ഒന്നും രണ്ടുമല്ല, കണ്ടെത്തിയത് സ്വർണ്ണ നാവും നഖങ്ങളുമുള്ള 13 ഈജിപ്ഷ്യൻ മമ്മികൾ
ദൈവങ്ങളുമായി ബന്ധപ്പെടുത്തിയാണ് സ്വര്‍ണ്ണ നാവുകളും സ്വര്‍ണ്ണ നഖങ്ങളും മമ്മികളോടൊപ്പം അടക്കം ചെയ്തതെന്നാണ് പുരാവസ്തു ഗവേഷകരുടെ അനുമാനം.
ആയിരക്കണക്കിന് നൂണ്ടാറ്റുകള്‍ക്ക് മുമ്പ് മറവ് ചെയ്യപ്പെട്ട ഈജിപ്ഷ്യൻ മമ്മികൾ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കാലത്തും നമ്മെ അത്ഭുതപ്പെടുത്തുകയാണ്. ഇതിന് മുമ്പും നിരവധി അമൂല്യമായ പുരാവസ്തുക്കള്‍ കണ്ടെടുത്തിട്ടുള്ള ഈജിപ്തിലെ ഓക്സിറിഞ്ചസ് എന്ന പുരാവസ്തു ഖനന പ്രദേശത്ത് നിന്നാണ് സ്വർണ്ണ നാവും നഖങ്ങളുമുള്ള 13 ഈജിപ്ഷ്യന്‍ മമ്മികളെയും കണ്ടെത്തിയത്. ഓക്സിറിഞ്ചസ് പുരാതന ഈജിപ്തിലെ സമ്പന്നരുടെ ശ്മശാനമായിരുന്നെന്ന് കരുതപ്പെടുന്നു. നേരത്തെ ഖനനം നടന്ന് കൊണ്ടിരിക്കുന്ന ഭാഗത്ത് വീണ്ടും ഖനനം ആരംഭിച്ചപ്പോളാണ് പുതിയ കണ്ടെത്തല്‍. ഇതോടൊപ്പം നിരവധി ചുമർ ചിത്രങ്ങളും പ്രദേശത്ത് നിന്നും കണ്ടെത്തി. ഒപ്പം ഡസൻ കണക്കിന് മമ്മികൾ സൂക്ഷിക്കുന്ന മൂന്ന് അറകളുള്ള ഒരു ഹാളും കണ്ടെത്തി.
ഇപ്പോള്‍ ലഭിച്ച മമ്മികള്‍ ടോളമൈക്ക് കാലഘട്ടത്തിലേതാണ്. ഏകദേശം ബിസി 304 മുതൽ ബിസി 30 വരെ പഴക്കമുള്ളവയാണ് ഇവ. ഈ കാലഘട്ടത്തിൽ മഹാനായ അലക്സാണ്ടറിന്‍റെ ജനറൽമാരിൽ ഒരാളുടെ പിന്തുടര്‍ച്ചക്കാരാണ് ഈജിപ്ത് ഭരിച്ചിരുന്നതെന്ന് ഈജിപ്ഷ്യൻ ടൂറിസം, പുരാവസ്തു മന്ത്രാലയങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനകളില്‍ പറയുന്നു. ഇതേ പ്രദേശത്ത് നിന്നും പുരാവസ്തു ഗവേഷകര്‍ക്ക് നേരത്തെ 16 സ്വർണ്ണ നാവുകൾ ലഭിച്ചിരുന്നു. ഓക്സിറിഞ്ചസിലെ സ്പാനിഷ്-ഈജിപ്ഷ്യൻ പുരാവസ്തു ദൗത്യ സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിലും.
1,800 വർഷം പഴക്കമുള്ള വെള്ളി 'മന്ത്രത്തകിട്' ക്രിസ്തുമത ചരിത്രം തിരുത്തി എഴുതുമോ?
