തുലാമാസത്തിലെ 'പൊലിയന്ത്രം' വിളി അഥവാ തുളുനാട്ടിലെ ഓണം !

ഇന്ന്, പൊതുസംസ്കാരത്തിന്‍റെ ഭാഗമായി തുളുനാട്ടിലേക്കും ഓണാഘോഷം അധിനിവേശം നടത്തുമ്പോള്‍ പ്രദേശത്തിന്‍റെ തനത് ഓണ സങ്കല്പം പതുക്കെ പതുക്കെ അപ്രത്യക്ഷമായിത്തുടങ്ങി. എങ്കിലും ജില്ലയിലെ ഉള്‍നാടുകളില്‍ ഇന്നും ഈ ഓണാഘോഷം നടക്കുന്നു.

tulunadu Onam or onam at kasargod bkg


ണം കേരളത്തിന്‍റെ ദേശീയോത്സവമാണെന്ന് പറയുമ്പോള്‍ തന്നെ വടക്കും തെക്കും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. വടക്കെന്ന് പറയുമ്പോള്‍ കേരളത്തിന്‍റെ ഏറ്റവും വടക്കന്‍ ജില്ലയായ കാസര്‍കോട് ജില്ല ഉള്‍പ്പെടുന്ന പ്രദേശത്തെ കുറിച്ചാണ്. കേരളത്തില്‍ മറ്റ് സ്ഥലങ്ങളില്‍ ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ തന്‍റെ പ്രജകളെ കാണാനായി പാതാളത്തില്‍ നിന്നും മഹാബലി എഴുന്നള്ളുമ്പോള്‍, കാസര്‍കോട് ജില്ലയില്‍ ദീപാവലി നാളിലാണ് മഹാബലിയുടെ എഴുന്നള്ളുന്നത്. തുലാം മാസത്തിലെ കറുത്തവാവ് തൊട്ടുള്ള മൂന്ന് ദിവസങ്ങളിലാണ് ഈ സന്ദര്‍ശനം. അതും ഒരു കാര്‍ഷികോത്സവമാണ്. 

ചിങ്ങത്തിലെ തിരുവോണ നാളില്‍ നിന്നും വ്യത്യസ്തമായി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് കാസര്‍കോട് ജില്ലയുള്‍പ്പെടുന്ന തുളുനാട്ടില്‍ (കര്‍ണ്ണാടകയിലെ കുന്താപുരം തൊട്ട് കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ വരെയുള്ള പ്രദേശം) മഹാബലിയെ എതിരേല്‍ക്കുന്നത്. ചില സ്ഥലത്ത് ഒരു ദിവസമാണ് ആഘോഷമെങ്കില്‍ മറ്റിടങ്ങളില്‍ മൂന്ന് ദിവസത്തെ ആഘോഷത്തിനാണ് പ്രാധാന്യം. 'പൊലിയന്ത്രം' എന്ന പേരില്‍ നടക്കുന്ന ഈ അനുഷ്ഠാനം  നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്നു. എന്നാല്‍, പൗരാണികമായ ഈ ആചാരാനുഷ്ഠാനം മഹാബലി പൂജയാണെന്ന കാര്യം മലയാളി മറന്നെങ്കിലും ജില്ലയുടെ വടക്കന്‍ പ്രദേശത്തോട് ചേര്‍ന്ന് നില്‍‌ക്കുന്ന കര്‍ണ്ണാടകക്കാരില്‍ ഇന്നും ഈ ആചാരം 'മഹാബലി പൂജ'യായി തന്നെ ആഘോഷിക്കുന്നു. 'പൊലിയുക' അഥവാ 'ഐശ്വര്യമുണ്ടാവുക' എന്നര്‍ത്ഥത്തില്‍ വിളവെടുപ്പിന് ശേഷം നടക്കുന്ന ചടങ്ങായതിനാല്‍ ഈ ആഘോഷം ഒരു കാര്‍ഷിക ഉര്‍വരതാനുഷ്ഠാനമായിട്ടാ‍ണ് കരുതിപ്പോന്നിരുന്നത്. 

ഇന്ന്, പൊതുസംസ്കാരത്തിന്‍റെ ഭാഗമായി തുളുനാട്ടിലേക്കും ഓണാഘോഷം അധിനിവേശം നടത്തുമ്പോള്‍ പ്രദേശത്തിന്‍റെ തനത് ഓണ സങ്കല്പം പതുക്കെ പതുക്കെ അപ്രത്യക്ഷമായിത്തുടങ്ങി. എങ്കിലും ജില്ലയിലെ ഉള്‍നാടുകളില്‍ ഇന്നും ഈ ഓണാഘോഷം നടക്കുന്നു. ജാതിഭേദമോ പണ്ഡിതനെന്നോ പാമരമെന്നോ ഇല്ലാതെ എല്ലാ ജനങ്ങളും ചടങ്ങിന്‍റെ ഭാഗമാകുന്നു.  വീടുകളില്‍ മാത്രമല്ല, ക്ഷേത്രങ്ങളിലും തെയ്യക്കാവുകളിലും മറ്റ് ആരാധനാലയങ്ങളിലും 'പൊലിയന്ത്രം' വിളിയാല്‍ ഈ ദിവസങ്ങള്‍ മുഖരിതമാകുന്നു. 

