മൂന്നടി മാത്രമുള്ളവനൊന്നും ഡോക്ടറാവണ്ടെന്ന് അന്ന് പറഞ്ഞു, ഡോക്ടറായി കാണിച്ചുകൊടുത്ത് ഗണേഷ്
ഗുജറാത്ത് ഹൈക്കോടതിയുടെ വാതിലും അദ്ദേഹം മുട്ടി. എന്നാൽ, തോൽവിയായിരുന്നു ഫലം. പക്ഷേ, അവിടം കൊണ്ട് തന്റെ പോരാട്ടം അവസാനിപ്പിക്കാൻ ഗണേഷ് തയ്യാറായിരുന്നില്ല. നേരെ സുപ്രീം കോടതിയെ സമീപിച്ചു.
ഗണേഷ് ബരയ്യയുടെ സ്വപ്നമായിരുന്നു ഒരു ഡോക്ടറായിത്തീരുക എന്നത്. എന്നാൽ, അത് അദ്ദേഹത്തെ സംബന്ധിച്ച് ഒട്ടും എളുപ്പമായിരുന്നില്ല. അതിനുവേണ്ടി നിയമപോരാട്ടം തന്നെ നടത്തേണ്ടി വന്നു ഗണേഷിന്. കാരണം മറ്റൊന്നുമായിരുന്നില്ല, അദ്ദേഹത്തിന്റെ ഉയരമായിരുന്നു. മൂന്നടിയാണ് ഗണേഷിന്റെ ഉയരം.
ഈ ഉയരം കാരണം വർഷങ്ങൾക്ക് മുമ്പ് എംബിബിഎസ്സിന് അദ്ദേഹത്തിന് പ്രവേശനം ലഭിക്കാതെ പോയി. അതിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പറഞ്ഞ കാരണം ഇത്ര ഉയരം കുറഞ്ഞ ഒരാൾക്ക് അടിയന്തിരഘട്ടത്തിൽ ആളുകളെ ചികിത്സിക്കാനോ സഹായിക്കാനോ സാധിക്കില്ല എന്നതായിരുന്നു. എന്നാൽ, ഗണേഷ് വെറുതെ ഇരിക്കാൻ തയ്യാറായിരുന്നില്ല. എങ്ങനെ എങ്കിലും തന്റെ സ്വപ്നം സാക്ഷാത്കരിച്ചേ തീരൂ എന്ന് തീരുമാനിച്ചുറപ്പിച്ച അദ്ദേഹം തന്റെ സ്കൂൾ പ്രിൻസിപ്പലിനേയും, ജില്ലാ കളക്ടറേയും വിദ്യാഭ്യാസ മന്ത്രിയേയും വരെ കണ്ട് സഹായം അഭ്യർത്ഥിച്ചു.
പിന്നാലെ, ഗുജറാത്ത് ഹൈക്കോടതിയുടെ വാതിലും അദ്ദേഹം മുട്ടി. എന്നാൽ, തോൽവിയായിരുന്നു ഫലം. പക്ഷേ, അവിടം കൊണ്ട് തന്റെ പോരാട്ടം അവസാനിപ്പിക്കാൻ ഗണേഷ് തയ്യാറായിരുന്നില്ല. നേരെ സുപ്രീം കോടതിയെ സമീപിച്ചു. 2018 -ൽ കേസ് വിജയിച്ചു. അപ്പോഴേക്കും ആ വർഷത്തെ എംബിബിഎസ് പ്രവേശനം പൂർത്തിയായിരുന്നു. അങ്ങനെ, 2019 -ൽ എംബിബിഎസ്സിന് പ്രവേശനം നേടി. ഭാവ്നഗറിലെ ഗവ. മെഡിക്കൽ കോളേജിൽ തന്നെയാണ് അദ്ദേഹം തന്റെ പഠനം പൂർത്തിയാക്കിയത്.
എംബിബിഎസ് പൂർത്തിയാക്കിയ ഡോ. ഗണേഷ് ബരയ്യ ഭാവ്നഗറിലെ സർ-ടി ആശുപത്രിയിൽ ഇൻ്റേൺ ആയി ജോലിയും ചെയ്തു. രോഗികൾ ആദ്യം തന്നെ കാണുമ്പോൾ തന്റെ ഉയരം കാരണം അതിശയത്തോടെയും പരിഭ്രമത്തോടെയും നോക്കാറുണ്ടായിരുന്നു. എന്നാൽ, കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ വളരെ കംഫർട്ടബിളായ അവസ്ഥയിലേക്ക് മാറും, അവർ തന്റെ ചികിത്സയിൽ ഹാപ്പിയാണ് എന്നാണ് ഗണേഷ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം