വിജനമായ കപ്പലില്‍ നാലുവര്‍ഷം നരകജീവിതം; ആരും കൂട്ടിനില്ലാത്ത മുഹമ്മദിന് ഒടുവില്‍ മോചനം
കുടുങ്ങിക്കിടക്കുന്ന കപ്പലില്‍, വെള്ളവും വെളിച്ചവും ഭക്ഷണവും കൂട്ടുമില്ലാതെ ഒറ്റക്ക് കഴിയേണ്ടി വന്ന മുഹമ്മദ് ഐഷ എന്ന സിറിയന്‍ നാവികനാണ്, ഒടുവില്‍ മോചനം.
കൈറോ: ഉപേക്ഷിക്കപ്പെട്ട കപ്പലില്‍ നാല് വര്‍ഷമായി കുടുങ്ങിക്കിടക്കുന്ന നാവികന് ഒടുവില്‍ നരകജീവിതത്തില്‍നിന്നും മോചനം. ഈജിപ്തിലെ സൂയസ് കനാലിനടുത്തുള്ള കനാലില്‍ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന കപ്പലില്‍, വെള്ളവും വെളിച്ചവും ഭക്ഷണവും കൂട്ടുമില്ലാതെ ഒറ്റക്ക് കഴിയേണ്ടി വന്ന മുഹമ്മദ് ഐഷ എന്ന സിറിയന്‍ നാവികനാണ്, ഒടുവില്‍ മോചനം. മണിക്കൂറുകള്‍ക്കു മുമ്പേ തലസ്ഥാനമായ കൈറോയിലെ വിമാനത്താവളത്തില്‍നിന്നും സിറിയയിലേക്കുള്ള വിമാനത്തില്‍ മുഹമ്മദ് പുറപ്പെട്ടു. മുഹമ്മദിന്റെ നാലുവര്‍ഷത്തെ നരകജീവിതത്തെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ എഴുതിയ ബിബിസിക്ക് അയച്ച ശബ്ദസന്ദേശത്തില്‍ മുഹമ്മദ് ഇങ്ങനെ പറയുന്നു: ''ആ നരകജീവിതത്തില്‍നിന്നും ഇതാ ഞാന്‍ രക്ഷപ്പെട്ടു. ആശ്വാസം, ആനന്ദം. ''
തികച്ചും സാങ്കേതികമായ കാരണങ്ങളാലാണ് മുഹമ്മദ് ഇവിടെ കുടുങ്ങിയത്. ബഹറിന്‍ കേന്ദ്രമായ ടൈലോസ് ഷിപ്പിംഗ് ആന്റ് മറീന്‍ സര്‍വീസസസ് ഉടമസ്ഥതയിലുള്ള എം വി അമാന്‍ എന്ന ചരക്കുകപ്പലില്‍ ചീഫ് ഓഫീസറാണ് മുഹമ്മദ്. 2017 ജുലൈയില്‍ ഈജിപ്തിലെ അദബിയ തുറമുഖത്തില്‍ എത്തിയ കപ്പല്‍ ആവശ്യമായ രേഖകളില്ലാത്തതിനാല്‍, തടഞ്ഞുവെക്കപ്പെട്ടു. പിഴ അടച്ച് എളുപ്പത്തില്‍ പരിഹരിക്കാവുന്ന വിഷയം. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയും കരാറുകാരും അതിനു തുനിഞ്ഞില്ല. അതോടെ ജീവനക്കാര്‍ കുടുങ്ങി. കേസ് കോടതിയിലെത്തി. കപ്പലിന്റെ ക്യാപ്റ്റന്‍ കരയിലായതിനാല്‍, മുഹമ്മദ് ഐഷയെ ഈജിപ്ത് കോടതി കപ്പലിന്റെ നിയമപരമായ രക്ഷാധികാരിയായി പ്രഖ്യാപിച്ചു. എന്നാല്‍, ഈജിപ്ഷ്യന്‍ ഭാഷ അറിയാത്ത തന്നെക്കൊണ്ട് എന്താണ് കാര്യമെന്ന് പറയാതെ ഏതൊക്കെയോ കടലാസില്‍ ഒപ്പിടുവിക്കുകയായിരുന്നു എന്നും രക്ഷാധികാരിയാക്കിയത് തന്റെ അനുമതിയോടെ അല്ലെന്നും മുഹമ്മദ് പറഞ്ഞിട്ടും അധികൃതര്‍ കേട്ടില്ല. അതോടെ അയാള്‍ക്ക് എവിടെയും പോവാന്‍ പറ്റാതായി. മറ്റു ജീവനക്കാര്‍ സ്ഥലം വിട്ടതോടെ നാലു വര്‍ഷമായി ഇയാള്‍ കപ്പലിനുള്ളില്‍ തനിച്ചായി.
.................................
Read more:
.................................
