മദ്യപിച്ച് മറീന ബേ സാൻഡ്സിൽ മലമൂത്രവിസർജ്ജനം നടത്തി, ഇന്ത്യൻ തൊഴിലാളിക്ക് 25,000 രൂപ പിഴ
ചിന്നരസയുടെ ഒരു വീഡിയോ കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു. ഈ വർഷം ജൂൺ 4 ന് അതേ കാസിനോയിൽ പ്രവേശിക്കാൻ എത്തിയ ചിന്നരസയെ പ്രവേശന അനുമതി നിഷേധിച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ വർഷം സിംഗപ്പൂരിലെ മറീന ബേ സാൻഡ്‌സിലെ ദി ഷോപ്പ്‌സിൻ്റെ പ്രവേശന കവാടത്തിന് പുറത്ത് മലമൂത്ര വിസർജ്ജനം നടത്തിയതിന് ഇന്ത്യൻ നിർമാണ തൊഴിലാളിക്ക് 25,000 രൂപ പിഴ ചുമത്തി. രാമു ചിന്നരസ എന്ന 37 -കാരനെതിരെയാണ് കേസെടുത്തത്. പോലീസിന്റെ നിർദ്ദേശപ്രകാരം വ്യാഴാഴ്ച ജയിലിൽ ഹാജരായ രാമു ചിന്നരസ കുറ്റം സമ്മതിച്ചു. പൊതുജനാരോഗ്യ (പൊതു ശുദ്ധീകരണം) ചട്ടങ്ങൾ പ്രകാരം ആണ് ഇയാൾക്കെതിരെ കേസെടുത്തത്.
2023 ഒക്‌ടോബർ 30 -നാണ് സംഭവം നടന്നതെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ (ഡിപിപി) അഡെലെ തായ് പറഞ്ഞു. ഡിപിപി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം അന്നേദിവസം അമിതമായി മദ്യപിച്ചിരുന്ന രാമു ചിന്നരസ സമീപത്തെ കാസിനോയിൽ ചൂതാട്ടത്തിൽ ആയിരുന്നു. പുലർച്ചെ കാസിനോയിൽ നിന്നും ഇറങ്ങിയ ഇയാൾ മറീന ബേ സാൻഡ്‌സിൻ്റെ പ്രവേശന കവാടത്തിലുള്ള ഒരു റെസ്റ്റോറൻ്റിന് പുറത്ത് മലമൂത്ര വിസർജനം നടത്തുകയായിരുന്നു. ശേഷം മദ്യ ലഹരിയിൽ ഇയാൾ മറീന ബേ സാൻഡ്‌സിന് പുറത്തുള്ള ഇരിപ്പിടങ്ങളിൽ ഒന്നിൽ കിടന്ന് 11 മണിവരെ കിടന്നുറങ്ങിയതിനുശേഷമാണ് ക്രാഞ്ചിയിലെ തൻ്റെ ഡോർമിറ്ററിയിലേക്ക് മടങ്ങിയത്.
ചിന്നരസയുടെ ഒരു വീഡിയോ കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു. ഈ വർഷം ജൂൺ 4 ന് അതേ കാസിനോയിൽ പ്രവേശിക്കാൻ എത്തിയ ചിന്നരസയെ പ്രവേശന അനുമതി നിഷേധിച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു. മലായ് മെയിൽ പ്രകാരം, കോടതിയിൽ ഹാജരാക്കിയപ്പോൾ, ഏറ്റവും കുറഞ്ഞ പിഴയാണ് ചിന്നരസ ആവശ്യപ്പെട്ടത്. എന്നാൽ നിങ്ങളുടെ പ്രവർത്തിക്ക് എങ്ങനെ കുറഞ്ഞ പിഴ നൽകും എന്നായിരുന്നു ജഡ്ജി തിരിച്ചു ചോദിച്ചത്.