ബാങ്കേക്കില്‍ നിന്ന് ബെംഗളൂരുവിലേക്ക്, ബാഗിലൊളിപ്പിച്ച് കടത്തിയത് 10 മഞ്ഞ അനക്കോണ്ടകളെ; ഒടുവില്‍ പിടിയില്‍
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയ മൃഗമല്ല അനാക്കോണ്ടകള്‍. ഇത്തരം വിദേശ ഇനം മൃഗങ്ങളെ രാജ്യത്ത് വളര്‍ത്തുന്നതിന് നിയമപരമായ തടസങ്ങളുണ്ട്.
ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാങ്കോങില്‍ നിന്നും എത്തിയ ഒരു ബാഗേജില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് 10 മഞ്ഞ അനാക്കോണ്ടകളെ. ബംഗളൂരു കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് എക്സില്‍ അനാക്കോണ്ടകളുടെ ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 'ബാങ്കോക്കിൽ നിന്ന് എത്തിയ ഒരു പാക്കേജിൽ ചെക്ക്-ഇൻ ബാഗിൽ ഒളിപ്പിച്ച് 10 മഞ്ഞ അനക്കോണ്ടകൾ കടത്താനുള്ള ശ്രമം തടഞ്ഞു. കുറ്റവാളിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്. വന്യജീവി കടത്ത് വെച്ചുപൊറുപ്പിക്കില്ല.'
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയ മൃഗമല്ല അനാക്കോണ്ടകള്‍. ഇത്തരം വിദേശ ഇനം മൃഗങ്ങളെ രാജ്യത്ത് വളര്‍ത്തുന്നതിന് നിയമപരമായ തടസങ്ങളുണ്ട്. പരാഗ്വേ, ബൊളീവിയ, വടക്കുകിഴക്കൻ അർജൻ്റീന, വടക്കൻ ഉറുഗ്വേ എന്നിവിടങ്ങളിൽ മാത്രം കാണപ്പെടുന്ന അനാക്കോണ്ടകളെയാണ് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ചത്. അനധികൃതമായ വില്പനയ്ക്കും തോലിനുമായി അനക്കോണ്ടകളുടെ അനധികൃത വ്യാപാരം ഇപ്പോഴും നടക്കുന്നു. കസ്റ്റംസിന്‍റെ കുറിപ്പിന് താഴെ ഒരു സാമൂഹിക മാധ്യമ ഉപയോക്താവ് എഴുതിയ കുറിപ്പ് പെട്ടെന്ന് വൈറലായി.
'എന്തുകൊണ്ടാണ് ഇവയെ എയർപോർട്ട് ബോർഡിംഗില്‍ വച്ച് കണ്ടെത്താത്തത് എന്ന പ്രധാനപ്പെട്ടൊരു ചോദ്യം എപ്പോഴും എന്‍റെ മനസിലുണ്ടാകം. നിരോധിത വസ്തുക്കള്‍ കടത്തുന്നതില്‍ അവിടുത്തെ ഉദ്യോഗസ്ഥരും പങ്കാളികളാണോ?' നരസിംഹ പ്രകാശിന്‍റെ കുറിപ്പ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നേരത്തെയും അനധികൃത മൃഗ കടത്തുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2023 ല്‍ മൂന്ന് പേരെ 14 ഉരഗങ്ങളുമായി കടക്കുമ്പോള്‍ പിടികൂടിയിരുന്നു. പിടികൂടിയ മൃഗങ്ങളെ കർണ്ണാടക വനംവകുപ്പിന് കൈമാറി. അറസ്റ്റിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ ബെംഗളൂരുവിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഫാംഹൗസില്‍ നിന്ന് അനക്കോണ്ടകൾ, കുരങ്ങുകൾ, വിവിധയിനം വിദേശ പക്ഷികൾ എന്നിവയുൾപ്പെടെ 139 വന്യമൃഗങ്ങളെ ഉദ്യോഗസ്ഥർ കണ്ടെത്തി. അനധികൃത മൃഗക്കടത്തിന് നേത്തെ തന്നെ പ്രസിദ്ധമാണ് ബാങ്കോങ്.