വിദേശയാത്രക്ക് പണമില്ല, പിന്നാലെ തട്ടിക്കൊണ്ടുപോകൽ നാടകം; 21 -കാരിയെ തിരഞ്ഞ് കേന്ദ്രമന്ത്രി, പിന്നീട് നടന്നത്
21 -കാരിയെ തട്ടിക്കൊണ്ട് പോയ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും വിഷയത്തില്‍ നേരിട്ട് ഇടപെട്ടു.
'തന്നെ തട്ടിക്കൊണ്ട് പോയി' എന്ന വ്യാജ വാർത്ത പരത്തിയ 21 കാരി, പിതാവിൽ നിന്നും മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 30 ലക്ഷം രൂപ. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള യുവതിയാണ് ഇത്തരത്തിൽ സ്വയം തട്ടിക്കൊണ്ട് പോയി പിതാവില്‍ നിന്നും പണം തട്ടിയെടുക്കാൻ ശ്രമം നടത്തിയതെന്ന് രാജസ്ഥാൻ പൊലീസാണ് അറിയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോചനദ്രവ്യമായി യുവതി പിതാവിൽ നിന്നും ആവശ്യപ്പെട്ടത് 30 ലക്ഷം രൂപയാണ്. വിദേശയാത്ര നടത്താനായി പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് യുവതി ഇത്തരത്തിൽ വിചിത്രമായ ഒരു മാർഗം സ്വീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കാവ്യ ധാക്കദ് എന്ന യുവതിയാണ് രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ തന്‍റെ തട്ടിക്കൊണ്ട് പോകല്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. രാജസ്ഥാനിലെ കോട്ടയിലേക്ക് എൻട്രൻസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പോയ കാവ്യ ധാക്കദ് അവിടെ നിന്നും മുങ്ങി മറ്റൊരിടത്ത് രഹസ്യമായി താമസിച്ചാണ് ഈ കിഡ്നാപ്പിംഗ് നാടകം നടപ്പിലാക്കിയത്. കാവ്യയുടെ നിർദ്ദേശപ്രകാരം, അവളുടെ രണ്ട് സുഹൃത്തുക്കള്‍ കാവ്യയെ അജ്ഞാതര്‍ തട്ടികൊണ്ട് പോയെന്നും മോചനദ്രവ്യമായി 30 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് കാവ്യയുടെ വീട്ടിലേക്ക് വിളിച്ച് അറിയിച്ചു. ഒപ്പം കയര്‍ ഉപയോഗിച്ച് കാവ്യയെ കെട്ടിയിരിക്കുന്ന ചിത്രങ്ങളും പങ്കുവച്ചു. ഈ ചിത്രങ്ങള്‍ കാവ്യയുടെ മൊബൈല്‍ നിന്ന് കുറ്റവാളികള്‍ പങ്കുവയ്ക്കുന്നുവെന്ന രീതിയില്‍ അച്ഛന് കാവ്യ തന്നെയാണ് പങ്കുവച്ചതെന്നും പോലീസ് പറയുന്നു.
'വിടില്ല ഞാന്‍.....'; സിംഹവുമായി മൃഗശാല സൂക്ഷിപ്പുകാരന്‍റെ വടംവലി, പിന്നീട് സംഭവിച്ചത്
19,000 രൂപയ്ക്ക് 'യുഎസില്‍ നിന്ന് മുംബൈ'യിലേക്ക് വിമാനം; ടിക്കറ്റ് വില കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടി
മകളെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത അറിഞ്ഞ് പരിഭ്രമിച്ച കാവ്യയുടെ അച്ഛന്‍ രഘുവീർ ധാക്കദ്, മാർച്ച് 18 ന് മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കോട്ട പോലീസിൽ പരാതി. ഇതിനിടെ തട്ടികൊണ്ട് പോയവരിൽ നിന്ന് കാവ്യയുടെ അച്ഛന് ലഭിച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ കാവ്യയെ തേടി സാമൂഹിക മാധ്യമ ഉപയോക്താക്കളും ഇറങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ പോലീസിന്‍റെ അനാസ്ഥയെ കുറിച്ചും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനെ കുറിച്ചും ആളുകള്‍ ആശങ്കാകുലരായി. പിന്നാലെ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തന്നെ സംഭവത്തിൽ ഇടപെട്ടു. അദ്ദേഹം പെൺകുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായുള്ള നടപടികൾ ഊർജ്ജിതമാക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയുമായി ചർച്ച നടത്തി. ഇതോടെ സംഭവത്തിന് വലിയ വാര്‍ത്താ പ്രധാന്യം ലഭിച്ചു. മാധ്യമങ്ങളും പോലീസും സാമൂഹിക മാധ്യമങ്ങളും ഒരു പോലെ 'കാവ്യ എവിടെ?' എന്ന അന്വേഷണമായി.
അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് കാവ്യയുടെ അവസാനത്തെ ഫോൺ ലൊക്കേഷൻ ഇൻഡോറിൽ നിന്നാണ് കണ്ടെത്തി. ഇതോടെ ഇൻഡോർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാവ്യയും കൂട്ടാളികളും പിടിയിലായത്. കോട്ടയിൽ എൻട്രൻസ് കോച്ചിങ്ങിനായി കാവ്യയെ കൊണ്ടു ചെന്നാക്കിയത് അവളുടെ അമ്മയായിരുന്നു. എന്നാൽ, അമ്മ വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ കാവ്യ ഇൻഡോറിലെ തന്‍റെ സുഹൃത്തുക്കൾക്ക് അരികിലെത്തുകയും തട്ടികൊണ്ട് പോകൽ നാടകം നടപ്പിലാക്കുകയുമായിരുന്നു. തന്‍റെ സുഹൃത്തിന് വിദേശത്ത് പോകാൻ പണം ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തത് എന്നാണ് കാവ്യ പൊലീസിന് നൽകിയ മൊഴി.