വെല്‍ പ്ലാന്‍ഡ്; ലണ്ടനിൽ വൻ ചീസ് മോഷണം; തട്ടിയെടുത്തത് 22,000 കിലോഗ്രാം ചീസ്
ഡയറിയിലെ വെയർ ഹൗസ് ജീവനക്കാരെ കബളിപ്പിച്ചാണ് ഈ ഭീകരമായ മോഷണം നടത്തിയിരിക്കുന്നത്.
ലണ്ടനിൽ നടന്ന വൻ ചീസ് മോഷണത്തിൽ കൊള്ളക്കാർ തട്ടിയെടുത്തത് 22,000 കിലോഗ്രാം ചീസ്. ലണ്ടനിലെ നീൽസ് യാർഡ് ഡയറിയിൽ നിന്നാണ് ഒരു ഫ്രഞ്ച് ഷോപ്പിൻ്റെ മൊത്തവ്യാപാര വിതരണക്കാരായി നടിച്ചെത്തിയ കൊള്ളസംഘം തട്ടിപ്പ് നടത്തിയത്.
മെട്രോപൊളിറ്റൻ പൊലീസ് പുറത്തുവിട്ട പ്രസ്താവന പ്രകാരം ഒക്‌ടോബർ 21 തിങ്കളാഴ്ചയാണ് സൗത്ത്‌വാർക്ക് ആസ്ഥാനമായുള്ള ഡയറിയിൽ നിന്നും വൻതോതിൽ ചീസ് മോഷ്ടിക്കപ്പെട്ടത്. മോഷണവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
സെലിബ്രിറ്റി ഷെഫും റെസ്റ്റോറേറ്ററുമായ ജാമി ഒലിവറും തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ മോഷണത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്: ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ, നീൽസ് യാർഡ് ഡയറിയിൽ നിന്ന് മൂന്നു കോടിയിലധികം രൂപ വിലമതിക്കുന്ന ഒന്നാം ക്വാളിറ്റി ചീസ് മോഷ്ടിക്കപ്പെട്ടതായാണ് അദ്ദേഹത്തിൻറെ പോസ്റ്റ്. ഡയറിയിലെ വെയർ ഹൗസ് ജീവനക്കാരെ കബളിപ്പിച്ചാണ് ഈ ഭീകരമായ മോഷണം നടത്തിയിരിക്കുന്നത് എന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു. ഒരു തുമ്പും അവശേഷിപ്പിക്കാതെയാണ് തട്ടിപ്പുകാർ കടന്നു കളഞ്ഞിരിക്കുന്നത് എന്നും ജാമി ഒലിവർ വ്യക്തമാക്കി.
എന്തായാലും, മോഷണം തങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ടാണെന്നും അതിനാൽ ചെറുകിട ഉൽപ്പാദകർക്ക് അവരുടെ സാധനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നീൽസ് യാർഡ് ഡയറി സമ്മതിച്ചതായും ദ മെട്രോ റിപ്പോർട്ടിൽ പറയുന്നു.
ജർമൻ കമ്പനിയുടെ 'ഡിജിറ്റൽ കോണ്ടം', സ്വകാര്യനിമിഷങ്ങൾ സേഫ്, സോഷ്യൽ മീഡിയയിൽ വൻ ചർച്ച