മോഷ്ടിക്കപ്പെട്ടത് ഒരു ബക്കറ്റ്; പിന്നാലെ നടന്ന യുദ്ധത്തില്‍ മരിച്ച് വീണത് 2000 സൈനികര്‍ !
ഒരു നഗരത്തിലെ സൈനികര്‍ മറ്റേ നഗരത്തിലെ ഒരു ബക്കറ്റ് മോഷ്ടിച്ചു. ഇത് ചോദ്യം ചെയ്തതായിരുന്നു യുദ്ധത്തിലേക്ക് നയിച്ചത്.
ഇന്ന് റഷ്യ, യുക്രൈന് നേരെ നടത്തുന്ന അധിനിവേശവും ഗാസയിലേക്കുള്ള ഇസ്രയേലിന്‍റെ അതിരൂക്ഷമായ സൈനികാക്രമണവുമാണ് നമ്മള്‍ വാര്‍ത്തകളിലൂടെ അറിയുന്നതെങ്കിലും ലോകത്ത് നിലവില്‍ പ്രധാനമായും പത്ത് പ്രദേശങ്ങളില്‍ യുദ്ധമോ യുദ്ധസമാനമോ ആയ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് ക്രൈസിസ് ഗ്രൂപ്പ് ഡോട്ട് ഓര്‍ഗിന്‍റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹമാസിന് തിരിച്ചടി എന്ന നിലയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്തോടെ ലോകം വീണ്ടുമൊരു മഹായുദ്ധത്തിന് തയ്യാറെടുക്കുകയാണോ എന്നുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഹമാസ് വെടി നിര്‍ത്തല്‍ സന്നദ്ധത അറിയിച്ചതോടെ മേഖലയില്‍ സമാധാനാന്തരീക്ഷത്തിനുള്ള വഴി തുറന്നു. ഇതിനിടെ ലോകമെങ്ങും പഴയ യുദ്ധങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ശക്തമായി.
ഇതിനിടെ ഇറ്റലിയിലെ രണ്ട് നഗരങ്ങള്‍ നടത്തിയ ഒരു പഴയ യുദ്ധത്തിന്‍റെ ഓര്‍മ്മകള്‍ വാര്‍ത്താ പ്രാധാന്യം നേടി. 1325-ലെ ഒരു ബക്കറ്റിന്‍റെ ചിത്രം പങ്കുവയ്ക്കപ്പെട്ടതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ബക്കറ്റ് യുദ്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. ഈ യുദ്ധത്തിന്‍റെ ഏറ്റവും വലിയ തമാശയെന്തെന്ന് വച്ചാല്‍ യുദ്ധം ആരംഭിച്ചത് വെറുമൊരു ബക്കറ്റിന് വേണ്ടിയിരുന്നുവെന്നതാണ്. ഒരു ബക്കറ്റിന് വേണ്ടി നടന്ന ആ യുദ്ധത്തില്‍ പങ്കെടുത്തത് 39,000 സൈനികർ. മരിച്ച് വീണത് 2,000 ത്തോളം പേര്‍. ഒടുവില്‍ അന്നത്തെ ആ രക്തരൂക്ഷിതമായ യുദ്ധത്തിന് കാരണമായ ബക്കറ്റ് ഇന്ന് ഇറ്റലിയിലെ മൊഡെനയിലെ ഒരു പള്ളിയിൽ വിശ്രമിക്കുന്നു. ആ കഥ ഇങ്ങനെ...
ഇറ്റലിയിലെ രണ്ട് ശക്തരായ നഗരങ്ങളാണ് ബൊലോഗ്നയും (Bologna) മോഡെനയും (Modena). 1325-ൽ മൊഡെനയിൽ നിന്നുള്ള ഒരു കൂട്ടം സൈനികർ ബൊലോഗ്ന നഗരത്തിൽ പ്രവേശിച്ച് നഗരത്തിന്‍റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന കിണറ്റിന് സമീപം സൂക്ഷിച്ചിരുന്ന ഒരു ബക്കറ്റ് മോഷ്ടിച്ചതോടെയാണ് സാപ്പോളിനോ യുദ്ധം (Battle of Zappolino) അഥവാ ഓക്ക് ബക്കറ്റ് യുദ്ധം (Oak Bucket War) ആരംഭിച്ചത്. ബൊലോഗ്ന നഗരവാസികള്‍ക്ക് ഇത് വലിയ നാണക്കേടായി തോന്നി. തങ്ങളുടെ ബക്കറ്റ് തിരികെ നല്‍കാന്‍ ബൊലോഗ്ന നഗരവാസികള്‍ മോഡേന സൈനികരോട് ആവശ്യപ്പെട്ടു. പക്ഷേ, ആവശ്യം നിരസിക്കപ്പെട്ടു. ഇത് യുദ്ധത്തിലേക്ക് നീങ്ങി.
3.8 കിലോമീറ്റര്‍ ദൂരെയുള്ള റഷ്യന്‍ സൈനികനെ വെടിവച്ചിട്ട് യുക്രൈന്‍ സ്നൈപ്പര്‍; അതും റെക്കോര്‍ഡ് !
സപ്പോളിന നഗരത്തില്‍ നടന്ന യുദ്ധത്തില്‍ 30,000 കാലാൾപ്പടയും 2,000 കുതിരപ്പടയും അടങ്ങുന്ന സൈന്യമായിരുന്നു ബൊലോഗ്നയ്ക്ക് വേണ്ടി പോരാടിയത്. എന്നാല്‍ മോഡേനയ്ക്ക് ആകട്ടെ 5,000 കാലാൾപ്പടയും 2,000 കുതിരപ്പടയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ യുദ്ധമാണ്. എണ്ണത്തിലല്ല. തന്ത്രത്തിലാണ് പ്രാധാന്യം. മോഡെനയുടെ യുദ്ധതന്ത്രത്തില്‍ ബൊലോഗ്നയുടെ സൈന്യം പരാജയം സമ്മതിച്ചു. യുദ്ധത്തില്‍ ബൊലോഗ്നയിൽ നിന്നുള്ള 1500 ഉം മോഡേനയിൽ നിന്നുള്ള 500 ഉം സൈനികരും കൊല്ലപ്പെട്ടു. ഏകദേശം 2000 പേരുടെ മരണശേഷം, മോഡെന, ബൊലോഗ്ന നഗരങ്ങൾ തമ്മിൽ ഒരു കരാറിലെത്തി. കരാറിനെ തുടര്‍ന്ന് ബൊലോഗ്‌നയിൽ നിന്ന് കൊള്ളയടിച്ച ബക്കറ്റ് ഒഴികെയുള്ള സാധനങ്ങൾ മോഡേന തിരികെ നൽകി. ബക്കറ്റ് തിരിച്ച് നല്‍കാന്‍ അപ്പോഴും മോഡേന തയ്യാറായില്ല. ഈ ബക്കറ്റിന്‍റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ബക്കറ്റായിരുന്നില്ല. മറിച്ച് ബൊലോഗ്നീസ് കോട്ട മൊഡേന നഗരം കീഴടക്കിയതാണ് യുദ്ധത്തിന് കാരണമെന്നും ചില ചരിത്രകാരന്മാര്‍ പറയുന്നു.
150 വര്‍ഷം പഴക്കമുള്ള മള്‍ബറി മരത്തില്‍ നിന്നും ജലപ്രവാഹം; വീഡിയോ കണ്ടത് രണ്ട് കോടിയോളം പേര്‍ !