ഓണത്തിന് പൂക്കളമൊരുക്കുമ്പോള്‍ തുളുനാട്ടിലെ ഓണത്തിന് തുലാമാസത്തിലെ അമാവാസി - ദീപാവലി ദിവസം ഏഴിലം‌പാലയുടെ മുമ്മൂന്ന് ശിഖിരങ്ങളുള്ള കൊമ്പുകള്‍ ശേഖരിച്ച് പറമ്പിന്‍റെ പ്രധാനമായ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നു. വീട്ടിലാണെങ്കില്‍ മുറ്റത്തും കിണറ്റിന്‍ കരയിലും തൊഴുത്തിലുമാണ് പൂക്കള്‍ കൊണ്ട് അലങ്കരിച്ച പാലക്കൊമ്പുകള്‍ സ്ഥാപിക്കുന്നത്.  പിന്നീട് ആ കൊമ്പുകള്‍ക്കിടയില്‍ ചിരട്ടത്തുണ്ടുകള്‍ ഇറക്കിവയ്ക്കുന്നു. സന്ധ്യാനാമത്തിന് ശേഷം പടിഞ്ഞാറ്റയില്‍ (ഒരു വീട്ടില്‍ ദൈവങ്ങളെ കുടിയിരുത്തിയ പ്രത്യേക പൂജാ മുറി) നിന്നും അരിയും തിരിയുമിട്ട വിളക്കും തളികയുമേന്തി കുടുംബാംഗങ്ങള്‍ വീട്ടുമുറ്റത്തേക്ക് വരുന്നു,  (കാഞ്ഞങ്ങാട്ടിന് തെക്കുള്ള പ്രദേശങ്ങളില്‍ അരിവറുത്ത് ചെറിയ കിഴികെട്ടി എണ്ണയില്‍ മുക്കി ചിരട്ടയില്‍ വച്ച് കത്തിക്കുന്ന സമ്പ്രദായമാണ് തിരിക്ക് പകരമായി ഉള്ളത്).

തിരി എണ്ണയില്‍ മുക്കി കത്തിച്ചതിന് ശേഷം ചിരട്ടയിലേക്ക് ഇറക്കിവച്ച് 'പൊലിയന്ത്രാ..., പൊലിയന്ത്രാ... അരിയോ ... അരി' ( ചിലയിടങ്ങളില്‍ ഇത് 'ഹരി ഓം ഹരി' എന്നാകും) എന്ന് മൂന്ന് പ്രാവശ്യം ഉറക്കെ വിളിക്കുന്നു. കന്നട സംസാരിക്കുന്ന ചില പ്രദേശങ്ങളില്‍ ഹരി ഓം എന്നതിന് പകരം ‘ക്ര’ എന്ന് മൂന്ന് തവണ കൂവുന്ന പതിവാണുള്ളത്. മൂന്നാം ദിവസം പൊലിയന്ത്രയെ (ബലീന്ദ്രന്‍) വിളിച്ച ശേഷം 'മേപ്പട്ട് കാലത്ത് നേരത്തെ വാ' എന്ന് കൂടി പറയും. തുളുഭാഷ സംസാരിക്കുന്നവര്‍ 'പൊസവര്‍പ്പട്ട് ബേക്ക ബല്ല' (പുതുവര്‍ഷത്തില്‍ വേഗം വാ) എന്നാണ് പറയുന്നത്. ഈ അഭ്യര്‍ഥന കാഞ്ഞങ്ങാടിന് തെക്ക് ഭാഗത്ത് ഇല്ല. 'ബലീന്ദ്ര' എന്ന വിളി കാലക്രമത്തില്‍ 'പൊലീന്ദ്ര' എന്നായി മാറിയതാകാം. വാക്കിന് രൂപഭേദം വന്നതോടെ അനുഷ്ഠാനത്തിന്‍റെ അര്‍ഥവും മലയാളികള്‍ക്ക് അന്യമായി. കന്നടക്കാര്‍ ഇപ്പോഴും 'ബലീന്ദ്രാ... ബലീന്ദ്രാ....' എന്ന് തന്നെയാണ് വിളിക്കുന്നത്.

കന്നിമാസത്തിലെ തിരുവോണം അഥവാ 28 -ാം ഓണനാളിലെ 'ഓച്ചിറ കാളവേല'

തുളുനാട്ടിലെ ശാസ്താക്ഷേത്രങ്ങളില്‍ വലിയ ഉത്സവങ്ങളായിട്ടാണ് പൊലിയന്ത്രം വിളി കാലാകാലമായി അരങ്ങേറുന്നത്. വലിയ പാലമരം മുറിച്ച് കൊണ്ടുവന്ന് ക്ഷേത്രത്തിന് സമീപം നാട്ടുന്നു. ആബാലവൃദ്ധം ജനങ്ങള്‍ ആര്‍പ്പുവിളിയോടും വാദ്യഘോഷങ്ങളോടും കൂടി ചെത്തിമിനുക്കിയ കൂറ്റന്‍ മരം എട്ടും പത്തും കിലോമീറ്റര്‍ അകലെ നിന്ന് ചുമലില്‍ താങ്ങിക്കൊണ്ട് വരുന്നത് തന്നെ ഒരു ആഘോഷക്കാഴ്ചയാണ്. സന്ധ്യാനേരത്ത് 21 ദീപങ്ങള്‍ പാലമരത്തില്‍ കൊളുത്തി ഗ്രാമീണരൊന്നിച്ച് ബലി മഹാരാജാവിന് അരിയെറിഞ്ഞ് ആര്‍ത്തുവിളിച്ച് ആ‍ദരിച്ച് സ്വീകരിക്കുന്നു. 

