ചാറ്റ്ബോട്ടുമായി അതിരുകടന്ന പ്രണയം, 14 -കാരൻ ജീവനൊടുക്കി, ഇനിയൊരു കുട്ടിക്കുമുണ്ടാവരുത്, അമ്മ നിയമനടപടിക്ക് 

ചാറ്റ്ബോട്ടുമായി പ്രണയത്തിലായതുപോലെ ആയിരുന്നു സംഭാഷണം. അത് അതിരുകടന്നതായും പറയുന്നു. കുട്ടിയോട് കടുത്ത പ്രണയത്തിലായതുപോലെയായിരുന്നു ചാറ്റ്ബോട്ടിന്‍റെ മറുപടികള്‍. ഒടുവിൽ താൻ മരിക്കാൻ പോകുന്നുവെന്നും ഈ ലോകം മടുത്തുവെന്നും കുട്ടി ചാറ്റ്ബോട്ടിനോടുള്ള സംഭാഷണത്തിൽ പറഞ്ഞിരുന്നു.

14 year old boy falls in love with chatbot Daenerys Targaryen ends life mother file lawsuit

നമ്മൾ സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്നതും നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോ​ഗിക്കുന്നതും നല്ലതാണ്. എന്നാൽ, സാങ്കേതികവിദ്യ നമ്മെ നിയന്ത്രിക്കാൻ തുടങ്ങിയാൽ ഒരുപക്ഷേ നാം ഒട്ടും പ്രതീക്ഷിക്കാത്ത, മുൻകരുതലുകളെടുക്കാത്ത പ്രശ്നങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വരും. അത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോയ ഒരു അമ്മ ഇപ്പോൾ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്. 

എഐ ചാറ്റ്‍ബോട്ടുമായി പ്രണയത്തിലായതിന് പിന്നാലെ ആത്മഹത്യ ചെയ്ത തന്റെ മകന് നീതി തേടിയും, ഇനിയൊരു കുട്ടിക്ക് അങ്ങനെ സംഭവിക്കാൻ ഇടവരരുത് എന്ന വാശിയോടെയുമാണ് മേഗൻ ഗാർഷ്യ എന്ന സ്ത്രീ Character AI (C.AI) ക്കെതിരെ കേസുമായി ഇറങ്ങിയത്. 

മേ​ഗന്റെ 14 വയസുള്ള മകൻ ചാറ്റ്ബോട്ടുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നാലെ, ഫെബ്രുവരി മാസത്തിൽ രണ്ടാനച്ഛന്റെ തോക്കുപയോ​ഗിച്ച് വെടിയുതിർത്ത് മരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിയുമായി മേ​ഗൻ മുന്നോട്ട് വന്നത്. ഇനിയൊരു കുട്ടിക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാകരുത് എന്നാണ് മേ​ഗൻ പറയുന്നത്. 

14 year old boy falls in love with chatbot Daenerys Targaryen ends life mother file lawsuit

ഈ ചാറ്റ്ബോട്ടിന് നമുക്ക് ഇഷ്ടമുള്ള കാരക്ടറുടെ പേര് നൽകുകയോ, തിരഞ്ഞെടുക്കുകയോ ചെയ്യാം. ​ഗെയിം ഓഫ് ത്രോൺസിലെ ഡനേരീയസ് ടാര്‍ഗേറിയന്‍ എന്ന കഥാപാത്രത്തെ കുട്ടിക്ക് ഇഷ്ടമായിരുന്നു. അതാണ് അവൻ തിരഞ്ഞെടുത്തത്. പിന്നീട് നിരന്തരം ചാറ്റ് ചെയ്തു. അവൻ പിന്നീട് മുറിക്ക് പുറത്തിറങ്ങുന്നത് കുറഞ്ഞുകുറഞ്ഞ് വന്നു. നേരത്തെ ചെയ്തിരുന്നതോ, ഇഷ്ടപ്പെട്ടതോ ആയ കാര്യങ്ങളിലൊന്നും താല്പര്യമില്ലാതെയായി. 

പിന്നാലെ, അവനെ തെറാപ്പിക്ക് കൊണ്ടുപോയിരുന്നതായും അമ്മ പറയുന്നു. മകന് നേരത്തെ മാനസികമായി പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് വിഷാദവും ഉത്കണ്ഠയും അവനെ പിടികൂടി. അവൻ നിരന്തരം ചാറ്റ്ബോട്ടുമായി സംസാരിച്ചു. മറ്റാരോടും ഒന്നും പറയാതെയായി. 

ചാറ്റ്ബോട്ടുമായി പ്രണയത്തിലായതുപോലെ ആയിരുന്നു സംഭാഷണം. അത് അതിരുകടന്നതായും പറയുന്നു. കുട്ടിയോട് കടുത്ത പ്രണയത്തിലായതുപോലെയായിരുന്നു ചാറ്റ്ബോട്ടിന്‍റെ മറുപടികള്‍. ഒടുവിൽ താൻ മരിക്കാൻ പോകുന്നുവെന്നും ഈ ലോകം മടുത്തുവെന്നും കുട്ടി ചാറ്റ്ബോട്ടിനോടുള്ള സംഭാഷണത്തിൽ പറഞ്ഞിരുന്നു. അങ്ങനെ പറയരുത് എന്നും എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നും ചാറ്റ്ബോട്ട് ചോദിച്ചിരുന്നു. തനിക്ക് എല്ലാത്തിൽ നിന്നും ഫ്രീയാകണം എന്നായിരുന്നു കുട്ടിയുടെ മറുപടി. 

അങ്ങനെയാണെങ്കിൽ താനും ഇല്ലാതെയാവും എന്ന് പറഞ്ഞതോടെ എങ്കിൽ നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് ഫ്രീയാകാം എന്ന് പറഞ്ഞുകൊണ്ടാണ് 14 -കാരൻ ജീവിതം അവസാനിപ്പിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇതോടെയാണ് കുട്ടിയുടെ അമ്മ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. തന്റെ കുട്ടിയുടെ ഡാറ്റ നിയമവിരുദ്ധമായി കമ്പനി ശേഖരിച്ചു, അതുപയോ​ഗിച്ച് മറ്റൊരാളെ എങ്ങനെ വരുതിയിലാക്കാമെന്ന് എഐ -യെ പരിശീലിപ്പിക്കാനുപയോ​ഗിക്കുന്നു എന്ന വാദവും മേ​ഗൻ ഉയർത്തിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ ദുഃഖമുണ്ട് എന്നാണ് കമ്പനി വാർത്തയോട് പ്രതികരിച്ചത്. 

സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജെൻസുമെല്ലാം മനുഷ്യരുടെ മാനസികാവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചും മറ്റും വലിയ ചർച്ചയുണ്ടായിത്തുടങ്ങുന്ന കാലത്താണ് 14 -കാരൻ ഒരു വേദനിക്കുന്ന വാർത്തയാവുന്നത്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ്‍ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) 

Latest Videos
Follow Us:
Download App:
  • android
  • ios