കേരളത്തില്‍ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ബൗദ്ധ - ജൈന മതങ്ങള്‍ക്ക് പിന്നീടെന്താണ് സംഭവിച്ചത്?
ഈജിപ്തുകാർ തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ടാണ് സ്വർണ്ണ നാവോട് കൂടി മമ്മികളെ അടക്കം ചെയ്തിരുന്നത്. സ്വർണ്ണം 'ദൈവങ്ങളുടെ മാംസം' ആണെന്നായിരുന്നു ഈജിപ്തുകാര്‍ കരുതിയിരുന്നത്. ഇതിനാല്‍ തന്നെ സ്വര്‍ണ്ണ നാവുകള്‍, മരണാനന്തര ജീവിതത്തിൽ മരിച്ചവരെ സംസാരിക്കാൻ സഹായിക്കുമെന്നും പുരാതന ഈജിപ്തുകാർ വിശ്വസിച്ചു. പുതിയ കണ്ടെത്തലോടെ ഈ പ്രദേശത്ത് അക്കാലത്തെ പ്രധാനപ്പെട്ട എംബാമിംഗ് ഹൌസ് നിലനിന്നിരിക്കാമെന്നും മൃതദേഹങ്ങൾ ക്ഷേത്രവുമായും പ്രദേശത്ത് വ്യാപിച്ചിരുന്ന മൃഗ ആരാധനകളുമായി അക്കാലത്ത് ബന്ധം പുലര്‍ത്തിയിരുന്ന ഉയർന്ന വരേണ്യ വർഗത്തിന്‍റേതായിരിക്കാമെന്നും പുരാവസ്തു ഗവേഷകര്‍ അനുമാനിക്കുന്നു.
13 സ്വർണ്ണ നാവുകളോടൊപ്പം 29 മന്ത്രത്തകിടുകളും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ചില മന്ത്രത്തകിടുകൾ വണ്ടുകളുടെ ആകൃതിയിലാണ്. പുരാതന ഈജിപ്തുകാർ വണ്ടുകളെ ആകാശത്തിലൂടെയുള്ള സൂര്യന്‍റെ ചലനവുമായി ബന്ധപ്പെടുത്തിയിരുന്നു. ഒപ്പം ഹോറസ്, തോത്ത്, ഐസിസ് എന്നിങ്ങനെയുള്ള ഈജിപ്ഷ്യൻ ദേവതകളുടെ ആകൃതിയിലാണ് മറ്റ് മന്ത്രത്തകിടുകള്‍ നിർമ്മിച്ചിരിക്കുന്നത്. ചിലത് ഒന്നിലധികം ദേവതകളെ കൂട്ടിച്ചേര്‍ത്ത് നിർമ്മിച്ചവയാണ്. ഇതോടൊപ്പം ചില ചുവര്‍ ചിത്രങ്ങളും കണ്ടെത്തി. ഇതില്‍ വെന്‍-നെഫർ എന്ന ശവകുടീരത്തിന്‍റെ ഉടമയെ നിരവധി പുരാതന ഈജിപ്ഷ്യന്‍ ദേവതകള്‍ അനുഗമിക്കുന്ന രീതിയിലാണ് വരച്ചിരിക്കുന്നത്. മറ്റൊരു ചിത്രത്തില്‍ ഈജിപ്ഷ്യന്‍ ആകാശ ദേവതയായ നട്ടിന്‍റെ ചിത്രവുമുണ്ട്. ഒപ്പം, ഒന്നിലധികം ദേവതകള്‍ കയറിയ നീണ്ട വഞ്ചിയുടെ ചിത്രവും കണ്ടെത്തി. കണ്ടെത്തിയ ചിത്രങ്ങൾ മികച്ച ഗുണനിലവാരമുള്ളവയാണ്. അവയില്‍ ഉപയോഗിച്ച് നിറങ്ങള്‍ക്ക് പോലും കാര്യമായ മങ്ങലേറ്റിട്ടില്ലെന്നും ലൈഫ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.