കയ്യടിക്കെടാ; ആദ്യ ട്രെക്കിംഗ് 7 -ാം വയസിൽ, 16 -ൽ എവറസ്റ്റ്, ഏഴ് കൊടുമുടികളും കീഴടക്കി കാമ്യകാർത്തികേയന്‍
ചലഞ്ച് പൂർത്തിയാക്കിയ കാമ്യയേയും പിതാവിനെയും ഇന്ത്യൻ നാവികസേന അഭിനന്ദിച്ചു.
ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുന്ന, ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ഒരു 17 -കാരി. മുംബൈയിലെ നേവി ചിൽഡ്രൻ സ്‌കൂളിലെ വിദ്യാർത്ഥിനിയായ കാമ്യ കാർത്തികേയനാണ് ആ മിടുക്കി.
ആഫ്രിക്കയിലെ കിളിമഞ്ചാരോ, യൂറോപ്പിലെ മൗണ്ട് എൽബ്രസ്, ഓസ്ട്രേലിയയിലെ മൗണ്ട് കോസ്സിയൂസ്കോ, തെക്കേ അമേരിക്കയിലെ മൗണ്ട് അക്കോൺകാഗ്വ, വടക്കേ അമേരിക്കയിലെ മൗണ്ട് ഡെനാലി, ഏഷ്യയിലെ മൗണ്ട് എവറസ്റ്റ് എന്നിവയാണ് കാമ്യ കീഴടക്കിയത്. ഏറ്റവും ഒടുവിലായി അന്റാർട്ടിക്കയാണ് കാമ്യ കീഴടക്കിയത്.
ഡിസംബർ 24 -നാണ് സെവൻ സമ്മിറ്റ് ചലഞ്ച് പൂർത്തിയാക്കുന്നതിന് വേണ്ടി കാമ്യ തൻ്റെ അച്ഛനായ കാർത്തികേയനൊപ്പം അൻ്റാർട്ടിക്കയിലെ മൗണ്ട് വിൻസെൻ്റ് കൊടുമുടി കീഴടക്കിയത് എന്നാണ് ഇന്ത്യൻ നാവികസേന അറിയിക്കുന്നത്. ഒടുവിൽ, ചലഞ്ച് പൂർത്തിയാക്കിയ കാമ്യയേയും പിതാവിനെയും ഇന്ത്യൻ നാവികസേന അഭിനന്ദിച്ചു.
മുംബൈയിലെ നേവി ചിൽഡ്രൻ സ്‌കൂളും കാമ്യയെ അഭിനന്ദിച്ചു, 'എല്ലാ തടസ്സങ്ങളും ഭേദിച്ച് പുതിയ ഉയരങ്ങൾ! മുംബൈയിലെ നേവി ചിൽഡ്രൻ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസുകാരി കാമ്യ കാർത്തികേയൻ ഏഴ് കൊടുമുടികൾ കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയായിരിക്കുന്നു- ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടികൾ, NCS മുംബൈയ്ക്ക് ഇത് അഭിമാനനിമിഷം!' എന്നാണ് സ്കൂൾ പറഞ്ഞത്.
അതേസമയം, എവറസ്റ്റ് കീഴടക്കുമ്പോൾ കാമ്യയ്ക്ക് പതിനാറ് വയസ്സായിരുന്നു പ്രായം. ഉത്തരാഖണ്ഡിൽ തൻ്റെ ആദ്യ ട്രെക്കിംഗ് നടത്തുമ്പോൾ തനിക്ക് ഏഴ് വയസ്സായിരുന്നുവെന്നും അവൾ പറഞ്ഞിരുന്നു.