ശാസ്താക്ഷേത്രങ്ങളിലെ പൊലിയന്ത്രം വിളി നടന്ന് കഴിഞ്ഞാല്‍ മാത്രമേ ഗ്രാമത്തിലെ വീടുകളില്‍ പൊലിയന്ത്രം വിളി നടക്കുകയുള്ളൂ. പല ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും ഇപ്പോഴും 'ബലീന്ദ്ര പൂജ' (മഹാബലി പൂജ) നടന്നുവരുന്നു. ഇവിടെ വൈഷ്ണവ പൂജാവിധികളാണ് ആചരിക്കുന്നത്. മണ്ണ് കൊണ്ട് ഒരു പീഠം നിര്‍മ്മിച്ച ശേഷം അതിന്‍‌മേല്‍ പാല നാട്ടി അതിന്‍റെ കവരങ്ങളില്‍ വിളക്ക് കൊളുത്തിയ ശേഷം നിവേദ്യം വച്ച് പൂജാ ചെയ്യുന്നു. പിന്നീട് പൊലിയന്ത്രം വിളികള്‍ ഉയരുന്നു. തുളുനാട്ടിലേതിനെക്കാള്‍ കൂടുതല്‍ ശക്തമാണ് കാസര്‍കോടിന് വടക്കുള്ള കന്നട ദേശത്തെ പൊലിയന്ത്രം ചടങ്ങുകള്‍. അവിടെ പൊലിയന്ത്രം ചടങ്ങിനോടൊപ്പം ബലീന്ദ്ര സന്ധ്യ എന്ന നാടന്‍ പാട്ടും പാടുന്നു.  ‘ബലി മഹാരാജാവേ ഈ നാട് അങ്ങയുടേതാണ്, ഏഴ് കടലും കടന്ന് അങ്ങ് വന്നാലും... ഞങ്ങളുടെ സല്‍ക്കാരും സ്വീകരിച്ചാ‍ലും...’ എന്നെല്ലാം സ്‍തുതിച്ച് പാടിക്കൊണ്ടാണ് കന്നടികര്‍ തുലാം മാസത്തില്‍ തങ്ങളുടെ മഹാബലി രാജാവിനെ സ്വീകരിക്കുന്നത്. 

പ്രാചീനകാലത്ത് ദീപാവലി ദിവസം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ബലിപൂജ നടന്നതിന് തെളിവുകളുണ്ട്. വരാഹമിഹിരന്‍റെ 'ബൃഹത് സംഹിത'യില്‍ ദൈവങ്ങളുടെ പ്രതിമാ നിര്‍മ്മാണത്തെക്കുറിച്ച് വിവരിക്കുന്ന ഘട്ടത്തില്‍ വളരെ പ്രാധാന്യത്തോടെയാണ് 'ബലി പ്രതിമ'യെ കുറിച്ച് പറയുന്നത്. ബലിപൂജയായി കൊണ്ടാടിയ ദീപാവലി ഉത്സവം പിന്നീട് നടന്ന സാംസ്കാരിക അധിനിവേശത്തില്‍ മറ്റൊന്നായി മാറിയതാവാനാണ് വഴി. ഇന്ന് ഇന്ത്യയില്‍ നിന്നും ബലിപൂജ ഏറെക്കൂറെ തുടച്ചുനീക്കപ്പെട്ടുവെങ്കിലും തുളുനാട്ടില്‍ ഇന്നും ബലിയാരാധന പഴയ പോലെ തുടരുന്നു.  തമിഴ്നാട്ടിലും സമാനമായൊരു ചടങ്ങുണ്ട്. അവിടെ പാലമരത്തിന് പകരം പനയാണ് ഉപയോഗിക്കുന്നത്.  'ചൊക്കപ്പനൈ' എന്നാണ് തമിഴ്നാട്ടില്‍ ആ ചടങ്ങിന് പറയുന്ന പേര്. തുളുനാട്ടില്‍ ശാസ്ത്രക്ഷേത്രത്തിലേക്ക് പനമരം കൊണ്ട് വരുമ്പോള്‍ തമിഴ്നാട്ടില്‍ ക്ഷേത്രത്തിലേക്ക് പന മരം ആഘോഷത്തോടെ കൊണ്ട് വരുന്നു. പാലയും പനയും ഹിന്ദു വിശ്വാസപ്രകാരം അദൃശ്യശക്തികളുടെ ആവാസ കേന്ദ്രങ്ങളാണെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios