ഇത് നാണക്കേട്, ഫ്രാന്‍സില്‍ കുട്ടികളെ പീഡിപ്പിച്ച കത്തോലിക്ക പുരോഹിതരെക്കുറിച്ച് മാര്‍പ്പാപ്പ
1950 മുതല്‍ ഇതുവരെ 2,16, 000 കുട്ടികളെ കത്തോലിക്കാ പുരോഹിതര്‍ പീഡിപ്പിച്ചു എന്നാണ് ജീന്‍ മാര്‍ക്ക് സോവ് അധ്യക്ഷനായ സ്വതന്ത്ര അന്വേഷണ സംഘം കണ്ടെത്തിയത്.
ഫ്രാന്‍സില്‍ 70 വര്‍ഷത്തിനുള്ളില്‍ 2,16,000 കുട്ടികളെ കത്തോലിക്ക പുരോഹിതര്‍ (Catholic clergy) ലൈംഗികമായി പീഡിപ്പിച്ചുവെന്ന (Sexual Abuse) അന്വേഷണ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇത് നാണക്കേടിന്റെ നിമിഷമാണെന്ന് അദ്ദേഹം വത്തിക്കാനില്‍ നടന്ന പ്രതിവാര പൊതുപരിപാടിയില്‍ പറഞ്ഞു.
ഫ്രാന്‍സില്‍ കുട്ടികള്‍ക്കെതിരായി പുരോഹിതര്‍ നടത്തിയ ലൈംഗിക പീഡനം കൈകാര്യം ചെയ്യുന്നതില്‍ സഭയ്ക്കുണ്ടായ കഴിവുകേടില്‍ നാണവും ദു:ഖവും തോന്നുന്നതായി മാര്‍പ്പാപ്പ പറഞ്ഞു. ''പീഡന ഇരകള്‍ കടന്നുപോയ പീഡാകരമായ അനുഭവങ്ങളില്‍ എന്റെ ദു:ഖവും വേദനയും നാണക്കേടും അറിയിക്കുന്നു. ഇത്രകാലവും തുടര്‍ന്ന സഭയുടെ കഴിവുകേടിലുള്ള എന്റെ നാണക്കേട്, നമ്മുടെ നാണക്കേട്''-അദ്ദേഹത്തെ ഉദ്ധരിച്ച് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
2018 ല്‍ ഫ്രഞ്ച് കത്തോലിക്കാ സഭ നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 1950 മുതല്‍ ഇതുവരെ 2,16, 000 കുട്ടികളെ കത്തോലിക്കാ പുരോഹിതര്‍ പീഡിപ്പിച്ചു എന്നാണ് ജീന്‍ മാര്‍ക്ക് സോവ് അധ്യക്ഷനായ സ്വതന്ത്ര അന്വേഷണ സംഘം കണ്ടെത്തിയത്. കീഴ്ത്തട്ടിലുള്ളവര്‍ നടത്തിയ പീഡന കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇരകളുടെ എണ്ണം 3,30,000 കടക്കുമെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പൊതുപരിപാടി ആരംഭിക്കുന്നതിന് മുമ്പ്, മാര്‍പ്പാപ്പയും അവിടെയെത്തിയ ഫ്രഞ്ച് ബിഷപ്പുമാരും പീഡന ഇരകള്‍ക്കായി മൗനപ്രാര്‍ത്ഥന നടത്തി. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നില്ല എന്നുറപ്പു വരുത്തണമെന്ന് അദ്ദേഹം ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയാന്‍ മുന്നോട്ടുവന്ന ഇരകളോട് മാര്‍പ്പാപ്പ നന്ദി പറഞ്ഞിരുന്നു. ഇത്തരം പ്രശ്‌നം പരിഹരിക്കുന്നതിന് ഫ്രഞ്ച് സഭ നടത്തുന്ന കടുത്ത നടപടികള്‍ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.
രണ്ടര വര്‍ഷം ഇരകള്‍, അഭിഭാഷകര്‍, പുരോഹിതര്‍, പൊലീസ്, സഭാരേഖകള്‍ എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് സമിതി അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ടായിരാമാണ്ട് വരെ ആക്രമിക്കപ്പെട്ടവരോട് ക്രൂരമായ നിലപാടാണ് സഭ പുലര്‍ത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആകെയുള്ള 115000 പീഡകരില്‍ 32000 ഓളം പേരെക്കുറിച്ചുള്ള തെളിവുകള്‍ 2500 പേജുള്ള റിപ്പോര്‍ട്ടിലുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് ആക്രമണത്തിന് ഇരയായവരില്‍ ഭൂരിപക്ഷവുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.