സിറിയയിലെ താര്‍തസ്തുറമുഖ നഗരത്തില്‍ പിറന്ന മുഹമ്മദ് 2017 മെയ് മാസമാണ് എം വി അമാന്‍ എന്ന കപ്പലില്‍ ജോലിക്കു ചേര്‍ന്നത്. അത് കഴിഞ്ഞ് രണ്ടു മാസങ്ങള്‍ക്കകമാണ് കപ്പല്‍ ഈജിപ്തില്‍ കുടുങ്ങിയത്. അന്നു മുതലിങ്ങോട്ട് മുഹമ്മദ് കപ്പലിലാണ്. അവിടെ കഴിഞ്ഞ ഓരോ ദിവസവും കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. രാത്രിയില്‍ കപ്പല്‍ ഒരു ശ്മശാന ഭൂമി പോലെയാകും. ഇരുട്ട്, മനുഷ്യരാരുമില്ലാത്ത ശൂന്യത, കടലില്‍നിന്നുള്ള ശബ്ദങ്ങള്‍. എന്നിട്ടും അയാള്‍ അവിടെ താമസിക്കുക തന്നെ ചെയ്തു. ഭക്ഷണമോ വെള്ളേേമാ എത്തിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും കമ്പനിയോ കരാറുകാരോ അധികൃതരോ ഒന്നും ചെയ്തില്ല.
പൂര്‍ണമായും ഒറ്റപ്പെട്ടു കഴിയുന്ന അദ്ദേഹത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം അനുദിനം വഷളാവുകയായിരുന്നു. അതിനിടെയാണ്, കപ്പലിനരികെ ചെറിയൊരു ഭൂചലനം ഉണ്ടായത്. കപ്പല്‍ തുറമുഖത്തില്‍നിന്നും കുറേ കൂടി നീങ്ങി കരയില്‍നിന്നും കടലിലേക്ക് എത്തി. ഇതോടെ, ഭക്ഷണം, വെള്ളം തുടങ്ങിയ അടിസ്ഥാനകാര്യങ്ങള്‍ക്കായി മുഹമ്മദ് കരയിലേക്ക് നീന്തിച്ചെല്ലാന്‍ തുടങ്ങി. ജീവന്‍ പണയപ്പെടുത്തിയാണ് ഓരോ പ്രാവശ്യവും അദ്ദേഹം കരയിലേക്ക് നീന്തിയത്. പലപ്പോഴും അപകടങ്ങളുണ്ടായി. തണുപ്പും മോശം ആരോഗ്യവും കാരണം നീന്തലും ബുദ്ധിമുട്ടായി.
ഈജിപ്ഷ്യന്‍ തുറമുഖ അധികാരികള്‍ക്ക് മാത്രമേ അദ്ദേഹത്തെ മോചിപ്പിക്കാന്‍ കഴിയൂ. സിറിയയിലേക്ക് മുഹമ്മദിനെ അയക്കാന്‍ അവര്‍ക്ക് നിരവധി പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍, ഇതുവരെ ഒന്നും ചെയ്തിട്ടില്ല. മുഹമ്മദിന്റെ വിഷയത്തില്‍ ഇടപെട്ട ഇന്റര്‍നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എന്ന തൊഴിലാളി സംഘടനയുടെ നിരന്തര ഇ മെയിലുകള്‍ക്ക് ഉത്തരം നല്‍കാന്‍ പോലുമവര്‍ തയ്യാറായില്ല. തുടര്‍ന്ന് സംഘടന നടത്തിയ നിരന്തര ശ്രമങ്ങളാണ് ഇപ്പോള്‍ മുഹമ്മദിന്റെ മോചനത്തില്‍ എത്തിച്ചത്.
കപ്പലിന്റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്താല്‍ മാത്രമേ മുഹമ്മദിനെ വിടാന്‍ പറ്റൂ എന്ന നിലപാടാണ് ഈജിപ്ഷ്യന്‍ കോടതി എടുത്തത്. തുടര്‍ന്ന് ഐ ടി എഫിന്റെ ഈജിപ്തിലുള്ള ഒരു പ്രവര്‍ത്തകന്‍ രേഖാമൂലം കപ്പലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇതിന്റെ രേഖകള്‍ കിട്ടിയ ശേഷമാണ് മുഹമ്മദിനെ മോചിപ്പിക്കാന്‍ ധാരണയായത്. സംഘടനാ നേതാവ് മുഹമ്മദ് അരാചെദിയുടെ നിരന്തര ശ്രമങ്ങളാണ് ഇതിലേക്ക് നയിച്ചത്. കപ്പല്‍ കമ്പനി പ്രതിസന്ധിയിലാണെങ്കിലും പിഴത്തുക അടച്ച് പ്രശ്‌നം പരിഹരിക്കാനാവുമെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു.
നിലവില്‍ ഇത്തരം 250 സജീവ കേസുകളുണ്ടെന്ന് ഐ ടി എഫ് പറയുന്നു. കപ്പലിന് ബാധ്യത വരുമ്പോള്‍ അത് നാവികരുടെ തലയിലിട്ട് കൈകഴുകുന്ന ഉടമസ്ഥരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഐ ടി എഫ് പറയുന്നത്.