ഓപ്പറേഷന്‍ ഏപ്രില്‍ഫൂള്‍സ്, പെണ്‍കുട്ടികളില്‍ ലൈംഗികദാഹം തീര്‍ക്കാനെത്തിയ 22 പേര്‍ കുടുങ്ങി
12 മുതല്‍ 16 വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ ഉണ്ടാക്കിയ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെയാണ് രഹസ്യപൊലീസുകാര്‍ ഇവരെ വലയിലാക്കി
പ്രായപൂര്‍ത്തിയാവാത്ത െപണ്‍കുട്ടികളില്‍ ലൈംഗികദാഹം തീര്‍ക്കാന്‍ ആര്‍ത്തിപിടിച്ചെത്തിയ പലപ്രായങ്ങളിലുള്ള 22 പുരുഷന്‍മാരെ കുടുക്കി ഓപ്പറേഷന്‍ ഏപ്രില്‍ഫൂള്‍സ്. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള മാരിയന്‍ കൗണ്ടിയിലാണ് രഹസ്യപൊലീസ് ഓപ്പറേഷനിലൂടെ കൊച്ചുപെണ്‍കുട്ടികളെ വേട്ടയാടാന്‍ ഒരുങ്ങിത്തിരിച്ച് എത്തിയവര്‍ പിടിയിലായത്. പിടിയിലായവരില്‍ ഒരു സ്‌കൂള്‍ ജീവനക്കാരനും ഒരു ജയില്‍ കറക്ഷന്‍ ഓഫീസറും പ്രാദേശിക നിയമനിര്‍മാണസഭാ അംഗത്തിന്റെ മകനും ഉള്‍പ്പെടുന്നതായി മാറിയന്‍ കൗണ്ടി ഷെരിഫ് ഓഫീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
'ഓപ്പറേഷന്‍ ഏപ്രില്‍ ഫൂള്‍സ്' എന്ന പേരിലാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായുള്ള പ്രത്യേക പദ്ധതി ഒരുക്കിയത്. തദ്ദേശവാസികളുടെയും സ്‌റ്റേറ്റ്, ഫെഡറല്‍ പൊലീസിന്റെയും സഹകരണത്തോടെയാണ് ഇവരെ വലയില്‍ വീഴ്ത്തിയത്. 12 മുതല്‍ 16 വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ ഉണ്ടാക്കിയ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെയാണ് രഹസ്യപൊലീസുകാര്‍ ഇവരെ വലയിലാക്കിയത്. ഈ അക്കൗണ്ടുകളില്‍ ഇവരുമായി ചാറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ കുട്ടികളുമായി നേരിട്ട് ബന്ധപ്പെടുന്നതിനായി ഇവരെ ചില പ്രത്യേക സ്ഥലങ്ങളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ എത്തിയ ഉടന്‍തന്നെ മധ്യവയസ്‌കര്‍ മുതല്‍ ചെറുപ്പക്കാര്‍ വരെയുള്ള പതിനെട്ടുപേരെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് തങ്ങളുടെ രഹസ്യഭാഗങ്ങളുടെ ചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും അയച്ച മറ്റ് നാലുപേരെ അവരുടെ സ്ഥലങ്ങളില്‍ ചെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മാറിയന്‍ കൗണ്ടി ഷെരിഫ് ഓഫീസ് അറിയിച്ചു.
പ്രദേശവാസികളായ ആളുകളാണ് അറസ്റ്റിലായവരെല്ലാം. ഇവര്‍ കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അതോടൊപ്പം, തങ്ങള്‍ക്കൊപ്പം വന്നാല്‍, ചെയ്യുന്ന ലൈംഗിക കൃത്യങ്ങളെക്കുറിച്ചും ഇവര്‍ ചാറ്റില്‍ സംസാരിച്ചതായി കേസ് രേഖകള്‍ വ്യക്തമാക്കുന്നു. ഏറെ സമയമെടുത്ത് പഴുതില്ലാത്ത വിധത്തിലാണ് അതിസൂക്ഷ്മമായി ഓപ്പറേഷന്‍ ഏപ്രില്‍ഫൂള്‍സ് നടപ്പാക്കിയത്. ഇരകള്‍ക്ക് സംശയമുണ്ടാക്കാത്ത വിധമാണ് കുട്ടികളുടെ അക്കൗണ്ടുകളില്‍ ഇവരുമായി ഉദ്യോഗസ്ഥര്‍ സംസാരിച്ചത്. സംശമില്ലാതെ തന്നെയാണ്, ലൈംഗിക കേളികള്‍ക്കായി ഒരുങ്ങി ഈ പ്രതികള്‍ നേരത്തെ പറഞ്ഞുറപ്പിച്ച സ്ഥലങ്ങളില്‍ എത്തിയത്. ഇവരെ തല്‍ക്ഷണം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
കുട്ടികളുടെ നിഷ്‌കളങ്കത എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് മാരിയന്‍ കൗണ്ടി ഷെറിഫ് ബില്ലി വുഡ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഞെട്ടിക്കുന്ന സംഭവമായിരുന്നു ഇവരുടെ അറസ്റ്റ് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വേട്ടനായ്ക്കളെ വേട്ടയാടാന്‍ ഇനിയും പദ്ധതികള്‍ നടപ്പാക്കും. കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം അതിസൂക്ഷ്മമായി നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധചെലുത്തണമെന്ന സന്ദേശം കൂടിയാണ് ഈ അറസ്റ്റ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.