പ്രായവ്യത്യാസം 19, അച്ഛനും മകളുമായി തെറ്റിദ്ധരിക്കപ്പെടുന്നു എന്ന് ദമ്പതികൾ
ആദ്യമായി, വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്നും പറഞ്ഞ് എവിയെ റിച്ച് സ്വന്തം വീട്ടുകാർക്ക് പരിചയപ്പെടുത്തിയപ്പോൾ അവരെല്ലാം അന്തംവിട്ടു പോയി. എന്നാൽ, ഇരുവരുടേയും സ്നേഹം ശക്തമാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ വീട്ടുകാർ ബന്ധത്തെ പിന്തുണക്കുകയായിരുന്നു.
പത്തും ഇരുപതും വയസിന്റെ വ്യത്യാസത്തിലുള്ള ദമ്പതികൾ ഇപ്പോൾ വർധിച്ച് വരികയാണ്. അങ്ങനെയുള്ളവരെ സോഷ്യൽ മീഡിയയിൽ അടക്കം ആളുകൾ പരിഹസിക്കാറും പിന്തുണക്കാറും ഉണ്ട്. അതുപോലെ 19 വയസിന്റെ വ്യത്യാസത്തിലുള്ള ഈ ദമ്പതികൾ പറയുന്നത് തങ്ങളെ പലരും അച്ഛനും മകളുമായി തെറ്റിദ്ധരിക്കാറുണ്ട് എന്നാണ്.
48 കാരനായ റിച്ച് ഫോതു ടോംകിൻസൺ, 2018 ജൂലൈയിലാണ് താൻ ജോലി ചെയ്യുന്ന പബ്ബിൽ വച്ച് എവിയെന്ന 29 -കാരിയെ കണ്ടുമുട്ടുന്നത്. നാല് വർഷത്തിന് ശേഷം ഇരു കുടുംബങ്ങളുടെയും പിന്തുണയോടെ റിച്ചും എവിയും വിവാഹിതരായി. ഇരുവരുടേയും വയസുകൾ തമ്മിലുള്ള വ്യത്യാസം രണ്ട് പേരെയും ഒട്ടും തന്നെ ബാധിച്ചിരുന്നില്ല. എന്നാൽ, പുറത്തേക്കിറങ്ങുമ്പോൾ അതായിരുന്നില്ല സ്ഥിതി.
മിക്കവാറും തന്നെയും എവിയേയും ആളുകൾ അച്ഛനും മകളുമായി തെറ്റിദ്ധരിക്കാറുണ്ട് എന്ന് റിച്ച് പറയുന്നു. എന്നാൽ, തന്നെയോ ഭാര്യയേയോ അത് ഒട്ടും ബാധിച്ചിരുന്നില്ല. എവിയെ വിവാഹം കഴിച്ച നിമിഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം എന്നാണ് റിച്ച് പറയുന്നത്. ബന്ധത്തിന്റെ തുടക്കത്തിൽ ഈ ബന്ധം തുടർന്ന് പോകുമെന്ന് താനോ എവിയോ ആരെങ്കിലുമോ കരുതിയിരുന്നില്ല. എന്നാൽ, അത് വിവാഹത്തിലെത്തി, ഇപ്പോൾ തങ്ങൾ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഈ ബന്ധം ദൃഢമായതാണ് എന്നും റിച്ച് പറയുന്നു.
ആദ്യമായി, വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്നും പറഞ്ഞ് എവിയെ റിച്ച് സ്വന്തം വീട്ടുകാർക്ക് പരിചയപ്പെടുത്തിയപ്പോൾ അവരെല്ലാം അന്തംവിട്ടു പോയി. എന്നാൽ, ഇരുവരുടേയും സ്നേഹം ശക്തമാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ വീട്ടുകാർ ബന്ധത്തെ പിന്തുണക്കുകയായിരുന്നു. തനിക്ക് ഒരിക്കലും റിച്ച് തന്നേക്കാൾ വളരെ അധികം പ്രായം കൂടിയ ആളാണ് എന്ന തോന്നലേ ഉണ്ടായിട്ടില്ല. പ്രായം ഇത്രയായി എങ്കിലും അദ്ദേഹം ഹെൽത്തിയാണ് സുന്ദരനുമാണ് എന്ന് എവിയും പറയുന്നു.