ലയിലെ ലിയാന്‍പുരിയില്‍ നിന്നും സമാനമായ ചില ചിത്രങ്ങളാണ് കണ്ടെത്തിയത്. അവിടെ ഒരു വലിയ മനുഷ്യരൂപത്തെ ചെറിയ മനുഷ്യരൂപങ്ങളും മത്സ്യവും വേഴാമ്പലും കുന്തവും പ്രാദേശികമായി ഉപയോഗിക്കുന്ന വെട്ടുകത്തിയുടെയും ചതുരാകൃതിയിലുള്ള മേശകളുടെയും രൂപങ്ങളാല്‍ ചുറ്റപ്പെട്ട നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഖവ്സാൽ ജില്ലയിലെ ടുവാൾട്ടയില്‍ നിന്നും കണ്ടെത്തിയതാകട്ടെ മിഥുന്‍ തലകളും മനുഷ്യരൂപങ്ങളും ചാലുകൾ കീറിയ അടയാളങ്ങളും വിശാലമായ ഒരു പാറയില്‍ കൊത്തിവച്ച നിലയിലായിരുന്നു. വൃത്താകൃതിയിലുള്ള പ്രതിമ, സങ്കീർണ്ണമായി കൊത്തിയ ഒരു മത്സ്യരൂപം എന്നിവയാണ് ഖവ്സാൽ ജില്ലയിലെ ഛവാർട്ടുവിൽ നിന്നും കണ്ടെത്തിയത്.
Read More: പോംപേയില്‍ നിന്നും കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള റോമന്‍ റൊട്ടി !
Read More: ഈജിപ്തില്‍ 3000 വർഷം പഴക്കമുള്ള 'നഷ്ടപ്പെട്ട സ്വർണ്ണ നഗരം' കണ്ടെത്തി
Read More: ആനകളെ വേട്ടയാടിയ, 3 കോടി വർഷം മുമ്പ് ജീവിച്ചിരുന്ന ആദ്യകാല വേട്ടക്കാരന്‍റെ തലയോട്ടി കണ്ടെത്തി
ചമ്പായ് ജില്ലയിലെ വാങ്ചിയയ്ക്ക് ചുറ്റുമുള്ള മേഖലയിലാണ് പുതുതായി കണ്ടെത്തിയ റോക്ക് ആർട്ട് സൈറ്റുകൾ സ്ഥിതി ചെയ്യുന്നത്. നാല് ജില്ലകളിലായി പരന്ന് കിടക്കുന്ന സമാനമായ രീതിയില്‍ പാറയില്‍ കൊത്തിയ ശില്പങ്ങൾ മിസോറാമിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും അന്നത്തെ മനുഷ്യരുടെ കലാപരമായ പ്രകടനത്തെയുമാണ് എടുത്ത് കാണിക്കുന്നതെന്ന് എഎസ്ഐ പറഞ്ഞു. ഇവ കാലങ്ങളായി അവിടെ കാണുന്നതായി ഗ്രാമവാസികൾ പറയുന്നുണ്ടെങ്കിലും അവ 16 നും 19 നൂറ്റാണ്ടിനും ഇടയില്‍ കൊത്തിയവയാകാമെന്നും എന്നാല്‍, കാർബണ്‍ഡേറ്റിംഗിന് ശേഷം മാത്രമേ കൃത്യമായ കാലം തിരിച്ചറിയാന്‍ കഴിയൂവെന്നും എഎസ്ഐ അറിയിച്ചു.
അതേസമയം 2016 -ല്‍ പ്രദേശത്ത് നിന്നും നിയോലിത്തിക് കാലഘട്ടത്തിൽ നിന്നുള്ള നഷ്ടപ്പെട്ട നാഗരികതയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി എഎസ്ഐ അറിയിച്ചിരുന്നു. ഐസ്വാളിൽ നിന്ന് 260 കിലോമീറ്റർ അകലെ 45 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വാങ്ചിയ സൈറ്റിൽ വലിയ ശിലാഫലകങ്ങൾ, മെൻഹിറുകൾ (കുത്തിനിര്‍ത്തിയ വലിയ കല്ലുകൾ), നെക്രോപോളിസ് (ഒരു വലിയ ശ്മശാനം), മറ്റ് അവശിഷ്ടങ്ങൾ എന്നിവയിൽ കൊത്തിയ ചില ചിത്രങ്ങൾ എന്നിവ ലഭിച്ചിരുന്നു. ഒപ്പം ഒരു വാട്ടർ പവലിയൻ എന്ന് തിരിച്ചറിഞ്ഞ ഒരു ഘടനയും നിരവധി കുന്നിൻ ചരിവുകളിലുടനീളമുള്ള മണൽക്കല്ലുകളിൽ കാണപ്പെടുന്ന ഒരു അടി മുതൽ ഒരു മീറ്റർ വരെ വ്യാസമുള്ള നിരവധി തന്ത്രപരമായ കുഴികളും കണ്ടെത്തിയിരുന്നു. ഇവ അക്കാലത്തെ ജനത ജലത്തിന്‍റെ പ്രധാന്യം തിരിച്ചറിഞ്ഞ് നിര്‍മ്മിച്ച ജല സംഭരണ സാങ്കേതിക വിദ്യയാകാമെന്നും ഇവ ഉപയോഗിച്ച് ഏതാണ്ട് ഒരു വര്‍ഷം വരെ അവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞിരിക്കാമെന്നും എഎസ്ഐ പറയുന്നു. മേഖലയുടെ പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകളുടെ കൂടുതല്‍ പഠനങ്ങളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് എഎസ്ഐ.
