17,000 വർഷം പഴക്കമുള്ള കുഞ്ഞിന്റെ അസ്ഥികൂടം, 16 മാസം പ്രായം, ഇരുണ്ടനിറം, നീലക്കണ്ണ്, കണ്ടെത്തലുമായി ​ഗവേഷകർ

ഡിഎൻഎ പരിശോധനയിൽ കുഞ്ഞിന് ഇരുണ്ട തവിട്ട് മുടിയും കറുത്ത നിറവും നീലക്കണ്ണുകളുമുണ്ടെന്ന് കണ്ടെത്തി. അതേസമയം ഗർഭാവസ്ഥയിൽ കുട്ടിയുടെ അമ്മയ്ക്ക് കടുത്ത പോഷകാഹാരക്കുറവ് അനുഭവപ്പെട്ടിരുന്നു എന്നും പഠനത്തിൽ വ്യക്തമായിട്ടുണ്ട്.

16 months old boy 17000 year old remains found in archaeological site in Italy

ഇറ്റലിയിൽ, പുരാവസ്തു ഗവേഷകർ വർഷങ്ങൾക്കു മുൻപ് കണ്ടെത്തിയ മൃതശരീരാവശിഷ്ടങ്ങൾ 17,000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒന്നര വയസ്സുകാരന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഇറ്റലിയിലെ ഒരു പുരാവസ്തു സ്ഥലത്തിനടുത്തുള്ള ഖനനത്തിനിടെയാണ്, ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ നടന്നത്. 

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പതിനേഴായിരം വർഷത്തെ പഴക്കം ഈ മൃതദേഹാവശിഷ്ടത്തിന് ഉണ്ടെന്ന് കണ്ടെത്തിയത്. പഠനം വ്യക്തമാക്കുന്നത് 16 മാസം മാത്രം പ്രായമുണ്ടായിരുന്ന ഒരു കുഞ്ഞിന്റേതാണ് ഇവയെന്നും ഹൃദ്രോഗം ബാധിച്ചാണ് കുഞ്ഞ് മരണപ്പെട്ടതെന്നും ആണ്.

1998 -ലാണ് ഈ മൃതശരീരം കണ്ടെത്തിയതെങ്കിലും ഇതുമായി ബന്ധപ്പെട്ട പഠനഫലങ്ങൾ ഇപ്പോഴാണ് പുറത്തുവിടുന്നത്. ഇറ്റലിയിലെ മോണോപോളിക്കടുത്തുള്ള ഗ്രോട്ട ഡെല്ലെ മുറ ഗുഹയുടെ ഉത്ഖനനത്തിനിടെയാണ്, പുരാവസ്തു ഗവേഷകർ കുട്ടിയുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് വർഷങ്ങളോളം അത് ഗവേഷണം ചെയ്തു.  

ജേണൽ റിപ്പോർട്ട് അനുസരിച്ച്, കണ്ടെത്തിയ അസ്ഥികൂടത്തിന് കുറഞ്ഞത് 17,000 വർഷത്തെ പഴക്കമുണ്ട്. കൂടാതെ ഒരു ആൺകുട്ടിയുടേതാണ് ഈ മൃതദേഹം എന്നും വ്യക്തമായിട്ടുണ്ട്. ഒരു ഗുഹയ്ക്കുള്ളിൽ രണ്ടു പാറക്കല്ലുകൾക്കിടയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.

ഡിഎൻഎ പരിശോധനയിൽ കുഞ്ഞിന് ഇരുണ്ട തവിട്ട് മുടിയും കറുത്ത നിറവും നീലക്കണ്ണുകളുമുണ്ടെന്ന് കണ്ടെത്തി. അതേസമയം ഗർഭാവസ്ഥയിൽ കുട്ടിയുടെ അമ്മയ്ക്ക് കടുത്ത പോഷകാഹാരക്കുറവ് അനുഭവപ്പെട്ടിരുന്നു എന്നും പഠനത്തിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ സ്വന്തം കുടുംബാംഗത്തിൽ നിന്നും തന്നെയാണ് കുട്ടിയുടെ അമ്മ ഗർഭം ധരിച്ചിരുന്നത് എന്നും ഗവേഷകർ പറയുന്നു. 

ഇൻബ്രീഡിംഗ് പ്രാക്ടീസ്, അല്ലെങ്കിൽ ഇൻ്റർബ്രീഡിംഗ് പ്രാക്ടീസ് എന്ന വാക്കാണ് ശാസ്ത്രജ്ഞർ ഇതിനായി ഉപയോഗിച്ചത്. ഫ്ലോറൻസ് സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞയും ഈ ജേണലിൻ്റെ സഹ-രചയിതാവുമായ അലസാന്ദ്ര മോദി ഈ കണ്ടെത്തലിനെ "ശ്രദ്ധേയമായ നേട്ടം" എന്ന് വിശേഷിപ്പിച്ചു.  

ആൺകുട്ടിയുടെ ചർമ്മത്തിൻ്റെ നിറം സമകാലികരായ ഭൂരിഭാഗം യൂറോപ്യന്മാരെക്കാളും ഇരുണ്ടതാണെന്നാണ് ജേണൽ റിപ്പോർട്ടിൽ പറയുന്നത്, എന്നാൽ സിംഗപ്പൂർ അല്ലെങ്കിൽ ഇന്ത്യ പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ നിന്നുള്ള ഒരാളുടേത് പോലെ ഇരുണ്ടതല്ല.  കുഞ്ഞ് വില്ലബ്രൂണ ഗോത്രത്തിൻ്റെ പൂർവ്വികനായിരുന്നു എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. 14,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഹിമയുഗത്തിനു ശേഷമുള്ള ഒരു കൂട്ടം ആളുകളായിരുന്നു വില്ലബ്രൂണ ഗോത്രക്കാർ.

കണ്ടെത്തിയത്, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ നിധി; 950 വര്‍ഷം പഴക്കമുള്ള നാണയശേഖരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios