Shankar the Elephant : ഇണ, അല്ലെങ്കില്‍ സമാധാനജീവിതം, ശങ്കര്‍ എന്ന ആനയ്ക്കു വേണ്ടി 16 കാരിയുടെ നിയമപോരാട്ടം
പതിറ്റാണ്ടുകളായി ഏകാന്തവാസം തുടരുന്ന ശങ്കറിന്റെ അവസ്ഥ ദയനീയമാണെന്നും ഇതിനെ അടിയന്തിരമായി മറ്റ് ആഫ്രിക്കന്‍ ഉള്ള വന്യജീവി സങ്കേതത്തിലേക്ക് മാറ്റണമെന്നുമാണ് നികിത ആവശ്യപ്പെട്ടത്. മൃഗശാലാ അധികൃതര്‍ ശങ്കറിനോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും നികിത ഹര്‍ജിയില്‍ വ്യക്തമാക്കി.
16 വര്‍ഷത്തോളം ദില്ലി മൃഗശാലയിലെ സിമന്റ് കൂട്ടിനുള്ളില്‍ ഏകാന്തവാസം നയിക്കുന്ന ആഫ്രിക്കന്‍ ആനയുടെ മോചനവിഷയം ഒടുവില്‍ കോടതിയില്‍. യൂത്ത് ഫോര്‍ അനിമല്‍സ് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകയായ 16 -കാരി നികിത ധവാനാണ് ശങ്കര്‍ എന്ന ആഫ്രിക്കന്‍ ആനയുടെ മോചനത്തിനായി ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പതിറ്റാണ്ടുകളായി ഏകാന്തവാസം തുടരുന്ന ശങ്കറിന്റെ അവസ്ഥ ദയനീയമാണെന്നും ഇതിനെ അടിയന്തിരമായി മറ്റ് ആഫ്രിക്കന്‍ ഉള്ള വന്യജീവി സങ്കേതത്തിലേക്ക് മാറ്റണമെന്നുമാണ് നികിത ആവശ്യപ്പെട്ടത്. മൃഗശാലാ അധികൃതര്‍ ശങ്കറിനോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും നികിത ഹര്‍ജിയില്‍ വ്യക്തമാക്കി.
ഈ ആനയുടെ മോചനം ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകള്‍ വര്‍ഷങ്ങശായി ശ്രമം നടത്തുന്നുണ്ട്. 16 കാരിയായ നികിത തന്നെ കഴിഞ്ഞ വര്‍ഷം ശങ്കറിന്റെ മോചനം ആവശ്യപ്പെട്ട് ഒപ്പുശേഖരണ കാമ്പെയിന്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള ഒരു ലക്ഷത്തോളം പേര്‍ ഈ പരാതിയില്‍ ഒപ്പുവെച്ചിരുന്നു. യു കെ ആസ്ഥാനമായ ആസ്പിനാല്‍ ഫൗണ്ടേഷനും ശങ്കറിന്റെ മോചനത്തിനായി തീവ്രശ്രമങ്ങള്‍ നടത്തിയിരുന്നു. ശങ്കറിനെ മോചിപ്പിച്ചാല്‍, തങ്ങളുടെ ചെലവില്‍ അതിനെ ആഫ്രിക്കയിലെ ഏതെങ്കിലും വന്യമൃഗ സങ്കേതത്തിലേക്ക് മാറ്റാമെന്ന് ഈ സംഘടന അറിയിച്ചിരുന്നു.
നികിത
1998-ലാണ് ആഫ്രിക്കന്‍ ആനയായ ശങ്കര്‍ ദില്ലി മൃഗശാലയിലെത്തുന്നത്. ശങ്കര്‍ ദയാല്‍ ശര്‍മ്മ രാഷ്ട്രപതി ആയിരിക്കെ അദ്ദേഹത്തിന് സമ്മാനമായി കിട്ടിയതായിരുന്നു ഈ ആന. സിംബാബ് വേ സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതിക്ക് ആ രാജ്യം ഉപഹാരമായി നല്‍കിയതാണ് ഈ ആനയെ. ഇതിനോടൊപ്പം ബൊംബായ് എന്ന മറ്റൊരു ആഫ്രിക്കന്‍ ആന കൂടി ഇന്ത്യയില്‍ എത്തിയിരുന്നു. രാഷ്ട്രപതി തുടര്‍ന്ന് ഈ ആനയെ ദില്ലി മൃഗശാലയ്ക്ക് കൈമാറി. വൈകാതെ ഇവ മൃഗശാലയുടെ ആകര്‍ഷണമായി മാറി.
