പാതിരാത്രി ഫ്രണ്ട്സിനെ കാണാനിറങ്ങി, 'ഡെയ്‍ഞ്ചറസ് ഡ്രൈവറെ' പിടികൂടാൻ പൊലീസ്, ആളെക്കണ്ടപ്പോൾ ഞെട്ടി, 103 -കാരി
പുലർച്ചെ ഒരു മണിയോടെയായിരുന്നു കാറുമെടുത്ത് മുത്തശ്ശി കൂട്ടുകാരെ കാണാനിറങ്ങിയത്. ഈ സമയം റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരാണ് പൊലീസിൽ വിവരമറിയിച്ചത്.
ഇറ്റാലിയൻ നഗരമായ ഫെറാറയ്ക്ക് സമീപമുള്ള ബോണ്ടെനോ നഗരത്തിൽ ഒരാൾ "അപകടകരമായി വാഹനമോടിക്കുന്നതായി" അറിയിച്ചുകൊണ്ട് ഒരു കോൾ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചു. ആളെ പിടികൂടാനായി അവിടേയ്ക്ക് ഓടിയെത്തിയ പൊലീസ് ഡെയിഞ്ചറസ് ഡ്രൈവറെ കണ്ട് ഞെട്ടി.
103 -കാരിയായ ഒരു മുത്തശ്ശി ആയിരുന്നു ആ പ്രശ്നക്കാരി ഡ്രൈവർ. തന്റെ സുഹൃത്തുക്കളെക്കാണാൻ വണ്ടിയെടുത്ത് ഇറങ്ങിയതായിരുന്നു കക്ഷി. പൊലീസിനെ കണ്ടതും തന്റെ ഡ്രൈവിങ്ങ് ലൈസൻസ് എടുത്തങ്ങ് വീശി മുത്തശ്ശി. അതുവാങ്ങി പരിശോധിച്ചപ്പോഴല്ലെ അതിലും രസം, ലൈസൻസിന്റെ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങളായിരുന്നു. ഏതായാലും മുത്തശ്ശിയെ പിടികൂടി പിഴയും ചുമത്തി കർശന നിർദ്ദശവും നൽകിയാണ് പൊലീസ് വീട്ടിൽ കൊണ്ടുചെന്നാക്കിയത്.
ജിയോസ് എന്നറിയപ്പെടുന്ന ഗ്യൂസെപ്പിന മോളിനാരി എന്ന മുത്തശ്ശിയാണ് ഈ കഥയിലെ നായിക. 1920 ൽ ജനിച്ച ഇവർക്കിപ്പോൾ 103 വയസ്സുണ്ട്. പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെയായിരുന്നു കാറുമെടുത്ത് മുത്തശ്ശി കൂട്ടുകാരെ കാണാനിറങ്ങിയത്. ഈ സമയം റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരാണ് പൊലീസിൽ വിവരമറിയിച്ചത്. "103 വയസ്സുണ്ടെങ്കിലും ഇവർക്ക് ഇപ്പോഴും കാറിൽ കയറാനും സുഹൃത്തുക്കളെ കാണാൻ ബോണ്ടെനോയിലേക്ക് ഡ്രൈവ് ചെയ്യാനും കഴിവുണ്ടെന്നാണ് പോലീസ് പ്രസ്താവനയിൽ പറയുന്നത്.
ഒരുപക്ഷേ ഇരുട്ടിൽ അവർക്ക് വഴിതെറ്റിയതോടെ പരിഭ്രാന്തയായതാകാം പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. രണ്ട് വർഷം മുമ്പ് ഇവരുടെ ലൈസൻസ് കാലാവധി തീർന്നതായി പൊലീസ് പറഞ്ഞു. ഇറ്റലിയിൽ, 80 വയസ്സിന് മുകളിലുള്ള ഒരാൾക്ക് രണ്ട് വർഷത്തിലൊരിക്കൽ വൈദ്യപരിശോധന ആവശ്യമാണ്. അതിനുശേഷം മാത്രമേ ലൈസൻസ് പുതുക്കാൻ കഴിയൂ.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കൂട്ടുകാരുമായുള്ള കൂടിക്കാഴ്ച വേണ്ടന്നുവെക്കാൻ ജിയോസ് മുത്തശ്ശി തയാറല്ല. സ്വന്തമായി ഇനി യാത്രകൾക്ക് ഇറ്റാലിയൻ സ്കൂട്ടറായ വെസ്പ മേടിക്കാനാണ് മുത്തശ്ശിയുടെ തീരുമാനം. സ്കൂട്ടർ വാങ്ങും വരെ യാത്ര ചെയ്യാൻ ഒരു സൈക്കിൾ മേടിക്കുമെന്നും ഈ മുത്തശ്ശി പറയുന്നു. സംഭവം വാർത്തയായതോടെ മുത്തശ്ശി ഒരു ഹീറോ ആയി മാറിക്കഴിഞ്ഞു, ഫെറാറ മേയറായ അലൻ ഫാബ്രി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത് പിഴ ഈടാക്കുന്നതിന് പകരം ഞാൻ ജിയോസിന് ഒരു മെഡൽ സമ്മാനിക്കും എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം