ആഴ്ചയില്‍ ഏഴ് ജോലികള്‍; 21 കാരിയായ ബ്രിട്ടീഷ് യുവതിയുടെ പ്രതിമാസ വരുമാനം 2 ലക്ഷം രൂപ
ആഴ്ചയിൽ ഏഴ് ദിവസവും വിവിധ ജോലികളിൽ നിന്നായി പ്രതിമാസം ഏകദേശം 2,362 ഡോളർ (ഏകദേശം 2 ലക്ഷം രൂപ) ക്ലോ സമ്പാദിക്കുന്നു.
'ഒരു ജോലി കിട്ടിയിട്ട് വേണം രണ്ട് ലീവെടുക്കാന്‍' എന്ന ചൊല്ല് മലയാളിക്ക് ഏറെ പരിചിതമാണ്. ജോലിയോടുള്ള ഒരു സമൂഹത്തിന്‍റെ ബോധത്തെ കൂടിയാണ് ഈ ചൊല്ല് കാണിക്കുന്നത്. എന്നാല്‍, ഒരാഴ്ചയില്‍ ഒന്നും രണ്ടുമല്ല, ഏഴ് ജോലികളാണ് യുകെക്കാരിയായ ഒരു 21 കാരി ചെയ്യുന്നത്. ക്ലോ വുഡ്റോഫ് എന്നാണ് അവരുടെ പേര്. പ്രൊഫഷണൽ ഡാൻസ് ഇൻസ്ട്രക്ടർ, ബേക്കർ, ഇൻഫ്ലുവൻസർ, ബാരിസ്റ്റ, ബേബിസിറ്റർ, ബോട്ട് ടൂർ ഗൈഡ്, സബ് വേ ജീവനക്കാരി തുടങ്ങിയ നിരവധി റോളുകളിലൂടെയാണ് ക്ലോ വുഡ്റോഫ് ഓരോ ആഴ്ചയും കടന്ന് പോകുന്നത്.
സമീപകാലത്ത് അവര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ തിരക്കേറിയ ഷെഡ്യൂളില്‍ താന്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോഴുള്ള ജോലികള്‍ ഒന്നും ഒഴിവാക്കാന്‍ ഉദ്ദേശമില്ലെന്നും അവര്‍ പറഞ്ഞു. ആഴ്ചയിൽ ഏഴ് ദിവസവും വിവിധ ജോലികളിൽ നിന്നായി പ്രതിമാസം ഏകദേശം 2,362 ഡോളർ (ഏകദേശം 2 ലക്ഷം രൂപ) ക്ലോ സമ്പാദിക്കുന്നു. "നൃത്തം എല്ലായ്പ്പോഴും എന്‍റെ ആദ്യ പ്രണയമാണ്. പക്ഷേ, തിരക്കുള്ള ഷെഡ്യൂളുകള്‍ ഞാൻ ആസ്വദിക്കുന്നു. തിരക്കിലായിരിക്കുന്നത് നല്ലതാണെന്ന് ഞാൻ കരുതുന്നു!" അവർ അഭിമുഖത്തില്‍ പറഞ്ഞു.
'എല്ലാം റെക്കോർഡ് ആണ്'; സ്ത്രീയെ കടന്ന് പിടിക്കുന്ന യുവാവിന്‍റെ വീഡിയോ പങ്കുവച്ച് ഹൈദ്രാബാദ് പോലീസ്
'ആരും വാങ്ങരുതേ...'; ഒല ഇലക്ട്രിക് സ്കൂട്ടറിനെതിരെ യുവതിയുടെ വ്യത്യസ്തമായ പ്രതിഷേധം വൈറല്‍
ഈ ജൂലൈയിൽ മാഞ്ചസ്റ്ററിലെ നോർത്തേൺ ബാലെ സ്കൂളിൽ നിന്ന് ബിരുദം നേടിയ ക്ലോ തന്‍റെ ആഴ്ചകളുടെ അവസാനദിനങ്ങള്‍ നൃത്തം അവതരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി നീക്കിവച്ചിരിക്കുന്നു. നൃത്തം ചെയ്യാത്ത ദിവസങ്ങളില്‍ പാർട്ട് ടൈം ജോലികളോ ബേക്കിംഗിലോ മുഴുകുന്നു. "ബേക്കിംഗ് എന്നെ സംബന്ധിച്ചിടത്തോളം ഒരു ക്രിയേറ്റീവ് ഔട്ട്ലെറ്റാണ്. പുതിയ പാചകക്കുറിപ്പുകൾ പരീക്ഷിക്കാനും മറ്റുള്ളവരുമായി അത് പങ്കിടാനും ഞാൻ ഇഷ്ടപ്പെടുന്നു" ക്ലോ കൂട്ടിചേര്‍ത്തു. സബ് വേയിലോ പ്രാദേശിക ഭക്ഷണ സ്റ്റാളായ ബോട്ട് സ്ട്രീറ്റ് കഫേയിലോ തന്‍റെ ഷിഫ്റ്റുകളിലേക്ക് കയറുന്നതിന് മുമ്പ് തനിക്ക് നേരിട്ട് വന്ന കേക്ക് ഓർഡറുകള്‍ തയ്യാറാക്കുന്ന തിരക്കിലായിരിക്കും അവള്‍.
ആഴ്ച അവസാനങ്ങളില്‍ ഡാന്‍സ് ക്ലാസുകള്‍ ഇല്ലാത്ത സമയങ്ങളില്‍ അവൾ ബേബിസിറ്റിംഗ് പഠിപ്പിക്കുന്നു. ഇതൊന്നും മതിയാകാതെ ക്ലോ പുതിയൊരു പരിപാടി കൂടി തുടങ്ങി. അടുത്തിടെ അവര്‍ ഒരു ബോട്ട് വാങ്ങി. ചെറിയൊരു ബോട്ട്. അത് പുതുക്കി പണിത് താമസം അങ്ങോട്ട് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ക്ലോ വുഡ്റോഫ്. തനിക്ക് അല്പം കൂടിയ ഭ്രാന്താണെന്നാണ് അച്ഛനുമമ്മയും കരുതുന്നതെന്ന് ക്ലോ തമാശയായി പറയുന്നു. പക്ഷേ, തന്‍റെ നേട്ടങ്ങളില്‍ അവര്‍ക്ക് അഭിമാനമുണ്ടെന്നും ക്ലോ കൂട്ടിചേര്‍ക്കുന്നു. അതേസമയം തന്‍റെ ജോലികളില്‍ പലതും ക്ലോ തന്‍റെ ടിക് ടോക്. യൂട്യൂബ് ചാനലുകളില്‍ പങ്കുവയ്ക്കുന്നു. അങ്ങനെ പുതിയ കാലത്തെ ഇന്‍ഫ്ലുവന്‍സർ കൂടിയാണ് ക്ലോ വുഡ്റോഫ്. ഭാവിയില്‍ ഒരു ഭക്ഷണ ശാല തുടങ്ങണമെന്നതാണ് അവളുടെ ആഗ്രഹം.