1,500 വർഷം പഴക്കമുള്ള 'മോശയുടെ പത്ത് കൽപനകൾ' കൊത്തിയ ആനക്കൊമ്പ് പെട്ടി കണ്ടെത്തി
ക്രിസ്ത്യൻ വിശ്വാസങ്ങള്‍ കൊത്തിയ 1,500 വർഷം പഴക്കമുള്ള ഒരു അപൂർവ ആനക്കൊമ്പ് കൊണ്ട് നിര്‍മ്മിച്ച പെട്ടിയും പള്ളിയില്‍ നിന്നും കണ്ടെത്തിയവയില്‍പ്പെടുന്നു.
തെക്കൻ ഓസ്ട്രിയയിലെ ഒരു പള്ളിയുടെ പ്രദേശത്ത് ഖനനം ചെയ്ത ഇൻസ്ബ്രൂക്ക് സർവകലാശാലയിലെ പുരാവസ്തു ഗവേഷകർ മാർബിളില്‍ പണിത ഒരു പള്ളി കണ്ടെത്തി. ക്രിസ്ത്യൻ വിശ്വാസങ്ങള്‍ കൊത്തിയ 1,500 വർഷം പഴക്കമുള്ള ഒരു അപൂർവ ആനക്കൊമ്പ് കൊണ്ട് നിര്‍മ്മിച്ച പെട്ടിയും പള്ളിയില്‍ നിന്നും കണ്ടെത്തിയവയില്‍പ്പെടുന്നു. ആനക്കൊമ്പില്‍ കൊത്തിയ ശില്പങ്ങള്‍ മോശയുമായും പത്ത് കല്‍പ്പനകളുമായും ബന്ധപ്പെട്ടിരിക്കുന്നെന്ന് പുരാവസ്തു ഗവേഷകര്‍ അവകാശപ്പെട്ടു. കണ്ടെത്തിയവ ക്രിസ്തുമതത്തിന്‍റെ ആദ്യകാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇവയ്ക്ക് ഏറെ പ്രധാന്യമുണ്ടെന്നും ഇൻസ്ബ്രക്ക് യൂണിവേഴ്സിറ്റി പറത്തിറക്കിയ ഒരു പത്രക്കുറിപ്പില്‍ പറയുന്നു.
“ഇതുപോലുള്ള ഏകദേശം 40 ആനക്കൊമ്പ് പെട്ടികൾ ലോകമെമ്പാടും ഉള്ളതായി അറിയാം. ഇത്തരമൊന്ന് ഉത്ഖനനത്തിനിടെ അവസാനമായി കണ്ടെത്തിയത് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പാണ്. ഇവയില്‍ ഭൂരിഭാഗവും ഇന്ന് കത്തീഡ്രൽ ട്രഷറികളിൽ സൂക്ഷിക്കുകയോ മ്യൂസിയങ്ങളിൽ പ്രദർശിപ്പിക്കുകയോ ചെയ്യുന്നു." പത്രക്കുറിപ്പില്‍ പറയുന്നു. തെക്കൻ ഓസ്ട്രിയയിലെ ഇർഷെൻ മുനിസിപ്പാലിറ്റിയിലെ ഒരു കുന്നിൻ മുകളിലുള്ള ചാപ്പലിനുള്ളിലെ ഒരു അൾത്താരയ്ക്ക് താഴെ നിന്നാണ് സങ്കീർണ്ണമായ കൊത്തുപണികളുള്ള പെട്ടി കണ്ടെത്തിയത്. കരിന്തിയൻ ഡ്രാവ വാലിയുടെ (Carinthian Drava Valley) ഭാഗമായ ഈ പ്രദേശം 2016 മുതൽ ഇൻസ്ബ്രൂക്ക് സർവകലാശാലയുടെ നേതൃത്വത്തില്‍ ഖനനം നടക്കുന്ന സ്ഥലമാണ്. "ക്രിസ്തുമതത്തിലെ പഴയ നിയമത്തിൽ നിന്ന് ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടി രേഖപ്പെടുത്തിയ, സീനായ് പർവതത്തിൽ നിന്നും മോശ ദൈവത്തില്‍ നിന്നും നിയമങ്ങൾ സ്വീകരിക്കുന്ന സംഭവമാണ് ഇപ്പോള്‍ കണ്ടെത്തിയ പെട്ടിയില്‍ ചിത്രീകരിച്ചിരിക്കുന്നത്." പുരാവസ്തു ഗവേഷകനായ ജെറാൾഡ് ഗ്രാബെർ പറയുന്നു.
'അവസാനത്തെ അത്താഴം'; ആകാശത്ത് വച്ച് ഡിന്നർ കഴിക്കുന്ന വീഡിയോയെ വിമർശിച്ച് സോഷ്യൽ മീഡിയ
1500 വര്‍ഷം പഴക്കമുള്ള ഏതാണ്ട് ദുര്‍ബലാവസ്ഥയിലുള്ള ഒരു ആനക്കൊമ്പിന്‍റെ പെട്ടിയാണ് ലഭിച്ചത്. ഇത് ഇൻസ്ബ്രൂക്ക് സർവകലാശാലയിലേക്ക് കൂടുതല്‍ പഠനത്തിനായി മാറ്റി. റോമന്‍ സാമ്രാജ്യത്തിന്‍റെ അവസാനകാലത്ത്, ഓസ്ട്രിയ അടക്കമുള്ള പ്രദേശങ്ങള്‍ തികച്ചും അനിശ്ചതമായ അവസ്ഥയിലൂടെ കടന്ന് പോവുകയായിരുന്നുവെന്നും പുതിയ കണ്ടെത്തല്‍ ആദ്യകാല ക്രിസ്ത്യൻ പുരാവസ്തുക്കളുടെ പ്രാധാന്യത്തെയും പ്രദേശത്തിന് അക്കാലത്ത് ഉണ്ടായിരുന്ന പ്രധാന്യത്തെയും കാണിക്കുന്നെന്നും ഗ്രാബെർ ചൂണ്ടിക്കാണിച്ചു. ചരിത്രത്തിലെ പരിവർത്തന കാലഘട്ടത്തിലെ മതപരമായ ആചാരങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും പുതിയ കണ്ടെത്തല്‍ വെളിച്ചം വീശുന്നു. ഓസ്ട്രിയയുടെ പുരാതന ക്രിസ്ത്യൻ പൈതൃകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതിലൂടെ കണ്ടെത്താന്‍ കഴിയുമെന്നും ഇതിനായി കൂടുതല്‍ ഖനന പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് നടത്തേണ്ടതുണ്ടെന്നും ഇൻസ്ബ്രൂക്ക് സർവകലാശാല അറിയിച്ചു.