പറമ്പിന്‍റെ പല ഭാഗത്തായി ചത്ത് കിടന്നത് 27 കുതിരകൾ; പരാതി, അന്വേഷണം, ഒടുവില്‍ ഉടമയായ 67 -കാരി അറസ്റ്റില്‍
കാലിഫോർണിയയിലെ ഒരു ഫാമിൽ 27 കുതിരകളെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം നൽകാതെ മൃഗങ്ങളോട് ക്രൂരത കാണിച്ചതിനാണ് അറസ്റ്റ്.
![27 horses were found dead in different parts of the field 67 year old woman arrested on complaint 27 horses were found dead in different parts of the field 67 year old woman arrested on complaint](https://static-gi.asianetnews.com/images/01jkd6p53g8ca2deh94fdjzpbp/cruelty-to-animals_363x203xt.jpg)
'വിശാലമായ പറമ്പില്‍ പട്ടിണിക്കൊലങ്ങളായ കുതിരകൾ അലഞ്ഞ് തിരിയുന്നു. ചിലത് ചത്തുവീഴുന്നു.' യുഎസിലെ കാലിഫോർണിയയിലെ സാന്‍ ജോവാക്വിന്‍ കൌണ്ടി പോലീസ് സ്റ്റേഷനിലേക്ക് എത്തിയ സന്ദേശം അതായിരുന്നു. പിന്നാലെ പോലീസ് സംഭവ സ്ഥലത്തേക്ക് കുതിച്ചു. വിശാലമായ പറമ്പ് മുഴുവനും നടന്ന പോലീസ് ഉദ്യോഗസ്ഥർ കണ്ടത് പല ഭാഗത്തായി ചത്ത് വീണ 27 ഓളം കുതിരകളെ. നിരവധി കുതിരകളും മറ്റ് നാല്‍ക്കാലികളും മരണം കാത്ത് കിടക്കുന്ന ദയനീയമായ കാഴ്ച
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് സ്ഥലം ഉടമയായ 67 -കാരി ജാൻ ജോൺസനെ അറസ്റ്റ് ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത, സർക്കാര്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തൽ, ഷോർട്ട് ബാരൽ തോക്ക് കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഫാമിലെ മൃഗങ്ങൾക്ക് ഉടമ ഭക്ഷണം നല്‍കിയിരുന്നില്ലെന്നും കാര്യമായ ഭക്ഷണം ലഭിക്കാതെ കുതിരകൾ പട്ടിണി കിടന്നാണ് ചത്തതെന്നും പോലീസ് പറയുന്നു. ചില കുതിരകളുടെ മൃതദേഹങ്ങൾ അഴുകി അവയുടെ അസ്ഥികൂടം മാത്രമായിരുന്നു അവശേഷിച്ചിരുന്നത്.
Read More: ഇന്നും മൃഗങ്ങളിലുള്ള ആ കഴിവ്, 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മനുഷ്യന് നഷ്ടമായതായി ഗവേഷകര്‍
Read More: മരുമകളുടെ കൊലപാതകിയെ യുഎസ് കോടതി മുറിയിൽ ചവിട്ടിക്കൂട്ടി അമ്മാവന്‍; വീഡിയോ വൈറൽ
സ്ഥലത്ത് നിന്നും 16 ഓളം കുതിരകളെയും ഒരു കാളയെയും മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. മൃഗഡോക്ടര്‍മാരുടെ നിർദ്ദേശത്തോടെ ഇവയ്ക്ക് മരുന്നും ഭക്ഷണവും നല്‍കുകയാണ്. അറസ്റ്റിലായ ജാൻ ജോൺസനെ നേരത്തെ ഒരു സ്കൂള്‍ ഉദ്യോഗസ്ഥനെയും ഒരു ഓഫീസറെയും ഭീഷണിപ്പെടുത്തിയ കേസിൽ വാറന്‍റ് പ്രതിയാണെന്നും പോലീസ് പറയുന്നു. അതേസമയം ഇവരെന്തിനാണ് തന്‍റെ ഫാമിലെ മൃഗങ്ങളെ പട്ടിണിക്കിട്ടതെന്ന് വ്യക്തമല്ല. അതേസമയം സാൻ ജോവാക്വിൻ കൗണ്ടിയിലെ ക്ലെമന്‍റ്സിലെ ഒരു കുതിര ഫാം കമ്പനിയുമായും സ്റ്റാനിസ്ലോസ് കൗണ്ടിയിലെ ഒരു കന്നുകാലി കമ്പനിയുമായും ജാന്‍ ജോണ്‍സണിന് കച്ചവട ബന്ധങ്ങളുണ്ടായിരുന്നതായും പോലീസ് പറയുന്നു.
Watch Video: സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഭാര്യയുടെ കൈ അറിയാതെ സ്രാവിന്‍റെ വായിലേക്ക്; വീഡിയോ പങ്കുവച്ച് ഭർത്താവ്