ശ്ശെടാ, ഒരാൾ ടോയ്‍ലെറ്റിൽ പോയതാണ്, 125 ട്രെയിനുകൾ വൈകി, വിശദീകരണവുമായി അധികൃതരും

മൊത്തം 125 ട്രെയിനുകളാണത്രെ വൈകിയത്. ചിലതെല്ലാം 20 മിനിറ്റ് വരെ വൈകി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

125 trains were delayed in South Korea after the operator went to the toilet

അടുത്തിടെ സിയോളിൽ ഒരു അസാധാരണമായ സംഭവം നടന്നു. ഒരാൾ‌ ടോയ്‍ലെറ്റിൽ പോവാൻ കുറച്ച് മിനിറ്റുകൾ എടുത്തത് 125 ട്രെയിനുകൾ വൈകുന്നതിന് കാരണമായി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ സിയോളിലെ ലൈൻ ടുവിലാണ് സംഭവമുണ്ടായത്. 

ഒരു സർക്കുലർ ലൈൻ ട്രെയിനിലെ ഓപ്പറേറ്റർ അടിയന്തിരമായി ടോയ്‍ലെറ്റിൽ പോകുന്നതിന് വേണ്ടി ബ്രേക്കെടുത്തതോടെയാണ് ഈ മുഴുവൻ ട്രെയിനുകളും വൈകിയത്. റെസ്റ്റ്‍റൂമിൽ പോകുന്നതിന് വേണ്ടി ഒരു സ്റ്റേഷനിലാണ് വണ്ടി നിർത്തിയത്. റെസ്റ്റ്റൂം അടുത്ത നിലയിലായതിനാൽ തന്നെ ഇയാൾ പോയി വരുന്നതിന് വേണ്ടി നാല് മിനിറ്റും 16 സെക്കന്റുമാണത്രെ എടുത്തത്. 

എന്നാൽ, ഇതോടെ പല ട്രെയിനുകളുടെയും ഷെഡ്യൂൾ പുനഃക്രമീകരിക്കേണ്ടി വന്നു. അങ്ങനെയാണ് ഈ ട്രെയിനുകളെല്ലാം വൈകിയത്. മൊത്തം 125 ട്രെയിനുകളാണത്രെ വൈകിയത്. ചിലതെല്ലാം 20 മിനിറ്റ് വരെ വൈകി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സർക്കുലർ ലൈനുകളിലെ ട്രെയിൻ ഓപ്പറേറ്റർമാർ സാധാരണയായി രണ്ടോ മൂന്നോ മണിക്കൂർ ഇടവേളകളില്ലാതെയാണ് പ്രവർത്തിക്കുന്നത്. 

അടിയന്തിര സാഹചര്യങ്ങളിൽ പോർട്ടബിൾ ടോയ്‌ലറ്റുകൾ ലഭ്യമാണെങ്കിലും, ഓപ്പറേറ്റർമാർ മിക്കവാറും പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വളരെ അകലെയുള്ള വിശ്രമമുറികളെയാണ് ആശ്രയിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. 

എന്തായാലും, ട്രെയിനുകൾ വൈകിയെങ്കിലും യാത്രക്കാർക്ക് വലിയ പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സാധിച്ചു എന്നാണ് അധികൃതർ പറയുന്നത്. അതേസമയം, കൊറിയയിലെ പൊതു​ഗതാ​ഗത മേഖലയിലെ തൊഴിലാളികൾ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് എന്ന് കാണിച്ചുകൊണ്ട് വലിയ പ്രതിഷേധം നേരത്തെ തന്നെ ദക്ഷിണ കൊറിയയിൽ ഉയരുന്നുണ്ട്. 

എന്തായാലും, ഇന്ത്യയിലുള്ളവർക്ക് 20 മിനിറ്റ് ട്രെയിൻ വൈകി എന്നതൊന്നും ഒരു വാർത്തയേ ആയിരിക്കില്ല അല്ലേ? 

ഹോട്ടലുകളിൽ മുറിയെടുക്കും, കോണ്ടവും മുടിയിഴകളും ചത്ത പാറ്റയേയും കൊണ്ടിടും, പണം തട്ടിയ യുവാവ് അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios