24 -കാരി അമ്മയ്‍ക്ക് 16 -കാരി മകൾ, ഇളയ മകന് 5 മാസം പ്രായം, ആറംഗ കുടുംബത്തിന്റെ വ്യത്യസ്തമായ കഥ
24 -കാരിയായ ടാസിയയും 26 -കാരനായ ഭർത്താവും അവരുടെ രണ്ടാമത്തെ മകൾ 14 -കാരി റോറിയെ ഒരു ഫോസ്റ്റർ കെയറിൽ നിന്നും ദത്തെടുത്തതാണ്.
24 -കാരിയായ അമ്മയ്ക്ക് 16 -കാരിയായ മകൾ എന്ന് കേട്ടാൽ വിശ്വസിക്കാൻ പ്രയാസം തോന്നും അല്ലേ? വെറും എട്ട് വയസ്സിന്റെ പ്രായവ്യത്യാസമാണോ അമ്മയും മകളും തമ്മിലെന്നും നമുക്ക് തോന്നിപ്പോകും. ടാസിയ ടേയർ എന്നാണ് ഈ 24 -കാരിയുടെ പേര്. അടുത്തിടെ വലിയ ചർച്ചകൾക്കാണ് അവളുടെയും മക്കളുടെയും പ്രായവ്യത്യാസം വഴിവെച്ചത്.
ടാസിയയുടെ രണ്ടാമത്തെ മകൾക്ക് വയസ്സ് 14 ആണ്. അതിന് താഴെയുള്ളയാൾക്ക് 12 വയസ്സും. ഏറ്റവും ഇളയ കുഞ്ഞിന് വെറും അഞ്ച് മാസമാണ് പ്രായം. എന്നാൽ, ടാസിയയുടെയും മക്കളുടെയും കഥ കേട്ടാൽ എല്ലാവർക്കും എല്ലാ സംശയവും തീരും. 24 -കാരിയായ ടാസിയയും 26 -കാരനായ ഭർത്താവും അവരുടെ രണ്ടാമത്തെ മകൾ 14 -കാരി റോറിയെ ഒരു ഫോസ്റ്റർ കെയറിൽ നിന്നും ദത്തെടുത്തതാണ്.
റോറിയെ ദത്തെടുത്ത് കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ അവർക്ക് അതേ ഫോസ്റ്റർ കെയറിൽ നിന്നും മറ്റൊരു ഫോൺ കോൾ വന്നു. അവർ പറഞ്ഞത് റോറിയുടെ സഹോദരൻ 12 -കാനായ ഇസയ്യയ്ക്കും ഒരു കുടുംബം വേണം. കുടുംബമില്ലാതെ അവന് കഴിയാനാവില്ല എന്നായിരുന്നു. മറ്റൊന്നും ആലോചിക്കാതെ റോറിയും ഭർത്താവും ഇസയ്യയെയും മകനായി കൂടെ കൂട്ടി.
ഇനി 16 -കാരി മകളെങ്ങനെ വന്നുവെന്നല്ലേ? ശരിക്കും ഈ 16 -കാരി ടാസിയയുടെ കസിനാണ്. എന്നാൽ, അവളെ നോക്കിയിരുന്നത് ടാസിയയുടെ മുത്തശ്ശിയായിരുന്നു. മുത്തശ്ശി മരിച്ചതോടെ അവളെ ടാസിയ ഏറ്റെടുത്തു. ഔദ്യോഗികമായി ടാസിയയായി അവളുടെ അമ്മ.
ഏകദേശം അഞ്ച് മാസം മുമ്പ്, ടാസിയ തൻ്റെ മകൻ ആഷ്‌റ്റിന് ജന്മം നൽകി. എന്നിരുന്നാലും, നാല് മക്കളെയും ചേർത്തുപിടിക്കുന്നതിൽ അവൾ വിജയിച്ചു. സന്തോഷത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നത് എന്നും ആരുടെ കമന്റുകളും തങ്ങളെ ബാധിക്കാറില്ലെന്നുമാണ് ടാസിയ പറയുന്നത്.