ആമസോണില്‍ മഴ കുറഞ്ഞു, നദികള്‍ വറ്റിത്തുടങ്ങിയപ്പോള്‍ ഉയര്‍ന്ന് വന്നത് 1000 വര്‍ഷം പഴക്കമുള്ള ചരിത്രം !
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മഴ കുറയുകയും ആമസോണ്‍ നദിയുടെ കൈവഴികള്‍ വറ്റിത്തുടങ്ങികയും ചെയ്തപ്പോഴാണ് 1000 വര്‍ഷം പഴക്കമുള്ള മനുഷ്യമുഖങ്ങളുടെ രൂപങ്ങള്‍ വെളിപ്പെട്ടത്.
കാലാവസ്ഥാ വ്യതിയാനം ബ്രസീലിലില്‍ അസാധാരണമായ രീതിയില്‍ വരള്‍ച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആമസോണ്‍ നദിയുടെ കൈവഴികളായ നദികളില്‍ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാണ്. ജലനിരപ്പിലെ ഈ അസാധാരണമായ ഇടിവ് പക്ഷേ, ചില ചരിത്രാവശിഷ്ടങ്ങള്‍ പുറത്ത് കൊണ്ടുവന്നു. ഏതാണ്ട് ആയിരം വര്‍ഷം മുമ്പ് പണിതീര്‍ത്ത ചില ശില്പങ്ങളാണ് ഇപ്പോള്‍ വെളിച്ചം കണ്ടത്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ജലത്തിനടിയിലായിരുന്ന പാറകളില്‍ പണി തീര്‍ത്ത മനുഷ്യ മുഖങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ ശില്പങ്ങളും ശിലാ രൂപങ്ങളുമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ വൈവിധ്യമാര്‍ന്ന ശിലാരൂപങ്ങള്‍ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം വടക്കൻ ആമസോണിലെ മഴയുടെ അളവ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ശരാശരി അളവിനെക്കാള്‍ വളരെ താഴെയാണ്. ഇതോടെ നദികളിലെ ജലത്തിന്‍റെ അളവ് റെക്കോർഡ് നിലവാരത്തിലേക്ക് താഴാനും കാരണമായി.
വടക്കൻ ബ്രസീലിലെ മനാസ് നഗരത്തിലാണ് പുതിയ കണ്ടെത്തൽ. റിയോ നീഗ്രോയും സോളിമോസ് നദിയും ആമസോണിലേക്ക് ഒഴുകുന്ന സ്ഥലത്തിനടുത്തുള്ള പോണ്ട ദാസ് ലാജസ് എന്നറിയപ്പെടുന്ന തീരത്ത് നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. കൊളംബിയൻ കാലഘട്ടത്തിന് മുമ്പുള്ള കാലത്ത് ഈ പ്രദേശത്ത് താമസിച്ചിരുന്ന ശില്പികളാവാം ഇവയുടെ സൃഷ്ടാക്കള്‍ എന്ന് കരുതുന്നുവെന്ന് പുരാവസ്തു ഗവേഷകനായ ജെയ്ം ഒലിവേര പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 1,000 മുതൽ 2,000 വർഷം വരെ പഴക്കമുള്ള അധിനിവേശത്തിന്‍റെ തെളിവുകളുള്ള ഈ പ്രദേശം കൊളോണിയൽ കാലത്തിന് മുമ്പ് തന്നെ ശക്തമായ ജനവാസമുണ്ടായിരുന്ന പ്രദേശമാണ്.
"നാം ഇവിടെ കാണുന്നത് നരവംശ രൂപങ്ങളുടെ പ്രതിനിധാനങ്ങളാണ്." ജെയ്ം ഒലിവേര ചൂണ്ടിക്കാട്ടി. സമീപത്തെ മറ്റൊരു പാറയിൽ തദ്ദേശവാസികൾ തങ്ങളുടെ അമ്പുകൾ അടക്കമുള്ള ആയുധങ്ങള്‍ക്ക് മൂർച്ച കൂട്ടാൻ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന ചില അടയാളങ്ങളും കണ്ടെത്തി. 2010 ൽ റിയോ നീഗ്രോയുടെ ജലനിരപ്പ് 13.63 മീറ്ററായി (44.7 അടി) താഴ്ന്നപ്പോഴാണ് ഇത്തരം ശിലാ രൂപങ്ങള്‍ അവസാനമായി കണ്ടത്. കഴിഞ്ഞ ഞായറാഴ്ച നദിയുടെ ജലനിരപ്പ് ആദ്യമായി 13 മീറ്ററിൽ താഴെയായി കുറഞ്ഞു, തിങ്കളാഴ്ച അത് 12.89 മീറ്ററായി കുറഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനവും കടലിനെ ചൂട് പിടിപ്പിക്കുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസവുമാണ് വരൾച്ചയ്ക്ക് കാരണമെന്ന് ബ്രസീലിയൻ സർക്കാർ പറയുന്നു,