1500 കിലോ ഭാരമുള്ള രണ്ട് തിമിംഗലസ്രാവുകൾ, മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത്
ജൂലൈ 26 വെള്ളിയാഴ്ച തങ്ങൾ രണ്ട് വലിയ മത്സ്യങ്ങളെ പിടികൂടിയെന്നും, അതിൽ ഒന്നിന് ജീവൻ ഇല്ലായിരുന്നു എന്നുമാണ് മത്സ്യത്തൊഴിലാളി സംഘം പറയുന്നത്. വിപണി മൂല്യമില്ലാത്ത ചുക്ക സൊറ ഇനത്തിൽപ്പെട്ട മത്സ്യത്തെയാണ് പിടികൂടിയത് എന്നും അതുകൊണ്ടുതന്നെ പിടികൂടുമ്പോൾ ജീവൻ ഉണ്ടായിരുന്ന ഒരു മത്സ്യത്തെ കടലിലേക്ക് തന്നെ തിരിച്ചിട്ടതായും ഇവർ കൂട്ടിച്ചേർത്തു.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗിലകാലഡിണ്ടി എന്ന തീരദേശ ഗ്രാമത്തിൽ മത്സ്യത്തൊഴിലാളികൾ 1,500 കിലോഗ്രാം ഭാരമുള്ള രണ്ട് തിമിംഗല സ്രാവുകളെ പിടികൂടി. ഭീമാകാരമായ തിമിംഗലത്തെ ക്രെയിൻ ഉപയോഗിച്ചാണ് ഇവർ തീരത്ത് എത്തിച്ചത്. ഗിലകാലഡിണ്ടി തുറമുഖത്ത് എത്തിച്ച തിമിംഗലങ്ങളെ കാണാൻ നൂറുകണക്കിന് ആളുകളാണ് തീരത്ത് തടിച്ചു കൂടിയത്.
തിമിംഗല സ്രാവുകൾ ചുക്ക സൊറ (Chukka Sora) മത്സ്യങ്ങൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. പ്രദേശത്തെ മത്സ്യത്തൊഴിലാളിയായ വിശ്വനാഥപള്ളി വീരബാബുവിൻ്റെ വലയിലാണ് ഇവ കുടുങ്ങിയതെന്നാണ് റിപ്പോർട്ട്. മത്സ്യത്തൊഴിലാളികൾ ജെസിബി ലോഡറിൻ്റെ സഹായത്തോടെയാണ് ഇവയെ പുറത്തെടുത്തത്.
ജൂലൈ 26 വെള്ളിയാഴ്ച തങ്ങൾ രണ്ട് വലിയ മത്സ്യങ്ങളെ പിടികൂടിയെന്നും, അതിൽ ഒന്നിന് ജീവൻ ഇല്ലായിരുന്നു എന്നുമാണ് മത്സ്യത്തൊഴിലാളി സംഘം പറയുന്നത്. വിപണി മൂല്യമില്ലാത്ത ചുക്ക സൊറ ഇനത്തിൽപ്പെട്ട മത്സ്യത്തെയാണ് പിടികൂടിയത് എന്നും അതുകൊണ്ടുതന്നെ പിടികൂടുമ്പോൾ ജീവൻ ഉണ്ടായിരുന്ന ഒരു മത്സ്യത്തെ കടലിലേക്ക് തന്നെ തിരിച്ചിട്ടതായും ഇവർ കൂട്ടിച്ചേർത്തു. കരയിലെത്തിച്ച ചത്ത മത്സ്യത്തിന് 1500 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിൽ കടൽ പ്രക്ഷുബ്ധമാവുകയും വൻതോതിൽ മത്സ്യങ്ങൾ അറിയാതെ തീരത്തേക്ക് അടുക്കുകയും ചെയ്തതാണ് വലയിൽ ഇത്തരത്തിൽ മത്സ്യങ്ങൾ കുടുങ്ങാൻ കാരണമായത് എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ടണ്ണിന് 1 മുതൽ 2 ലക്ഷം രൂപ വരെ വിലയുള്ളതും അപൂർവമായതുമായ ടീക്ക് (teak) മത്സ്യങ്ങളായിരുന്നു അവയെങ്കിൽ, കഥ മറ്റന്നാകുമായിരുന്നു എന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തങ്ങൾ കരയ്ക്ക് എത്തിച്ച മത്സ്യം അത്തരത്തിൽ ഒന്നാണ് എന്ന രീതിയിലുള്ള വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും തൊഴിലാളികൾ കൂട്ടിച്ചേർത്തു.
വിശാഖപട്ടണത്തെ വൈൽഡ് ലൈഫ് കൺസർവേഷൻ ത്രൂ റിസർച്ച് ആൻഡ് എജ്യുക്കേഷൻ്റെ (WCTRE) സ്ഥാപകനും സംരക്ഷകനുമായ വിവേക് റാത്തോഡ്, ഗിലകാലഡിണ്ടി മത്സ്യത്തൊഴിലാളി പിടികൂടിയ ഭീമൻ മത്സ്യം തിമിംഗല സ്രാവുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) ഈ മത്സ്യത്തെ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്.