എന്നാല്‍, 2005-ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇണയായ ബൊംബായ് പെട്ടെന്ന് ചെരിഞ്ഞു. ഇതോടെ ശങ്കര്‍ ഒറ്റയ്ക്കായി. അതിനു ശേഷം കഴിഞ്ഞ 16 വര്‍ഷമായി ഈ ആന മൃഗശാലയിലെ ഇരുമ്പു കൂട്ടിനുള്ളില്‍ ഏകാന്തവാസത്തിലാണ്. മൃഗശാലയില്‍ വളരെ മോശം അവസ്ഥയിലാണ് ശങ്കര്‍ കഴിയുന്നതെന്ന് നികിത ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പ് മൃഗശാല സന്ദര്‍ശിച്ചപ്പോള്‍ വളരെ മോശം അവസ്ഥയിലയിരുന്നു ഈ മൃഗം. ഇടുങ്ങിയ സിമന്റ് കൂടിനുള്ളില്‍ ഇരുമ്പ് തൂണുകളില്‍ ചങ്ങലക്കിട്ട നിലയിലായിരുന്നു ഇത്. വളരെ അവശനായിരുന്നു അന്നു തന്നെ. ഇപ്പോള്‍ അവസ്ഥ അതിലും മോശമായിരിക്കാം എന്നും നികിതയുടെ പരാതിയില്‍ പറയുന്നു.
അതിനിടെ, നവംബര്‍ മാസം ശങ്കറിന് ഇണയെ കണ്ടെത്താനുള്ള ശ്രമം അധികൃതര്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ആഫ്രിക്കയിലെ പാര്‍ക്കുകളോട് ശങ്കറിന് ഒരു പങ്കാളിയെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ടതായി ദില്ലി മൃഗശാല ഡയറക്ടര്‍ സോണാലി ഘോഷ് അന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇണയെ കിട്ടുന്നില്ലെങ്കില്‍, ആനയെ തിരികെ കൊണ്ടുപോകണമെന്നും ആഫ്രിക്കയിലെ വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടതായി സോണാലി പറയുന്നു
.ഇന്ത്യയിലാകെ രണ്ട് ആഫ്രിക്കന്‍ ആനകള്‍ മാത്രമേയുള്ളൂ. ഒന്ന് ശങ്കര്‍. മറ്റേത് മൈസൂര്‍ മൃഗശാലയിലാണുള്ളത്.
ഏഷ്യന്‍ ആനകളെ അപേക്ഷിച്ച് കൂടുതല്‍ ഒറ്റപ്പെട്ട് കഴിയുന്ന സ്വഭാവമാണ് ആഫ്രിക്കന്‍ ആനകളുടേത് അതിനാല്‍ ഇവയെ ഏഷ്യന്‍ ആനകളുടെ ഒപ്പം അയക്കാനും സാധിക്കില്ലെന്ന വിഷമ ഘട്ടത്തിലാണ് മൃഗശാല അധികൃതരുള്ളത്. മൈസുരുവിലെ മൃഗശാലയിലുള്ള ആഫ്രിക്കന്‍ ആന കൊമ്പനാനയാണ്. ആനകളെ മൃഗശാലകളില്‍ സൂക്ഷിക്കുന്നത് സംബന്ധിയായ മാനദണ്ഡങ്ങളിലും അവയെ തനിയെ താമസിപ്പിക്കരുതെന്നാണ് വിശദമാക്കുന്നത്. ഏഷ്യന്‍ ആനകളെ അപേക്ഷിച്ച് ആഫ്രിക്കന്‍ ആനകളെ മെരുക്കി വളര്‍ത്തുന്നതും താരതമ്യേന കുറവാണ്. അതിനാല്‍ ശങ്കറിന് സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ എത്തിക്കണമെന്നാണ് മൃഗസ്‌നേഹികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നത്.