പഠിക്കാൻ 15 മിനിറ്റ്, വഴക്കടിക്കാൻ മൂന്ന് മണിക്കൂർ, സോഷ്യൽമീഡിയയെ ചിരിപ്പിച്ച് ആറുവയസുകാരന്റെ ടൈംടേബിൾ
തന്റെ ആറ് വയസുള്ള കസിൻ തയ്യാറാക്കിയതാണ് ടൈം ടേബിൾ എന്ന് പറഞ്ഞുകൊണ്ടാണ് ഇതിന്റെ ചിത്രം ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. സംഗതി പഠിക്കാൻ ആകെ 15 മിനിറ്റാണ് വിരുതൻ ടൈംടേബിളിൽ എഴുതിയിരിക്കുന്നത്. 2.30 മുതൽ 2.45 വരെ. എന്നാൽ, വഴക്ക് കൂടാൻ 11.30 മുതൽ 2.30 വരെ സമയം കൊടുത്തിട്ടുണ്ട്.
കുട്ടികളെ നോക്കുക എന്നത് അത്ര ചെറിയ പണിയല്ല. പ്രത്യേകിച്ചും ഒരു വീട്ടിൽ ഒന്നിലധികം കുട്ടികളുണ്ട് എങ്കിൽ. ഒരാൾ ചെയ്യുന്ന വികൃതിത്തരം പോരാഞ്ഞിട്ട് സഹോദരങ്ങൾ തമ്മിലുള്ള അടിയും വഴക്കും വേറെ കാണും. അത് പരിഹരിക്കാനും വീട്ടിലുള്ള മുതിർന്നവരുടെ കണ്ണും കയ്യും എത്തേണ്ടി വരും. എന്നാൽ, സംഗതി വികൃതിയൊക്കെയാണ് എങ്കിലും അച്ഛനമ്മമാർ പറഞ്ഞാൽ ചില കോംപ്രമൈസിനൊക്കെ കുഞ്ഞുങ്ങൾ തയ്യാറാവും. ഉദാഹരണത്തിന് ഒരു മണിക്കൂർ പഠിച്ചാൽ അര മണിക്കൂർ ടിവി കാണാം എന്ന് പറഞ്ഞാൽ അവരത് സമ്മതിക്കും.
അതുപോലെ ഒരു കുട്ടിയുടെ ടൈംടേബിളാണ് ഇപ്പോൾ ഇവിടെ വൈറലാവുന്നത്. ആറ് വയസുകാരൻ മൊഹിദിന്റെ ടൈംടേബിളാണ് അങ്ങനെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ടൈംടേബിൾ തയ്യാറാക്കിയത് ആള് തന്നെയാണ് കേട്ടോ. @Laiiiibaaaa -യാണ് ടൈംടേബിൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതിലിപ്പോ എന്താ ഒരു കുട്ടിയുടെ ടൈംടേബിളല്ലേ എന്നാണോ ആലോചിക്കുന്നത്? എന്നാൽ, ഈ ടൈംടേബിളിൽ അൽപം രസരകമായ ഒരു കാര്യം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അതെന്താണ് എന്നോ? കുട്ടിക്ക് വഴക്ക് കൂടാനുള്ള സമയം കൂടി കൃത്യമായി അതിൽ ചേർത്തിട്ടുണ്ട്.
തന്റെ ആറ് വയസുള്ള കസിൻ തയ്യാറാക്കിയതാണ് ടൈം ടേബിൾ എന്ന് പറഞ്ഞുകൊണ്ടാണ് ഇതിന്റെ ചിത്രം ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. സംഗതി പഠിക്കാൻ ആകെ 15 മിനിറ്റാണ് വിരുതൻ ടൈംടേബിളിൽ എഴുതിയിരിക്കുന്നത്. 2.30 മുതൽ 2.45 വരെ. എന്നാൽ, വഴക്ക് കൂടാൻ 11.30 മുതൽ 2.30 വരെ സമയം കൊടുത്തിട്ടുണ്ട്. അതുപോലെ തായ അബ്ബുവിന്റെ വീട്ടിൽ നിന്നും മാങ്ങ കഴിക്കാനും കൊടുത്തിട്ടുണ്ട് അര മണിക്കൂർ.
ഏതായാലും സോഷ്യൽ മീഡിയയെ ഈ ടൈംടേബിൾ കുറേ ചിരിപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? എത്ര സത്യസന്ധമായ ടൈംടേബിൾ എന്നാണ് പലരുടേയും അഭിപ്രായം.